വാക (ഇലയിൽനിന്ന് വിത്തിലേക്കുള്ള ചോരയുടെ റൂട്ട്മാപ്പ്)

World of Letters

വാക (ഇലയിൽനിന്ന് വിത്തിലേക്കുള്ള ചോരയുടെ റൂട്ട്മാപ്പ്)


കുങ്കുമപ്പാടങ്ങളുടെ താഴ്‌വരയിലേക്ക്, വളഞ്ഞും നിവര്‍ന്നും കിട​ക്കുന്ന ദുര്‍ഘടവഴികളിലൂടെ നീങ്ങുന്ന ടാക്‌സി കാറിലിരുന്നപ്പോള്‍ ഗൗരി ഒരിക്കലും മഹാഭാരതയുദ്ധത്തെക്കുറിച്ച് ഓർമ്മിച്ചിട്ടുണ്ടാവില്ല. പാതി പൂര്‍ത്തിയായ ഗര്‍ഭവും താങ്ങിയുള്ള യാത്രയില്‍ കുന്തിയെക്കുറിച്ച് ഒരുവട്ടംപോലും ആലോചിച്ചിട്ടുമുണ്ടാവില്ല. പക്ഷേ, ഗൗരിയുടെയും കുന്തിയുടെയും ഡിഎന്‍എകള്‍ തമ്മില്‍ ഒരു ജന്മാന്തരബന്ധത്തിന്റെ പൊക്കിള്‍ക്കൊടിക്കെട്ടുണ്ട്.

ചാക്കുനൂല് വരിഞ്ഞുണ്ടാക്കുന്ന നാടന്‍ബോംബിന്റെ സയാമീസ് ഇരട്ടയാണ്, കുങ്കുമച്ചെടിയുടെ വിത്ത്. അത്രമേല്‍ സാദൃശ്യം; ഒന്ന് മണ്ണിനു പുറത്തും മറ്റേത് ഭൂമിക്കുള്ളിലും പൊട്ടുമെന്ന വ്യത്യാസം മാത്രം. അമൂല്യമായ സുഗന്ധവ്യഞ്ജനത്തിന്റെ പിറവിയിലും വളര്‍ച്ചയിലും വ്യവഹാരത്തിലും അപ്രതീക്ഷിതമായൊരു സ്‌ഫോടന​ത്തിന്റെ സാധ്യത ഒളിഞ്ഞുകിടപ്പുണ്ട്.

കുങ്കുമം നട്ടുവിളയിക്കുന്ന കാശ്മീര്‍താഴ്‌വരയിലെ മനുഷ്യരുടെ ജീവിതവും അപ്രവചനീയമായ ഒരു നാടോടിക്കഥപോലെയാണ്. തീര്‍ത്തും സാധാരണമായൊരു പ്രസവത്തിലൂടെ, ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേശത്തേക്ക് തലയെടുത്തുവയ്ക്കുന്നു. പിച്ച​വെച്ചു തുടങ്ങുമ്പോള്‍ മുതല്‍ വെടിയൊച്ചകളുടെയും പൊട്ടിത്തെറികളുടെയും ഉത്തരവുകളുടെയും ശബ്ദം സുപരിചിതമായിത്തീരുന്നു. ഒറ്റയ്ക്ക് പ്രാഞ്ചാറാകുന്ന കാലത്ത്, അമ്മമാരുടെ നെഞ്ചില്‍ ആയിരം ഡിഗ്രിയില്‍ എരിയുന്ന നെരിപ്പോടുവെച്ച്, അശാന്തമായ തെരുവു​കളിലേക്ക് നടന്നുപോകുന്നു. തിരിച്ചുവരവുണ്ടോ, ഇല്ലയോ എന്ന ഉറപ്പില്ലാത്തപോക്ക്. സൂര്യന്‍ പ്രവേശിച്ചു ജനിച്ച കുഞ്ഞിനെ ഗംഗാ​നദിയിലുപേക്ഷിച്ചു മടങ്ങിയ കുന്തിയുടെ അതേ ആധിയോടെ, താഴ്‌വരയിലെ അമ്മമാര്‍ അടുക്കളയിലേക്ക് തിരിഞ്ഞുനടക്കുന്നു. കാലം അതിന്റെ പരുക്കന്‍പേജുകള്‍ മറിച്ചാലും ആത്മവേദനയുടെ മഷി, ഉണങ്ങാതെ ബാക്കിയാകുന്നു. ഷബ്രോസ് ഭട്ടിന്റെ ഇന്നോവ​യില്‍ ഇന്ത്യയുടെ തലച്ചോര്‍മടക്കുകളിലേക്കു കയറിപ്പോകുമ്പോള്‍ ഗൗരി അനുഭവിച്ചതും അനിശ്ചിതത്വത്തിന്റെ വേദനയാണ്. അത്, ജീവിതമെന്ന യുദ്ധക്കളത്തിലൂടെ, എ.കെ. 47 കൈയിലില്ലാതെ നടത്തുന്ന യാത്രയാണ്.


Related Articles