രക്തം കൊണ്ട് നനയ്ക്കുന്ന പൂന്തോട്ടം

World of Letters

രക്തം കൊണ്ട് നനയ്ക്കുന്ന പൂന്തോട്ടം


മാത്യൂസിന്റെ അവസാനചുംബനത്തിന്റെ അടയാളവും നീറ്റലുമായാണ് ഗൗരി കാശ്മീരിലേയ്ക്ക് യാത്ര തിരിച്ചത്. ഫോട്ടോഗ്രാഫറായ നിധി അയ്യപ്പയ്ക്ക് അവളുടെ ഭർത്താവുമായുള്ള യുദ്ധം തീർപ്പായതിന്റെ ഒന്നാംവാർഷികം ആഘോഷിക്കണം. ദീർഘനാൾ കിടപ്പിലായിരുന്ന അച്ഛൻ മരിച്ചതിന് ശേഷമുള്ള യാത്രയാണ് ഹർഷിത മിശ്രയ്ക്ക്. മക്കളെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് അയച്ചിട്ടുള്ള അമ്മയിടവേളയാണ് ദീപ്തിയ്ക്ക്.  

അവർ ശ്രീനഗറിൽ ചെന്നിറങ്ങിയതിന്റെ പിറ്റേന്ന് ബന്ദ് പ്രഖ്യാപിക്കപ്പെട്ടു. ഒരാഴ്ച മുമ്പാണ് നാൽപ്പത് സൈനികർ കൊല്ലപ്പെട്ട വലിയൊരു സ്ഫോടനം നടന്നത്. ഒരു പത്തൊമ്പതുകാരൻ ബോംബ് നിറച്ച ട്രക്ക് പട്ടാളക്കാരുടെ വണ്ടികൾക്കിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. അതിന് ശേഷം താഴ്വരയിൽ പുതിയ നിയന്ത്രണങ്ങൾ വന്നു.  

ചില നേതാക്കളെ വീട്ടുതടങ്കലിൽ ആക്കിയതിൽ പ്രതിഷേധിച്ചായിരുന്നു അന്നത്തെ അടച്ചുപൂട്ടൽ. എങ്കിലും ചില കടകൾ പാതി ഷട്ടർ താഴ്ത്തി  റൊട്ടിയും അവശ്യസാധനങ്ങളും വിൽക്കുന്നുണ്ട്. ടൗണിലൂടെയുള്ള യാത്രയിൽ തടസ്സം വരാൻ സാധ്യതയുള്ളതുകൊണ്ട് വേറെ ചില സ്ഥലങ്ങളിലേയ്ക്ക് പോകാനായിരുന്നു ഷബ്രോസിന്റെ പദ്ധതി. സന്ദർശകർക്ക് നേരെ പൊതുവെ ആക്രമണമൊന്നും ഉണ്ടാകാറില്ല എന്ന വിശ്വാസത്തിലാണ് അയാളത് പറഞ്ഞത്.         


Related Articles