നാരായണഗുരുവിന്റെ സച്ഛിഷ്യനായിരുന്ന നടരാജഗുരുവിനെ മലയാളികൾ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലം മിക്കവാറും കേരളത്തിനു പുറത്തായിരുന്നതുകൊണ്ടും രചനകളെല്ലാംതന്നെ ഇംഗ്ലിഷിലായിരുന്നതുകൊണ്ടും നാരായണഗുരുകൾട്ടിന് അനുസൃതമായ ആഘോഷപരിപാടികൾക്കും ആചാരങ്ങൾക്കും അദ്ദേഹം നിന്നുകൊടുക്കാതിരുന്നതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചത്. പാശ്ചാത്യവിദ്യാഭ്യാസത്തിലൂടെ തനിക്ക് കരഗതമായ പാശ്ചാത്യവും ആധുനികവുമായ ശാസ്ത്രത്തിന് നിരക്കുന്ന ശൈലിയിൽ നാരായണഗുരുവിന്റെ അന്തർദർശനത്തെ പഠിച്ച് ലോകത്തെങ്ങുമുള്ളവരെ ഉദ്ദേശിച്ച് ഇംഗ്ലിഷിൽ എഴുതിയവയാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. സാധാരണക്കാരായ വായനക്കാരെ മുന്നിൽ കണ്ടുകൊണ്ട് എഴുതിയവയല്ല അവ എന്ന് പൊതുവെ പറയാം. ഗുരുകുലവിദ്യാർത്ഥികളെ മനസ്സിൽ കണ്ടുകൊണ്ട് വ്യക്തമായൊരു പാഠ്യപദ്ധതി അനുസരിച്ച് രചിച്ചവയാണവ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചിന്താശൈലിയും പ്രതിപാദനരീതിയുമായി പരിചയമില്ലാത്തവർക്ക് അവ വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു എന്നുവരില്ല. ഇവയെല്ലാംതന്നെ നാരായണഗുരുകുലത്തിലെ ശിഷ്യപരമ്പരയിലെ മംഗളാനന്ദസ്വാമി, ഗുരു നിത്യചൈതന്യയതി, ഗുരു മുനി നാരായണപ്രസാദ് എന്നിവർ മലയാളത്തിലേക്കു വിവർത്തനം ചെയ്ത് ആദ്യം നാരായണഗുരുകുലത്തിന്റെ മുഖപത്രമായ ഗുരുകുലം മാസികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയും പിന്നീട് ഗുരുകുല പ്രസിദ്ധീകരണശാലവഴി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും യാതൊരുവിധ കച്ചവടതാത്പര്യങ്ങളുമില്ലാതെ നടത്തിയ വിതരണശ്രമങ്ങൾ നിമിത്തം അവയ്ക്ക് വ്യാപകമായ പ്രചാരണം ലഭിക്കാതെ പോവുകയാണുണ്ടായത്.
സാധാരണക്കാരായ മലയാളിവായനക്കാർക്ക് നടരാജഗുരുവിനെക്കുറിച്ച് സാമാന്യമായൊരു ധാരണ കിട്ടുന്നതിന് ഉപകരിക്കുന്ന തരത്തിലൊരു സമാഹാരഗ്രന്ഥം (Anthology) തയ്യാറാക്കുന്നതിന് എനിക്കു കഴിഞ്ഞിട്ടുണ്ട് എന്ന് ചാരിതാർത്ഥ്യത്തോടെ സ്മരിക്കുന്നു. നടരാജഗുരു: ഗുരുത്വത്തെ പുനഃപ്രതിഷ്ഠിച്ച ബ്രഹ്മജ്ഞാനി എന്ന പേരിൽ 2022 ഡിസംബറിൽ 432 പേജുള്ള ആ പുസ്തകത്തിന് വായനക്കാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാരായണഗുരുകുലത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി 2023-ൽ ഗുരുകുലത്തിലെ പൂർവസൂരികളായ സംന്യാസിമാരുടെ ജീവചരിത്രങ്ങൾ എഴുതുന്നതിന് ഓരോരുത്തരെ ചുമതലപ്പെടുത്തിയിരുന്നു. നടരാജഗുരുവിന്റെ ആദ്യത്തെ ശിഷ്യനും അദ്ദേഹം സ്ഥാപിച്ച ഗുരുകുലപരമ്പരയിലെ തൊട്ടടുത്ത പിൻഗാമിയുമായിരുന്ന സ്വാമി ജോൺ സ്പിയേഴ്സിന്റെ ജീവചരിത്രം എഴുതുന്നതിനുള്ള നിയോഗം എനിക്ക് കൈവരികയും ഒരുവിധത്തിൽ ആ യത്നം നിറവേറ്റുകയും ചെയ്തു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സംന്യാസത്തെ സ്വയം നിർവചിച്ച സ്വാമി ജോൺ സ്പിയേഴ്സ് എന്ന ആ ജീവചരിത്രഗ്രന്ഥം 2023 ആഗസ്റ്റ് 20-ന് വർക്കലയിൽ നടന്ന നാരായണഗുരുകുല ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനസമ്മേളനത്തിൽവച്ച് ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബഹുമാനപ്പെട്ട മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നല്കി പ്രകാശിപ്പിച്ചു. ഈ ഗ്രന്ഥരചനയ്ക്കുവേണ്ടി നടത്തിയ ഗവേഷണങ്ങളും അതിന് ലഭിച്ച ഈ പ്രകാശനസൗഭാഗ്യവും വായനക്കാരിൽനിന്നും റിവ്യൂവർമാരിൽനിന്നും ലഭിച്ച നല്ല അഭിപ്രായങ്ങളും എനിക്ക് വളരെയധികം ഉത്തേജനവും ആത്മവിശ്വാസവും നൽകി. അതിന്റെ ഫലമായി, കുറേക്കാലമായി മനസ്സിലുണ്ടായിരുന്ന നടരാജഗുരുവിന്റെയും ഗുരു നിത്യചൈതന്യയതിയുടെയും ജീവചരിത്രങ്ങൾ എഴുതിയാലോ എന്ന ചിന്തയ്ക്ക് പുതുനാമ്പുകൾ മുളച്ചു. അതിന്റെ പരിണതഫലമാണ് ഈ പുസ്തകം. ഗുരു നിത്യചൈതന്യയതിയുടെ ജീവചരിത്രം നിത്യതയുടെ ചൈതന്യം ഡി സി ബുക്സ് 2024 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചു.
സാധാരണക്കാരായ മലയാളിവായനക്കാർക്ക് നടരാജഗുരുവിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യം മാത്രമാണ് ഈ പരിശ്രമത്തിനു പിന്നിൽ. നടരാജഗുരുവിന്റെ ആത്മകഥ Autobiography of an Absolutist-ഉം നടരാജഗുരുവിന്റെ ആത്മകഥ എന്ന പേരിൽ മംഗളാനന്ദസ്വാമിയും ഗുരു മുനി നാരായണപ്രസാദും അതിന് നിർവ്വഹിച്ച മലയാള പരിഭാഷയുമാണ് ഇതിന്റെ രചനയ്ക്ക് മുഖ്യമായും ആശ്രയിച്ചിട്ടുള്ളത്. നടരാജഗുരുവിന്റെ The "Word of the Guru-ഉം ഗുരുവരുൾ എന്ന പേരിൽ ഗുരു നിത്യചൈതന്യയതിയും ഗുരു മുനി നാരായണപ്രസാദും നിർവ്വഹിച്ച അതിന്റെ മലയാള പരിഭാഷ, സ്വാമി ജോൺ സ്പിയേഴ്സിന്റെ ആത്മകഥ The World of Memory, ഗുരു നിത്യചൈതന്യയതിയുടെ ആത്മകഥ (ഇംഗ്ലിഷിൽ Love and Blessings, മലയാളത്തിൽ യതിചരിതം), ഗുരു മുനി നാരായണപ്രസാദിന്റെ ആത്മകഥ ആത്മായനം എന്നിവയും സഹായകമായി. ഗുരുകുലത്തിലെ സംന്യാസിമാരായിരുന്ന മംഗളാനന്ദസ്വാമി, സ്വാമി ചിദംബരതീർത്ഥ, ഗുരുകുലബന്ധുക്കളായിരുന്ന പൂത്തട്ട് നാരായണൻ, ഒ.കെ. ഷൺമുഖം, കെ.കെ. മനോഹരൻ, എൻ.സി. കുമാരൻ എന്നിവരുടെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച സ്മരണകളും നാരായണഗുരുകുലത്തിന്റെ മുഖപത്രമായ വാല്യൂസ്, ഗുരുകുലം മാസികകളുടെയും ശ്രീനാരായണധർമ്മസംഘത്തിന്റെ മുഖപത്രമായ ധർമ്മം വാരിക, ശിവഗിരി മാസികകളുടെ പഴയ ലക്കങ്ങളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗുരു മുനി നാരായണപ്രസാദ്, പൂത്തട്ട് നാരായണൻ, വിനയചൈതന്യ, സ്വാമിനി ബ്രിജറ്റ്, കെ.കെ. മനോഹരൻ, ജെ. മുരളി മോഹൻലാൽ, ഡോ. പി.വി. ഉണ്ണികൃഷ്ണൻ എന്നിവരുമായി പല അവസരങ്ങളിൽ നടത്തിയ സംഭാഷണങ്ങളും വളരെയധികം സഹായിച്ചിട്ടുണ്ട്.
ഇങ്ങനെ ശേഖരിക്കാൻ കഴിഞ്ഞ വിവരങ്ങൾ കഴിയുന്നത്ര അടുക്കിപ്പെറുക്കി ലളിതമായ ശൈലിയിൽ ഒരു ജീവചരിത്രമായി അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് അടുത്ത പേജുകളിൽ നടത്തിയിരിക്കുന്നത്. നടരാജഗുരുവിന്റെ ജീവിതത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങളും കൃതികളെക്കുറിച്ചുള്ള സാമാന്യ വിവരങ്ങളും കൂട്ടത്തിൽ ശതാബ്ദിയിലെത്തി നില്ക്കുന്ന നാരായണ ഗുരുകുലത്തിന്റെ ചരിത്രവും ഹ്രസ്വമായി അവതരിപ്പിക്കുക എന്നല്ലാതെ അവ വിലയിരുത്തിയും വിശകലനം നടത്തിയും അഭിപ്രായം പറയുന്നതിനുള്ള പഠിപ്പോ പാണ്ഡിത്യമോ തീരെ ഇല്ലാത്തതിനാൽ അതിന് മുതിരുകയില്ല എന്നൊരു തീരുമാനവും എടുത്തുകൊണ്ടാണ് ഈ ശ്രമവുമായി മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ അനിവാര്യമായ ഇടങ്ങളിൽ ആശയവിപുലീകരണത്തിനായി മൂന്നു പേരുടെ ലേഖനങ്ങൾ–കടപ്പാട് വ്യക്തമാക്കിക്കൊണ്ട്–അനുബന്ധമായി കൊടുത്തിട്ടുണ്ട്.
മംഗളാനന്ദസ്വാമി, ഗുരു നിത്യചൈതന്യയതി, ഗുരു മുനി നാരായണപ്രസാദ് എന്നിവർ നടരാജഗുരുവിന്റെ കൃതികൾക്കു നടത്തിയ മലയാള പരിഭാഷകളിൽനിന്ന് എടുത്ത് ചേർത്തിട്ടുള്ള ഭാഗങ്ങൾ പ്രത്യേകം രേഖപ്പെടുത്തുന്നില്ല. അല്ലാതെയുള്ള ഉദ്ധരണികളുടെ സ്രോതസ്സ് രേഖപ്പെടുത്തുകയും അല്ലാത്തവയുടെ പരിഭാഷയുടെ ഉത്തരവാദിത്വം സ്വയം ഏൽക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിൽ തെറ്റുകുറ്റങ്ങളും പോരായ്മകളും കാണുമെന്ന് നന്നായറിയാം. അവ ചൂണ്ടിക്കാണിക്കാൻ വായനക്കാർ സന്മനസ്സ് കാണിച്ചാൽ അടുത്തൊരു പതിപ്പ് ഇറങ്ങുകയാണെങ്കിൽ അതിൽ തിരുത്തലുകൾ വരുത്തുന്നതിന് ഉപകാരപ്പെടും.
നടരാജഗുരു, സ്വാമി ജോൺ സ്പിയേഴ്സ്, സ്വാമി മംഗളാനന്ദ, ഗുരു നിത്യചൈതന്യയതി, ഗുരു മുനി നാരായണപ്രസാദ് എന്ന ക്രമത്തിലാണ് നാരായണ ഗുരുകുലത്തിലെ ഗുരുപരമ്പര നടരാജഗുരു വ്യവസ്ഥ ചെയ്തിരുന്നത്. ഇവരിൽ സ്വാമി ജോൺ സ്പിയേഴ്സിന്റെ ജീവചരിത്രം എഴുതിയതിനുശേഷം എഴുതിയതാണ് നടരാജഗുരുവിന്റെയും ഗുരു നിത്യയുടെയും ജീവചരിത്രങ്ങൾ. അതുകൊണ്ട് ഈ പുസ്തകങ്ങളോരോന്നും ഓരോ സ്വതന്ത്രകൃതികളായിരിക്കുന്നതോടൊപ്പം ഇവ മൂന്നുംകൂടി ഒരു ഗ്രന്ഥത്രയമായും (Trilogy) കണക്കാക്കാവുന്നതാണ്. അതിനാൽ പൊതുവായ ചരിത്രസംഭവങ്ങളുടെ ആവർത്തനം ഈ മൂന്നു പുസ്തകങ്ങളിലും സ്വാഭാവികമായും വന്നുപോയിട്ടുണ്ട്.
പി ആര് ശ്രീകുമാര്
