മാനകവും പ്രബലവുമായ ഭാവുകത്വത്തിന് രുചിക്കാത്ത വിഭിന്നമായ സാമൂഹിക/രാഷ്ട്രീയ/സാംസ്കാരിക/ലൈംഗിക ജീവിതങ്ങളെ വേറിട്ടരീതിയിൽ എഴുത്തിൽ അവതരിപ്പിച്ചു എന്നതാണ് രണ്ടായിരത്തിനുശേഷമുള്ള മലയാളകഥയുടെ ഒരു പ്രധാന പ്രത്യേകതയെന്ന് തോന്നുന്നു. മുൻതലമുറകളിൽപ്പെട്ട കഥാകൃത്തുക്കളെ പലനിലകളിൽ പിൻപറ്റുമ്പോഴും വേറിട്ട രാഷ്ട്രീയ പരിസരങ്ങളോടും സാംസ്കാരിക അനുഭവങ്ങളോടും നീതിപുലർത്തിക്കൊണ്ട് പുതിയ കഥാകൃത്തുക്കൾ ആവിഷ്കരിച്ച വേറിട്ട എഴുത്തുരീതി സാഹിത്യത്തിൽ നാളിതുവരെ അർഹമായ വിധത്തിൽ പരിഗണിക്കപ്പെടാതിരുന്ന ഒട്ടേറെ പ്രതിനിധാനങ്ങളെയാണ് സന്നിഹിതമാക്കിയത്. കഥയെഴുത്തിന്റെ ചരിത്രവും വർത്തമാനവും ഭാവുകത്വപരിണാമങ്ങളും ഗൗരവമായി കരുതി എഴുത്തിൽ ഇടപെടുന്ന സമകാലികരായ മിക്കവാറും എല്ലാ കഥാകൃത്തുക്കളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ നിരീക്ഷണത്തിന്റെ പരിധിയിൽ വരുമെന്ന് തോന്നുന്നു. എന്നിരുന്നാലും എസ്. ഹരീഷ്, വിനോയ് തോമസ്, പ്രമോദ് രാമൻ, പി.എസ്. റഫീഖ്, ഫ്രാൻസിസ് നൊറോണ, വി.എം. ദേവദാസ്, യമ, ലാസർ ഷൈൻ, പി.വി. ഷാജികുമാർ, അബിൻ ജോസഫ്, വി. ഷിനിലാൽ, മനോജ് വെങ്ങോല, അമൽ, കെ.എൻ. പ്രശാന്ത്, ഷനോജ് ആർ. ചന്ദ്രൻ തുടങ്ങിയ കഥാകൃത്തുക്കൾ പലനിലകളിൽ ഇവർക്കിടയിൽ സവിശേഷതകളോടെ വേറിട്ടുനിൽക്കുന്നു. എന്റെ വായനയും ഭാവുകത്വവും ബോധ്യങ്ങളും പരിമിതപ്പെടുത്തിയ ലോകത്തുനിന്നാണ് വിഷയാധിഷ്ഠിതമായി ഞാനിങ്ങനെ കുറച്ച് കഥാകൃത്തുക്കളുടെ പേരുകൾ എടുത്തെഴുതുന്നത്. ഇവർക്കിടയിൽതന്നെ, അടരുകൾ നിരവധിയുള്ള സവിശേഷമായ സാമൂഹിക–രാഷ്ട്രീയ ജീവിതങ്ങളുടെ സങ്കീർണ്ണതകളും ആകാംക്ഷകളും സൂക്ഷ്മതയോടെ എഴുത്തിൽ അടയാളപ്പെടുത്തുന്ന കഥാകൃത്താണ് പി.എസ്. റഫീഖ്.
ഹൃദയത്തോട് ചേർത്തുപിടിച്ചല്ലാതെ റഫീഖിന്റെ ഒരു കഥയും വായിച്ചുതീർക്കാനാവുമെന്ന് തോന്നുന്നില്ല. അത്രമേൽ സാധാരണജീവിതം നേരിടുന്ന ആഗോള/ദേശീയ/പ്രാദേശീയ സന്ദർഭങ്ങളെയും ജാതി/മത/വംശീയ പ്രശ്നങ്ങളെയും റഫീഖിന്റെ കഥകൾ സൂക്ഷ്മമായി അഭിമുഖീകരിക്കുകയും സർഗാത്മകമായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ വിഹ്വലതകളോടും കഷ്ടതകളോടും എന്നപോലെ അവരുടെ അഭിലാഷങ്ങളോടും കാമനകളോടും നിലപാടുകളോടും അവ തോളുചേരുന്നുണ്ട്. ബാഹ്യലോകത്തെയെന്നപോലെ മനുഷ്യരുടെ ആന്തരികലോകത്തെയും അവ സൂക്ഷ്മമായി പരിഗണിക്കുകയും അഭിമുഖീകരിക്കുകയും വേർതിരിച്ചെടുക്കാനാവാത്തവിധം ഇടകലർത്തി കഥകളിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
അപരവൽക്കരണത്തിന്റെ ഇരകൾ
