ആന്‍ ഫ്രാങ്കിന്‍റെ ഓര്‍മ്മ, വംശഹത്യ ചെയ്യപ്പെട്ട എല്ലാ കുഞ്ഞുങ്ങളുടെയും

World of Letters

ആന്‍ ഫ്രാങ്കിന്‍റെ ഓര്‍മ്മ, വംശഹത്യ ചെയ്യപ്പെട്ട എല്ലാ കുഞ്ഞുങ്ങളുടെയും


ഏറെ യഹൂദരുള്ള ഫ്രാങ്ക്ഫര്‍ട്ട് നഗരം വിട്ട് ആംസ്റ്റര്‍ഡാമിലേക്കു കുടിയേറാമെന്ന് 1933-ല്‍ ഓട്ടോ ഫ്രാങ്ക് തീരുമാനിച്ചു. അധികാരത്തിലേക്കുള്ള ഹിറ്റ്‌ലറുടെ വരവ് യഹൂദരുടെ നാശത്തിനിടയാകുമെന്ന് അദ്ദേഹം മുന്‍കൂട്ടി കണ്ടു.

1929 ജൂണ്‍ 12-ന് ജനിച്ച ആന്‍, മൂന്ന് വയസ്സിനു മൂത്ത സഹോദരി മാര്‍ഗോ, അച്ഛന്‍ ഓട്ടോ, അമ്മ ഈഡിത്ത് എന്നിവരടങ്ങിയ ഫ്രാങ്ക് കുടുംബം ആംസ്റ്റര്‍ഡാമിലെ 37 മെര്‍വെഡ്പ്ലീനിലായിരുന്നു താമസം. സാമാന്യം സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലെ കുട്ടിയെന്ന നിലയില്‍ ആന്‍ അവിടെ അല്ലലില്ലാതെയാണ് വര്‍ഷങ്ങള്‍ ചെലവഴിച്ചത്. പക്ഷേ, 1940-ല്‍ നാസികള്‍ നെതര്‍ലാന്‍ഡ്‌സിനെ കീഴടക്കിയതോടെ അവളുടെ സന്തുഷ്ട ബാല്യകാലത്തിനുമേല്‍ കരിനിഴല്‍ വീണു. യഹൂദരുടെമേല്‍ തുടരെ അടിച്ചേല്പിച്ച കടുത്ത നിയന്ത്രണങ്ങള്‍ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കി. യഹൂദക്കുട്ടികള്‍ യഹൂദരുടെ സ്‌കൂളില്‍മാത്രം പഠിച്ചാല്‍ മതി എന്നതായിരുന്നു, ഒരു വിലക്ക്.

ആംസ്റ്റര്‍ഡാമിലെ യഹൂദ കൗണ്‍സിലിന്റെ കീഴില്‍ അധിനിവേശകര്‍ ആരംഭിച്ച 'ജ്യൂയിഷ് ലീസിയം' വിദ്യാലയത്തിലെ തിരക്കിട്ട സാമൂഹികജീവിതം ആനിനെ സംബന്ധിച്ച് താരതമ്യേന സന്തോഷകരമായ കാലമായിരുന്നു. വര്‍ധിച്ചുവരുന്ന ജര്‍മ്മന്‍ സമ്മര്‍ദ്ദങ്ങളില്‍നിന്ന് മക്കളെ ആവുന്നിടത്തോളം സംരക്ഷിക്കാന്‍ ഈഡിത്തും ഓട്ടോ ഫ്രാങ്കും വേണ്ടതൊക്കെ ചെയ്തിരുന്നു.


Related Articles