വാഗ്ദത്തഭൂമി

World of Letters

വാഗ്ദത്തഭൂമി


റക്ടസ് നമ്മെപ്പോലെ നടന്നു, അവരെ കണ്ടാല്‍ നമ്മെപ്പോലെയുണ്ടായിരുന്നു, അവര്‍ നമ്മെപ്പോലെ പെരുമാറി, നമ്മെപ്പോലെ ഭക്ഷണം കഴിച്ചു. ചുരുങ്ങിയത് നമ്മളില്‍ ചിലരെപ്പോലെയെങ്കിലും. പക്ഷേ, അവര്‍ നമ്മളായിരുന്നില്ല. ഇറക്ടസിന്റെ ആവിര്‍ഭാവത്തിനുശേഷം വീണ്ടും 1.8 ദശലക്ഷം വര്‍ഷം കഴിഞ്ഞാണ് നമ്മള്‍ ഹോമോസാപ്പിയന്‍സ് ('അറിവുള്ളവന്‍' അഥവാ 'ജ്ഞാനി' എന്നതിന്റെ ലാറ്റിന്‍ പദം) കിഴക്കന്‍ ആഫ്രിക്കയില്‍ പ്രത്യക്ഷപ്പെട്ടത്. അത് ഏകദേശം 190,000 വര്‍ഷം മുമ്പായിരുന്നു. അതില്‍ ഒരു 20,000 വര്‍ഷം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്‌തേക്കൂ.

1 മുതല്‍ 1.6 ദശലക്ഷം വര്‍ഷം മുമ്പുള്ള കാലഘട്ടത്തില്‍ ഇറക്ടസ് ആഫ്രിക്ക, യൂറേഷ്യ എന്നിവിടങ്ങളിലേക്ക് പടര്‍ന്നു എന്ന് നമ്മള്‍ കണ്ടല്ലോ. ഇതില്‍ ചൈന, ജാവ, ഒരുപക്ഷേ, ഇന്ത്യ എന്നിവിടങ്ങളും ഉള്‍പ്പെടുന്നു. അവര്‍ക്കൊപ്പം ഹോമോ വര്‍ഗ്ഗത്തിലെ മറ്റു ചിലരുമുണ്ടായിരുന്നു. ഭക്ഷണം, സ്ഥലം എന്നീ സ്രോതസ്സുകള്‍ വിഭിന്ന ഹോമോ വിഭാഗങ്ങള്‍ക്ക് പങ്കിടേണ്ടിവന്നപ്പോള്‍ മത്സരവും സംഘട്ടനവും സ്വാഭാവികമാണ്. അവരോടൊപ്പമുണ്ടായിരുന്ന ഹോമിനിഡുകള്‍ക്കുമേല്‍ സാപ്പിയനുകള്‍ എങ്ങനെ മേല്‍ക്കോയ്മ നേടി എന്നതിനെക്കുറിച്ച് നമുക്ക് അറിയില്ല. (ഹോമിനിഡുകള്‍ എന്നത് ഹോമോ വര്‍ഗ്ഗങ്ങള്‍ എല്ലാവരെയും ഒന്നിച്ചുവിളിക്കുന്നതിനുള്ള പദമാണ്.) സാപ്പിയനുകള്‍ അവരുടെ പൂര്‍വ്വികരില്‍നിന്നും പല അനുരൂപീകരണങ്ങളും സ്വായത്തമാക്കി എന്ന് പ്രാചീന പ്രാണിശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. (പൂര്‍വ്വികരില്‍നിന്നും അവരുടെ കാലത്തുണ്ടായിരുന്നവരില്‍നിന്നും.) അങ്ങനെ അവര്‍ സ്വയം മെച്ചപ്പെടുത്തി. ഇതില്‍ കൂടുതല്‍ മെച്ചപ്പെട്ട ഉപകരണങ്ങള്‍ നിര്‍മ്മിക്കുക, അഗ്നി കൃത്യതയോടെ ഉപയോഗിക്കുക എന്നിവ ഉള്‍പ്പെടുന്നു. ഇത് അവരുടെ അതിജീവനത്തിനു സഹായകരമായി. സാപ്പിയന്‍സിന്റെ ഭക്ഷണചിട്ടകള്‍ ഇറക്ടസിനെ അപേക്ഷിച്ച് കൂടുതല്‍ സാര്‍വ്വദേശീയമായിരുന്നു എന്നതും അവര്‍ക്ക് സഹായകരമായി.

അവരിലെ കുടുംബബന്ധങ്ങള്‍ കൂടുതല്‍ കരുത്തുറ്റതായി. അത് പരസ്പര സഹകരണം വര്‍ദ്ധിപ്പിച്ചു. അതുമൂലം സമൂഹത്തിന്റെ ദൃഢതയും ഐക്യവും വര്‍ദ്ധിച്ചു. അതിലെല്ലാം പ്രാധാന്യമുള്ളത് സാപ്പിയന്‍ വര്‍ഗ്ഗമാണ് ആദ്യമായി ഭാഷ കണ്ടെത്തിയത് എന്നതാണ്. ചില ക്ലിക് സ്വരങ്ങളും സൂചകശബ്ദങ്ങളും പരിണമിച്ചുണ്ടായതാണ് ഭാഷ.


Related Articles