ഗോൺ ഗേൾ: നിക്ക് ഡണ്ണിന്റെ ദിവസം

World of Letters

ഗോൺ ഗേൾ: നിക്ക് ഡണ്ണിന്റെ ദിവസം


എന്റെ ഭാര്യയെക്കുറിച്ചോർക്കുമ്പോഴൊക്കെ അവളുടെ തലയാണ് എന്റെ മനസ്സിൽ തെളിയുക; ആ തലയുടെ ആകൃതിയിലാണ് തുടങ്ങുക. അന്നാദ്യമായി കണ്ട നാൾ അവളുടെ തലയുടെ പിൻഭാഗമാണു ഞാൻ ആദ്യം കാണുന്നത്. ആ തലയ്ക്ക് എന്തോ ഒരു വശ്യതയുള്ളതുപോലെ, പ്രത്യേകിച്ച് അതിന്റെ വശങ്ങൾക്ക്. നല്ല തിളങ്ങുന്ന, ഉറപ്പുള്ള ഒരു ചോളക്കാമ്പുപോലെ, അല്ലെങ്കിൽ നദീ തടത്തിൽ കാണപ്പെടുന്ന ഒരു ഫോസിൽപോലെ. വിക്ടോറിയൻ കാലഘട്ടക്കാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ലക്ഷണമൊത്ത തലയായിരുന്നു അവളുടേത്. അവളുടെ തലയോട്ടി എങ്ങനെ ഇരിക്കുമെന്ന് നിങ്ങൾക്ക് എളുപ്പം സങ്കല്പിക്കാം.
എവിടെ കണ്ടാലും എനിക്ക് അവളുടെ തല തിരിച്ചറിയാനാവും. അതിനകത്തെന്താണുള്ളതെന്നും. അതും ഞാൻ ചിന്തിക്കാറുണ്ട്; അവളുടെ മനസ്സിലെന്തായിരിക്കും എന്ന്. അവളുടെ ആ തലച്ചോറ്, അതിനകത്തെ അസംഖ്യം ചുരുളുകൾ. ആ ചുരുളുകളിലൂടെ ഭ്രാന്തൻ പഴുതാരകളെപ്പോലെ പാഞ്ഞുനടക്കുന്ന ചിന്തകൾ. അവളുടെ തലയോട്ടി തുറന്ന് തലച്ചോർ ഇഴവിടർത്തിയെടുത്ത് സൂക്ഷ്മമായി വേർതിരിച്ച് അവളുടെ ചിന്തകളെ കൺമുമ്പിൽ ഉറപ്പിച്ച് നിർത്താൻ ശ്രമിക്കുന്നത് ഒരു കുട്ടിയെപ്പോലെ ഞാൻ ഭാവനയിൽ കാണും. എയ്മീ നീ എന്താണു ചിന്തിക്കുന്നത്? ഞങ്ങളുടെ വിവാഹജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം–ഉറക്കെയല്ലെങ്കിലും, അതിന് ഉത്തരം തരാൻ കഴിയുന്ന ആളോട് അല്ലെങ്കിലും. ഈ ചോദ്യം ഓരോ ദാമ്പത്യത്തിനും മീതെ ഒരു കരിമുകിൽക്കാറായി തങ്ങിനിൽപ്പുണ്ടെന്നാണ് എനിക്കു തോന്നുന്നത്. നീയെന്താണ് ആലോചിക്കുന്നത്? നിനക്കിപ്പോൾ എന്ത് തോന്നുന്നു? ആരാണു നീ? എന്താണു നാം ചെയ്‌തത്? ഇനി നാം എന്ത് ചെയ്യും?
കൃത്യം ആറുമണിക്ക് എന്റെ കണ്ണുകൾ വെട്ടിത്തുറന്നു. കണ്ണിമകളുടെ പക്ഷിച്ചിറകടിപോലുള്ള തുടിപ്പോ ബോധമണ്ഡലത്തിലേക്കു മൃദുവായ ഒരു കൺചിമ്മലോ ആയിരുന്നില്ല അത്. യാന്ത്രികമായ ഒരു ഉണർച്ച. വെൻട്രിലോക്വിസ്റ്റിന്റെ കൈയിലിരിക്കുന്ന ഭീതിയുണർത്തുന്ന മരപ്പാവയുടെ പൊടുന്നനെ മലർക്കെ തുറക്കുന്ന കൺപോളകൾപോലെ: അതുവരെ ഇരുൾ മൂടിയ ലോകം, തൊട്ടടുത്ത നിമിഷം ഷോ തുടങ്ങുകയായി. എന്റെ മുഖത്തിനു നേരേ ക്ലോക്ക്, സമയം 6-0-0–ഞാൻ ആദ്യം കണ്ട കാഴ്ച. വ്യത്യസ്തമായ ഒരു അനുഭവം. അത്ര കൃത്യമായ സമയത്ത് ഞാൻ ഉണരാറുതന്നെ വളരെ അപൂർവ്വം. കൃത്യതയില്ലാത്ത നേരത്ത് ഉണരുന്ന ഒരാളായിരുന്നു ഞാൻ: 8:43, 11:51, 9:26 എന്നിങ്ങനെയൊക്കെ. അലാറങ്ങൾ ഇല്ലാത്ത ജീവിതമായിരുന്നു എന്റേത്.
അതേനിമിഷം, കൃത്യം ആറുമണിക്ക്, തന്റെ ഗ്രീഷ്മകാല രൗദ്രമൂർത്തീരൂപം പൂർണ്ണമായി പ്രകടമാക്കിക്കൊണ്ട് സൂര്യൻ ഓക്കുമരങ്ങൾ അതിരിട്ടുനിൽക്കുന്ന ചക്രവാളസീമയ്ക്കു മുകളിൽ കയറി നിന്നു. അതിന്റെ പ്രതിഫലനം നദി കുറുകെക്കടന്ന് കത്തിജ്ജ്വലിച്ചുകൊണ്ട് എന്റെ വീടിന്റെ നേർക്കു പാഞ്ഞുവന്ന് ഞങ്ങളുടെ കിടപ്പറയുടെ നേർത്ത ജാലകവിരിയിലൂടെ എനിക്കു നേരേ ഗർജ്ജിക്കുന്ന ഒരു ചൂണ്ടുവിരലായി നീണ്ടു. എന്റെ നേർക്ക് അത് ആരോപണമുയർത്തി: നീ കണ്ടുപിടിക്കപ്പെട്ടു. നീ കണ്ടുപിടിക്കപ്പെടുകതന്നെ ചെയ്യും.
ഞാൻ കിടക്കയിൽ അലസമായി ഇളകിക്കിടന്നു, ഞങ്ങളുടെ പുതിയ വീട്ടിലെ പഴയ ന്യൂയോർക്കു കിടക്കയിൽ. ഇവിടേക്ക് തിരിച്ചു വന്നിട്ട് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞെങ്കിലും ഞങ്ങൾ ഇപ്പോഴും പുതിയ വീടെന്നുതന്നെയാണ് പറയാറ്. മിസിസ്സിപ്പി നദിയുടെ തൊട്ടു തീരത്തുള്ള ഒരു വാടകവീടാണിത്. കാണുന്ന മാത്രയിൽ നഗരപ്രാന്തത്തിലെ പുതുപ്പണക്കാരുടെ മോടി പുരപ്പുറത്തുനിന്ന് വിളിച്ചുപറയുന്നതരം വീട്. പട്ടണത്തിന്റെ കുടുസ്സായ പിന്നിപ്പഴകിയ പരവതാനികളുള്ള മറുവശത്തിരുന്ന് കുട്ടിക്കാലത്തു ഞാൻ സ്വന്തമാക്കാൻ കൊതിച്ചപോലെ ഒരിടം. ഒറ്റനോട്ടത്തിൽതന്നെ ചിരപരിചിതമായി തോന്നുന്ന ഒരു വീട്. എടുത്തു പറയാൻ ഒന്നും ഇല്ലാത്ത, ഒരു കൗതുകവും ഉണർത്താത്ത, ആഡംബരം നിറഞ്ഞ ഒരു പുതുപുത്തൻ പുത്തൻവീട്, എന്റെ ഭാര്യയ്ക്ക് വെറുപ്പുളവാക്കാനിടയുള്ളതരം വീട്; അവൾ അതു വെറുക്കുകതന്നെ ചെയ്തു. 
‘എന്റെ ആത്മാവിനെ ഉരിഞ്ഞുകളഞ്ഞുവേണോ ഞാൻ ഇതിനകത്തു കയറാൻ?' വന്നു കയറിയ ഉടനെ അവൾ നടത്തിയ പ്രസ്താവനയാണ്. അതൊരു ഒത്തുതീർപ്പായി ചെയ്തതായിരുന്നു: ഇവിടെ അധികകാലം കുടുങ്ങേണ്ടിവരില്ല എന്ന അവളുടെ പ്രതീക്ഷയുടെ പുറത്ത്, എന്റെ സ്വന്തം നാടായ ഈ കൊച്ചു മിസൗറി പട്ടണത്തിൽ വീടു വാങ്ങണ്ട വാടകയ്ക്ക് എടുത്താൽ മതി എന്ന എയ്മിയുടെ നിർബന്ധത്തിനു വഴങ്ങി ചെയ്തത്. എന്നാൽ വാടകയ്ക്ക് കിട്ടാൻ ഇടയുള്ള വീടുകൾ മുഴുവൻ ഈ പരാജയപ്പെട്ട ഹൗസിങ് കോംപ്ലെക്‌സിൽമാത്രം കൂടിക്കിടക്കുകയായിരുന്നു: ബാങ്കുകൾ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന, സാമ്പത്തികമാന്ദ്യംകൊണ്ടു തകർന്നുപോയ, വിലയിടിഞ്ഞുപോയ മാളികകളുടെ ഒരു പ്രേതനഗരി, ഉണരാൻ തുടങ്ങുംമുമ്പ് അടഞ്ഞുപോയ ഒരു താമസപ്രദേശം. അതൊരു ഒത്തുതീർപ്പ് ആയിരുന്നു. എന്നാൽ എയ്മി അതിനെ അങ്ങനെ കണ്ടില്ല, ലവലേശംപോലും. അവളെ സംബന്ധിച്ചിടത്തോളം എന്റെ ഭാഗത്തുനിന്ന് അവളെ പീഡിപ്പിക്കാനുള്ള എന്റെ യുക്തിഹീനമായ ഭ്രാന്തൻ ഭാവനയുടെ ഫലമായിരുന്നു അത്, സ്വാർത്ഥമായ ഒരു ചുരികപ്രയോഗം. ഗുഹാമനുഷ്യനെപ്പോലെ അവളെ വലിച്ചിഴച്ച്, അവൾ ഒഴിവാക്കാൻ കഠിനമായി ശ്രമിച്ചിരുന്ന ഈ ഇടത്തേക്കു കൊണ്ടുവന്ന്, അവൾ പണ്ട് പരിഹസിച്ചിരുന്ന തരമൊരു വീട്ടിൽ അവളെ നിർബന്ധിച്ചു താമസിപ്പിക്കൽ. രണ്ടിലൊരാൾമാത്രം ഒത്തുതീർപ്പായി കാണുന്ന ഒന്ന് ഒത്തുതീർപ്പ് ആവുകയില്ല എന്നാണ് എന്റെ ധാരണ. പക്ഷേ, ഞങ്ങളുടെ ഒത്തുതീർപ്പുകൾ അങ്ങനെയൊക്കെത്തന്നെയാണ് ഉണ്ടാവാറ്. ഞങ്ങളിലൊരാൾ എപ്പോഴും ദേഷ്യത്തിലായിരിക്കും. മിക്കവാറും അത് എയ്മി ആയിരിക്കും.
ഈയൊരു ദുരിതത്തിന്റെ പേരിൽ എന്നെ പഴിചാരരുത് എയ്മീ, ഈ മിസൗറിദുരിതത്തിന്റെ കാര്യത്തിൽ. നീ സാമ്പത്തികാവസ്ഥയെ പഴിക്കുക, ദൗർഭാഗ്യത്തെ പഴിക്കുക, എന്റെയും നിന്റെയും മാതാപിതാക്കളെ പഴിച്ചുകൊള്ളുക, ഇന്റർനെറ്റിനെയും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെയും പഴിക്കുക. ഒരു എഴുത്തുകാരനായിരുന്നു ഞാൻ. ടെലിവിഷനെയും സിനിമകളെയും പുസ്തകങ്ങളെയും കുറിച്ചെഴുതിയിരുന്ന ഒരു എഴുത്തുകാരൻ– പണ്ട്, ആളുകൾ പത്രങ്ങൾ വായിച്ചിരുന്ന ഒരു കാലത്ത്, എന്റെ ചിന്തകൾക്ക് ആളുകൾ വിലകല്പിച്ചിരുന്ന ഒരു കാലത്ത്. തൊണ്ണൂറുകളുടെ ഒടുവിലാണ് ഞാൻ ന്യൂയോർക്കിൽ എത്തുന്നത്, ഒരു സുവർണ്ണ കാലഘട്ടം അന്ത്യശ്വാസം വലിച്ചുകൊണ്ടിരുന്ന ഒരു കാലത്ത്; എന്നാൽ അന്നത് ആർക്കും അറഞ്ഞുകൂടായിരുന്നു. അന്ന് ന്യൂയോർക്കു നഗരം എഴുത്തുകാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു, ശരിക്കുമുള്ള എഴുത്തുകാരെക്കൊണ്ട്. കാരണം അന്ന് മാസികകൾ ഉണ്ടായിരുന്നു, യഥാർത്ഥ മാസികകൾ, അതും ഇഷ്ടംപോലെ. ഇന്റർനെറ്റെന്നാൽ പ്രസാധന ലോകത്തിന്റെ ഒരു കോണിലിരിക്കുന്ന ഒരു അപൂർവയിനം വളർത്തുമൃഗം മാത്രമായിരുന്ന ഒരു കാലമായിരുന്നു അത്–അതിന്റെ നേർക്ക് ഒരു അപ്പക്കഷണം എറിഞ്ഞുകൊടുത്താൽ അത് തുടലിൽക്കിടന്ന് തുള്ളുന്നത് കാണാം. ഓ എന്തു ചന്തമാണ്, ഇതെന്തായാലും രാത്രി വന്ന് നമ്മളെ കൊല്ലാനൊന്നും പോകുന്നില്ല. സങ്കല്പിച്ചുനോക്കൂ: കോളേജിൽനിന്ന് ബിരുദം നേടിയിറങ്ങുന്ന ചെറുപ്പക്കാർക്ക് ന്യൂയോർക്കിൽ വന്നു എഴുത്തുകാരായി ശമ്പളം നേടാവുന്ന ഒരു കാലം. പക്ഷേ, ഒരു ദശകത്തിനുള്ളിൽ അന്തർദ്ധാനം ചെയ്യാൻ പോകുന്ന ഒരു തൊഴിലിലേക്കാണു പ്രവേശിക്കുന്നതെന്ന് അന്ന് ഞങ്ങൾ അറിഞ്ഞതേയില്ല.
പതിനൊന്നു വർഷം എനിക്ക് ഒരു ജോലിയുണ്ടായിരുന്നു, പിന്നെ അത് ഇല്ലാതായി. അത്ര പെട്ടെന്നായിരുന്നു എല്ലാം അസ്തമിച്ചത്. തകർന്നടിഞ്ഞു പാപ്പരായിപ്പോയ ഒരു സമ്പത്തികാവസ്ഥ കാരണം പെട്ടെന്നുണ്ടായ രോഗബാധയ്ക്ക് കീഴടങ്ങി രാജ്യത്തെമ്പാടുമുള്ള മാസികകളൊക്കെയും അടച്ചുപൂട്ടിത്തുടങ്ങി. എഴുത്തുകാരും (എന്നെപ്പോലെയുള്ള എഴുത്തുകാർ, നോവലിസ്റ്റുകളാകാൻ മോഹിക്കുന്നവർ, ചിന്തകൾ അയവിറക്കിക്കൊണ്ടിരിക്കുന്നവർ, ബ്ലോഗുചെയ്യാനോ, ട്വീറ്റുചെയ്യാനോ, ലിങ്കു നൽകാനോ വേണ്ട വേഗതയിൽ തലച്ചോറു പ്രവർത്തിക്കാത്തവർ, അടിസ്ഥാനപരമായി പഴയ ദുർവാശിക്കാരായ മണ്ടൻ എഴുത്തുകാർ) അതിൽ കുടുങ്ങിപ്പോയി. സ്ത്രീകൾക്കു വേണ്ടി തൊപ്പി തുന്നുന്നവരുടെയും കുതിരവണ്ടിക്കാർക്കു ചാട്ടവാറുണ്ടാക്കി കൊടുക്കുന്നവരുടെയും ഒക്കെ അവസ്ഥയായി ഞങ്ങൾക്കും. ഞങ്ങളുടെ കാലം അസ്തമിച്ചു. എന്റെ പണി പോയി മൂന്നാഴ്ച കഴിഞ്ഞപ്പോൾ എയ്മിയും തൊഴിൽരഹിതയായി, അങ്ങനെയായിരുന്നു കാര്യങ്ങളുടെ പോക്ക്. (ഇപ്പോൾ പിറകിൽ വന്നുനിന്ന് എന്റെ തോളുകൾക്കു മുകളിലൂടെ നോക്കുന്ന എയ്മിയെ എനിക്കു കാണാം. ഇത്രയധികം നേരം എന്റെ തൊഴിലിനെക്കുറിച്ചും എന്റെ ഭാഗ്യദോഷത്തെക്കുറിച്ചും വാതോരാതെ പറഞ്ഞ്, അവളുടെ അനുഭവങ്ങൾ ഒറ്റവാക്കിൽ പറഞ്ഞു തള്ളിയതു നോക്കി അവൾ ഇളിച്ചു ചിരിക്കുന്നത്. അതിലിപ്പോൾ വിശേഷിച്ച് ഒന്നുമില്ലെന്ന് അവൾ നിങ്ങൾക്കു പറഞ്ഞുതരും. നിക്ക് അങ്ങനെതന്നെയാ, അവൾ പറയും. അത് അവളുടെ സ്ഥിരം പല്ലവിയാണ്: നിക്ക് അങ്ങനെതന്നെയാ ചെയ്യാ... അതിനു ശേഷം പറയാൻ പോകുന്നത്, ഞാൻ എന്തുതന്നെ ചെയ്താലും അതൊക്കെ മോശവുമായിരിക്കും എന്നാണ്). ഞങ്ങൾ, രണ്ടു തലമുതിർന്ന തൊഴിൽരഹിതർ, നിശാവസ്ത്രങ്ങളണിഞ്ഞ് ബ്രൂക്ക്‌ലിൻ നടപ്പാതകളിലൂടെ ആഴ്ചകളോളം അലഞ്ഞുനടന്നു; ഭാവിയെ ഗൗനിക്കാതെ, തുറന്നുനോക്കാത്ത കത്തുകവറുകൾ സോഫയിലും മേശപ്പുറത്തുമൊക്കെ വാരിവലിച്ചിട്ടുകൊണ്ട്, പട്ടാപ്പകൽ പത്തുമണിക്ക് ഐസ്‌ക്രീം കഴിച്ചുകൊണ്ട്, നൻപകൽ നേരങ്ങൾ ഗാഢമായി മയങ്ങിത്തീർത്തുകൊണ്ട്.
അങ്ങനെയിരിക്കെ ഒരു ദിവസം ഫോൺബെൽ മുഴങ്ങി. എന്റെ ഇരട്ടസഹോദരിയായിരുന്നു മറുവശത്ത്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ജോലി നഷ്ടപ്പെട്ടുപോയശേഷം മാർഗ്ഗോ വീട്ടിലേക്കു മടങ്ങിപ്പോയതായിരുന്നു–ആ പെണ്ണ് എന്നും എന്നെക്കാൾ ഒരുപടി മുന്നിലായിരുന്നു, ദൗർഭാഗ്യത്തിന്റെ കാര്യത്തിൽപ്പോലും. മിസൗറിയിൽനിന്നാണ് അവൾ വിളിക്കുന്നത്, ഞങ്ങളുടെ ആ പഴയ നോർത്ത് കാർത്തേജിലെ വീട്ടിൽനിന്നും, ഞങ്ങൾ ജനിച്ചു വളർന്ന വീട്ടിൽനിന്ന്. അവളുടെ ശബ്ദം കേട്ടുകൊണ്ടിരിക്കെ, പത്തു വയസ്സുള്ളപ്പോഴത്തെ അവളുടെ രൂപം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു, കറുത്തിരുണ്ട മുടിയുമായി ഷോർട്സ് ധരിച്ച് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീടിന്റെ പിന്നാമ്പുറത്തെ പുഴക്കരയിൽ അവളുടെ കൊലുന്നുമെല്ലിച്ച കാലുകൾ വെള്ളത്തിൽ ആട്ടിക്കൊണ്ട് ഒരു പഴയ തലയണപോലെ അവൾ കൂനിക്കൂടിയിരിക്കുന്നു, വെള്ളിമീൻപോലുള്ള അവളുടെ കാല്പാദങ്ങളുടെ മുകളിലൂടെ ഒഴുകിനീങ്ങുന്ന നദീജലത്തിലേക്ക് കണ്ണുംനട്ട്–കുഞ്ഞുന്നാളിൽപോലും തന്നിലേക്കുതന്നെ മുഴുകിപ്പോകും വിധം ചിന്താവിഷ്ടയായിരുന്നു അവൾ.
മരവിപ്പുണ്ടാക്കുന്ന ആ വാർത്ത പകരുമ്പോഴും ഗോയുടെ സ്വരം ഊഷ്മളവും കരകരപ്പുള്ളതും ആയിരുന്നു. ഞങ്ങളുടെ അജയ്യയായ അമ്മ ഇപ്പോൾ മരണശയ്യയിലാണ്. അച്ഛന്റെ കാര്യം ഏതാണ്ട് തീർന്ന മട്ടാണ്–അയാളുടെ (വൃത്തികെട്ട) മനസ്സ്, അയാളുടെ (ദുരിതം പിടിച്ച) ഹൃദയം, ഇതു രണ്ടിനെയും അയാൾ അവസാനം വളഞ്ഞുപുളഞ്ഞൊഴുകിയെത്താൻ പോകുന്ന നിതാന്തമായ ഇരുളിന്റെ മ്ലാനത ബാധിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാൽ ആ യാത്രയിൽ ഞങ്ങളുടെ അമ്മ അയാളെ തോല്പിക്കും എന്നാണ് തോന്നുന്നത്. ഏതാണ്ട് ആറുമാസമായി, ഒരുപക്ഷേ, ഒരു വർഷമായി അമ്മ അതു ചെയ്തുകൊണ്ടിരിക്കുകയാണ്. ഗോ ഒറ്റയ്ക്ക് പോയി ഡോക്ടറെ കണ്ടുകാണും, എനിക്ക് അത് മനസ്സിൽ കാണാം. തന്റെ വൃത്തിയില്ലാത്ത കൈയക്ഷരത്തിൽ ഡോക്ടർ പറഞ്ഞതൊക്കെ സസൂക്ഷ്മം എഴുതിയെടുത്തിട്ടുണ്ടാവും. അവൾ എന്താണ് എഴുതിക്കൂട്ടി വച്ചിരിക്കുന്നതെന്ന് വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ നിറഞ്ഞുകാണും. അതിലെ തീയതികളും മരുന്നിന്റെ അളവുകളും.
“ശ്ശൊ, എന്ത് കുന്തമാണ് ഇത്. ഇതിലെന്താ പറയുന്നതെന്ന് ഒരു പിടുത്തവും കിട്ടുന്നില്ലല്ലോ, ഇനി ഒമ്പത് എന്നാണോ? ഇതെങ്ങനെ ശരിയാവാനാണ്?” അവൾ പറഞ്ഞുകൊണ്ടിരിക്കേ ഞാൻ ഇടയ്ക്കു കയറി. ഇതാ എനിക്കു ചെയ്യാനൊരു കാര്യം, ഒരു ലക്ഷ്യം, നെല്ലിക്കപോലെ എന്റെ പെങ്ങളുടെ ഉള്ളംകൈയിൽ നീട്ടിപ്പിടിച്ചു നിൽക്കുന്നു. ഞാൻ ആശ്വാസംകൊണ്ട് കരഞ്ഞുപോയി.
“ഗോ, ഞാൻ തിരികെ വരാം. നമുക്ക് വീട്ടിലേക്കു താമസം മാറാം. നീ ഇതെല്ലാംകൂടി ഒറ്റയ്ക്ക് ചെയ്യേണ്ട കാര്യമില്ല.”
അവൾക്കു വിശ്വാസമായില്ല. മറുതലയ്ക്കൽനിന്ന് അവളുടെ ശ്വാസോച്ഛ്വാസം എനിക്കു കേൾക്കാം.
“ഗോ, ഞാൻ കാര്യയായിട്ട് പറഞ്ഞതാ. എന്താ പറ്റാത്തെ? ഇവിടെ ഇനി ഒന്നും ചെയ്യാനില്ല.”
അവൾ ദീർഘമായൊന്ന് നിശ്വസിച്ചു. “അപ്പോ എയ്മിയുടെ കാര്യമോ?”
ഞാൻ തീരുമാനം എടുക്കാൻ അധികം സമയം എടുക്കാഞ്ഞ കാര്യം അതായിരുന്നു. എന്റെ ന്യൂയോർക്കുകാരി ഭാര്യയെ അവളുടെ ന്യൂയോർക്ക് താത്പര്യങ്ങൾക്കും ന്യൂയോർക്ക് അഭിമാനബോധത്തോടുമൊപ്പം ചുരുട്ടിയെടുത്തുകൊണ്ട് അവളുടെ ന്യൂയോർക്ക് മാതാപിതാക്കളിൽനിന്ന് അടർത്തിമാറ്റിയങ്ങ് കൊണ്ടുപോകാമെന്നും എന്നിട്ട് –വന്യമായ, ത്രസിപ്പിക്കുന്ന, അത്യന്താധുനികമായ മാൻഹട്ടനെ പിന്നിലുപേക്ഷിച്ച്–അവളെ മിസൗറിയുടെ കരയിലുള്ള ഒരു കൊച്ചുപട്ടണത്തിലേക്ക് പറിച്ചുനടാം എന്നും ഞാൻ കരുതിപ്പോയി, ബാക്കി ഒക്കെ ശരിയായിക്കൊള്ളും എന്നും.
എത്ര വലിയ മണ്ടത്തരമാണ്. എന്തുമാത്രം ശുഭാപ്തിവിശ്വാസമുളള, എത്രത്തോളം നിക്ക് ചെയ്യുന്ന പോലെ ഒരു കാര്യമാണ് ഞാൻ ചിന്തിച്ചുകൂട്ടിയതെന്ന് അന്ന് എനിക്കു മനസ്സിലായതേയില്ല. അതു വരുത്തിവച്ചേക്കാവുന്ന ഭവിഷ്യത്ത് എന്തായിരിക്കും എന്നും.
“എയ്മിക്ക് ഓക്കെയായിരിക്കും. എയ്മി...” “എയ്മിക്ക് അമ്മയെ വലിയ ഇഷ്ടമാണ്” എന്നു ഞാൻ പറയേണ്ടിയിരുന്നത് അപ്പോഴായിരുന്നു. എന്നാൽ എയ്മിക്ക് അമ്മയെ വളരെ ഇഷ്ടമാണെന്ന് എനിക്ക് ഗോയോട് പറയാനായില്ല. കാരണം കാലം അത്ര കഴിഞ്ഞിട്ടും എയ്മിക്ക് അമ്മയെ അത്ര പരിചയമൊന്നും ഇല്ലായിരുന്നു. അവർ തമ്മിൽ വല്ലപ്പോഴും മാത്രമുണ്ടാകാറുള്ള കൂടിക്കാഴ്ചയ്ക്കൊടുക്കം രണ്ടാളും അമ്പരപ്പിലായിരിക്കും. അതുകഴിഞ്ഞ് ദിവസങ്ങളോളം എയ്മി ആ സംഭാഷണങ്ങളെ ഇഴകീറി പരിശോധിച്ചുകൊണ്ടിരിക്കും. “പിന്നെ, അവർ അപ്പറഞ്ഞതിന്റെ അർത്ഥം എന്താണ്..?” അതു കേട്ടാൽ, ടുൺഡ്ര മേഖലയിൽനിന്നു കൈനിറയെ യാക്കിന്റെ കൊഴുപ്പും കുറച്ചു ബട്ടണുകളുമായിവന്ന് എയ്മിക്ക് വിൽക്കാൻ താത്പര്യമില്ലാത്ത എന്തോ ഒന്ന് കൈമാറ്റക്കച്ചവടം നടത്തി വാങ്ങിയെടുക്കാൻ വന്ന ഏതോ പ്രാചീന ഗോത്രവർഗ്ഗത്തിലെ ഒരു കർഷകസ്ത്രീയാണ് എന്റെ അമ്മയെന്നു തോന്നിപ്പോവും.
എന്റെ കുടുംബത്തെക്കുറിച്ചറിയാൻ എയ്മി അത്ര താത്പര്യമൊന്നും കാണിച്ചിട്ടില്ല, എന്റെ ജന്മനാടിനെക്കുറിച്ച് അറിയണമെന്നൊന്നും അവൾക്കില്ല. എന്നിട്ടും എന്തുകൊണ്ടോ എന്തോ നാട്ടിലേക്കു മടങ്ങുന്നത് നല്ലൊരു ആശയമായി എനിക്കു തോന്നി. 

Summary: Excerpted from Gone Girl, novel by Gillian Flynn


Related Articles