പുസ്തകശേഖരണത്തിലും പുസ്തകപൂജയിലും ഭ്രാന്തിന്റെ അംശങ്ങൾ കടന്നുവരാറുണ്ട്. വാക്കുകളെ വേട്ടയാടുന്നതിലും ഭ്രാന്തിന്റെ ഛായ പതിക്കുന്നില്ലേ? ഇരയിൽ മരണം നിഴലിക്കുന്നതുപോലെ വേട്ടക്കാരനിൽ ഭ്രാന്ത് ആവേശിക്കുന്നുവെന്നു പറഞ്ഞാൽ വലിയ തെറ്റുണ്ടാവില്ല. ഒരു പ്രൊഫസറും ഒരു ഭ്രാന്തനും കൂട്ടിമുട്ടിയ കഥ ഇങ്ങനെ:
1898-ലെ ശരത്കാലത്തെ ഒരു ദിവസം പ്രൊഫസർ ജെയിംസ് മുറെ എന്നയാൾ ലണ്ടനിലെ തന്റെ വസതിയിൽ നിന്ന് പുറപ്പെട്ട് തീവണ്ടികയറി രണ്ടു മണിക്കൂർ യാത്രചെയ്ത് ക്രോത്തോൺ എന്ന സ്റ്റേഷനിലെത്തി. 1857-ൽ ആരംഭിച്ച് 1927-ൽ പ്രസിദ്ധീകരിച്ച ഓക്‌സ്‌ഫോഡ് ഇംഗ്ലിഷ് ഡിക്ഷ്ണറി(OED)യുടെ അവസാനഘട്ടത്തിലെ എഡിറ്ററായിരുന്നു ബഹുഭാഷാപണ്ഡിതനും ഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന പ്രൊഫസർ ജെയിംസ് മുറെ. അദ്ദേഹത്തിന്റെ യാത്രയുടെ ഉദ്ദേശം താൻ ആദരിച്ചിരുന്ന സുഹൃത്ത് ഡോക്ടർ വില്യം മൈനർ എന്നയാളെ സന്ദർശിക്കുകയായിരുന്നു. പ്രൊഫസർ മുറെ ഏറ്റെടുത്ത ഡിക്ഷ്ണറി നിർമ്മാണപ്രക്രിയയിലെ ഒരു പ്രധാന ജോലി, സഹായഹസ്തം നീട്ടിയ ഒരുപാട് 'റീഡർ'മാർ വഴി വാക്കുകളുടെ പ്രയോഗത്തിന്റെയും അർത്ഥരൂപീകരണത്തിന്റെയും ചരിത്രം തേടിപ്പിടിക്കുകയായിരുന്നു. ഈ റീഡർമാരെ അദ്ദേഹം 'Word Catcher'മാരെന്നാണ് വിളിച്ചിരുന്നത്. അവർക്ക് അദ്ദേഹം കുറെ Catch Word കൾ കൊടുക്കും. റീഡർമാർ, അഥവാ വേഡ് കാച്ചർമാർ ആ വാക്കുകൾ ഉപയോഗിച്ചിട്ടുള്ള സാഹിത്യകാരന്മാരുടെയും കൃതികളുടെയും കാലാനുക്രമമായ വിവരങ്ങൾ ഉദ്ധരണികളോടുകൂടി തേടിപ്പിടിച്ച് മുറെയ്ക്ക് അയച്ചുകൊടുക്കും. കാലാനുക്രമമായ ഉദ്ധരണികളിലൂടെ വാക്കുകളുടെ അർത്ഥരൂപീകരണത്തിന്റെ ചരിത്രം സ്വരൂപിച്ചെടുത്ത് അവയെ നിർവചിച്ച് ഉറപ്പാക്കുകയായിരുന്നു രീതി.
