വര്‍ഷം ഏതാണ്ടവസാനിക്കാറായിരിക്കുന്ന സമയത്ത്, ഒരു ശൈത്യകാല പ്രഭാതത്തിലായിരുന്നു ആ സന്ദേശം എത്തിയത്. കോവിഡ് 19-നും അതിന്റെ പ്രശ്‌നപരിഹാരങ്ങള്‍ക്കും ശേഷം 2020-ന് കൂടുതല്‍ അത്ഭുതങ്ങളൊന്നും താങ്ങാനാകില്ല എന്നായിരുന്നു ഞാന്‍ കരുതിയത്. അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു ഏകാന്തവാസത്തില്‍, ഈ പുസ്തകത്തിന്റെ അവസാന അധ്യായങ്ങളുടെ പണിയിലായിരുന്നു ഞാന്‍. അപ്പോഴാണ് ഫോണില്‍ മെസേജെത്തുന്നത്. 'പത്തു വര്‍ഷം മുമ്പ് ഞാനിതു പറഞ്ഞപ്പോള്‍ ആരും കാര്യമാക്കിയില്ല.'
അതിനോടൊപ്പം ഒരു പത്രവാര്‍ത്ത അറ്റാച്ച് ചെയ്തിരുന്നു. ഇല്ലാത്ത ബിസിനസിന്റെ പേരില്‍ ഭീമമായ വായ്പകള്‍ സംഘടിപ്പിച്ച് നാട് വിട്ട മറ്റൊരു വ്യവസായകുടുംബത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. എനിക്ക് സന്ദേശം അയച്ചയാള്‍ പ്രഗല്ഭനായ ഒരു പെട്രോകെമിക്കല്‍ വ്യാപാരിയായിരുന്നു. ഏതാണ്ടൊരു പതിറ്റാണ്ടുമുമ്പ് പ്രശസ്തമായൊരു വ്യവസായകുടുംബം തന്നെ ഉപദ്രവിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ടുള്ള ഫോണ്‍കോളിലൂടെയാണ് അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടാനിടയായത്. സത്യം പറഞ്ഞാല്‍, അദ്ദേഹത്തെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ എനിക്ക് കുറച്ചുകാലം വേണ്ടിവന്നു. പലവട്ടം ഞാന്‍ അദ്ദേഹത്തിന്റെ അനുഭവകഥകള്‍ കേട്ടു. നൂറുകണക്കിന് രേഖകള്‍ വായിച്ചു. ഇതേതരത്തിലുള്ള ഉപദ്രവം ഏറ്റുവാങ്ങേണ്ടിവന്ന മറ്റുള്ളവരെ കണ്ടു സംസാരിച്ചു. ആദ്യം ഞാന്‍ കരുതിയിരുന്നത്, അദ്ദേഹത്തിന്റെ മതിഭ്രമമാണിതെല്ലാം എന്നായിരുന്നു.
ഒരു വ്യവസായകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള, ഡല്‍ഹി ആസ്ഥാനമായുള്ള, ഒരു കമ്പനിയുടെ പെട്രോകെമിക്കല്‍ ട്രേഡിങ് ബിസിനസ് വികസിപ്പിക്കുക എന്ന പുതിയ ജോലിക്കെത്തിയപ്പോഴാണ് ചില ഇരുണ്ടരഹസ്യങ്ങളിലേക്ക് അദ്ദേഹത്തിന്റെ കണ്‍തുറന്നത്. വികസിപ്പിക്കാനായി യാതൊരു പെട്രോകെമിക്കല്‍ ബിസിനസും ആ കമ്പനിക്കുണ്ടായിരുന്നില്ല. കമ്പനിയുടെ യാഥാര്‍ത്ഥ കച്ചവടം കള്ളപ്പണം വെളുപ്പിക്കലും വജ്രത്തിന്റെ ചാക്രികവ്യാപാരവും (സര്‍ക്കുലര്‍ ട്രേഡ്ഉള്ളതില്‍ കൂടുതല്‍ വ്യാപാരമുണ്ടെന്ന് ധ്വനിപ്പിക്കുന്ന രേഖകള്‍ സൃഷ്ടിച്ച് വിപണിമൂല്യം വര്‍ദ്ധിപ്പിക്കുന്ന തട്ടിപ്പ്: വിവര്‍ത്തകന്‍) മറ്റ് നിയമവിരുദ്ധ ഏര്‍പ്പാടുകളുമാണ്. നിയമവിരുദ്ധകാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ബാധ്യതപ്പെട്ട മറ്റേതൊരു പൗരനെപ്പോലെയും അദ്ദേഹം അന്വേഷണ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പരാതിയായി എഴുതി നല്‍കി. ഈ പരാതികളെല്ലാം കൃത്യമായും അദ്ദേഹത്തിന്റെതന്നെ കമ്പനിയുടെ ഉന്നതാധികാരികള്‍ക്കു മുന്നില്‍ എത്തിച്ചേരുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. അതോടെ ഉപദ്രവമാരംഭിച്ചു.
