സർവൈലൻസ് മുതലാളിത്തം എന്ന രാഷ്ട്രീയവ്യവസ്ഥ

World of Letters

സർവൈലൻസ് മുതലാളിത്തം എന്ന രാഷ്ട്രീയവ്യവസ്ഥ


മകാലികലോകം ഏറ്റവും കൂടുതൽ ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്ന് സാമൂഹിക മാധ്യമങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ്. അമേരിക്കൻ ഭരണകൂടവും യൂറോപ്യൻ യൂണിയനും ചൈനയും ഇന്ത്യൻ ഭരണകൂടവും ഒക്കെ സാമൂഹിക മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള വേവലാതിയിലാണ്. അമേരിക്കയിൽ ഫേസ്ബുക്കുമായി ജനപ്രതി​നിധിസഭകൾ നിരന്തരം സംവാദത്തിലാണ്. യൂറോപ്യൻ യൂണിയൻ വിവിധ സാമൂഹിക മാധ്യമങ്ങളെ കോടതികളിൽ ചോദ്യം ചെയ്യുന്നു. ചൈനയിൽ അവ നിരോധിക്കപ്പെടുകയോ ശക്തമായി നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നു. ഇന്ത്യയിൽ അവയെ വരുതിക്കുകൊണ്ടുവരുവാൻ കഴിയുമോ എന്ന് ഹിന്ദുത്വ ഭരണകൂടം ശ്രമിച്ചുനോക്കുന്നു. ഈ രാജ്യങ്ങളിൽ മാത്രമല്ല, മറ്റു ചെറുതും വലു​തുമായ രാജ്യങ്ങളിലും ഭരണകൂടങ്ങളും ആഗോള സാമൂഹികമാധ്യമ കുത്തകകളും തമ്മിൽ വൈരുദ്ധ്യങ്ങളും സംഘർഷ​ങ്ങളും ഉണ്ടാവുന്നുണ്ട്. നിരവധി നിയമപ്പോരാട്ടങ്ങൾ പലയിടങ്ങളിലായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒപ്പംതന്നെ ലോകം ഈ സാമൂഹിക മാധ്യമങ്ങളുടെ ചൊൽപ്പടിയിലാണ് എന്നൊരു പൊതുബോധം ഇതിനു സമാന്തരമായി നിലനിൽക്കുന്നുമുണ്ട്. പ്രത്യക്ഷത്തിൽ പൊരുത്തക്കേട് തോന്നാവുന്ന ഈ സാഹചര്യം യഥാർത്ഥത്തിൽ ലോക മുതലാളിത്തം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന സന്ദർഭ​ത്തിന്റെ സവിശേഷതകൾ സുവ്യക്തമാക്കുന്ന ഒന്നാണ്. ഏതാണ്ട് ഇരുപതു കൊല്ലംപോലും തികച്ചായില്ല ഈ നവമാധ്യമങ്ങൾ ഇവിടെ ആവിർഭവിച്ചിട്ട് എന്നതുംകൂടി ചേർത്തുവായിക്കുമ്പോഴാണ് ഈ സന്ദർഭം ഇത്രയ്ക്കു സങ്കീർണ്ണമായതെങ്ങനെ എന്ന ചോദ്യം കൂടുതൽ പ്രസക്തമാവുന്നത്.

പുതിയ ആഗോളവത്കരണ–ഉദാരവത്കരണ നയങ്ങളുടെ പശ്ചാത്തലത്തിൽ മൂലധനവും ദേശീയ ഭരണകൂടങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ കുറഞ്ഞുവരികയാണ് എന്ന് നമുക്ക​റിയാം. ദേശരാഷ്ട്രങ്ങൾ ആഗോളവത്കരണത്തിന്റെ സമ്മർദ്ദങ്ങളിൽ ഇല്ലാതാവുകയല്ല, മറിച്ച് അവയ്ക്ക് ആഗോള മൂലധന പ്രക്രിയകളിൽ വഹിക്കാനുള്ള പങ്കു വ്യത്യസ്തമായി നിർവചിക്കപ്പെടുകയാണ് ഉണ്ടായത് എന്ന് സമീപകാല സാമ്പത്തികചരിത്രം പരിശോധിക്കുന്നവർക്ക് വളരെ വേഗം മനസ്സിലാക്കാൻ കഴിയും. അപ്പോൾ പിന്നെ സാമൂഹിക മാധ്യമങ്ങളുടെ കാര്യത്തിൽമാത്രം ഇത്തരമൊരു വേവലാതി രൂപപ്പെടാനുള്ള കാരണം എന്തായിരിക്കുമെന്നത് അല്പമൊന്ന് ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. നവമാധ്യ​മങ്ങൾ പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക താത്പര്യങ്ങൾ ആഗോള മൂലധന താത്പര്യങ്ങളുടെ മുഖ്യധാരയ്ക്ക്‌ പുറത്തുള്ളതല്ല. അവ ഡ്രഗ് മാഫിയകളോ തട്ടിപ്പുസംഘങ്ങളോ അല്ല. എന്നാൽ അവ ഉയർത്തുന്ന വെല്ലുവിളികൾ അടിസ്ഥാന സ്വഭാവമുള്ളവയും നവലിബറൽ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിനുള്ളിൽതന്നെ വലിയൊരു വിച്ഛേദം സൃഷ്ടിച്ചിട്ടുള്ളവയുമാണ് എന്ന് ആമുഖമായി സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ സംഘർഷങ്ങൾ അതുകൊണ്ടുതന്നെ താൽക്കാലിക സ്വഭാവമുള്ളവയും അചിരേണ ആഗോള മൂലധനം പരിഹരിക്കാൻ സാദ്ധ്യതയുള്ളതുമായ വൈരുദ്ധ്യങ്ങളുമാണ്. പുതിയൊരു സാമ്പത്തിക ക്രമത്തിലേക്ക് ലോകവ്യവസ്ഥയെ സജ്ജമാക്കാൻ നവസാമൂഹിക മാധ്യമങ്ങൾ നടത്തുന്ന പരസ്പര മത്സരത്തിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളുടെ ഉള്ളിലെ ചില കലഹങ്ങളും ഏറ്റുമുട്ടലുകളുമാണ് ഭരണകൂടങ്ങളും സാമൂഹിക മാധ്യമങ്ങളും തമ്മിലുള്ള ആഗോളതലത്തിലെ ഈ സംഘർഷത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഇതിനപ്പുറത്തു ചില വസ്തുതകൾകൂടി ഇതിന്റെ അടിയൊഴുക്കായി നാം മനസ്സിലാക്കേണ്ടവയായിട്ടുണ്ട്.


Related Articles