ഫ്രാൻസെസ്‌കോ കൊളോണയുടെ (പുസ്തകത്തിൽ മറച്ചുവെച്ച)  രഹസ്യങ്ങൾ

World of Letters

ഫ്രാൻസെസ്‌കോ കൊളോണയുടെ (പുസ്തകത്തിൽ മറച്ചുവെച്ച) രഹസ്യങ്ങൾ


'ഹിപ്‌നെറോട്ടോമാക്കിയ പോളിഫീലി', 'പ്രേമത്തിനുവേണ്ടിയുള്ള പോളിഫീലോയുടെ സ്വപ്നത്തിലെ പോരാട്ടം' എന്നാണ് ലത്തീനിൽ അതിനർത്ഥം, 1499-ന് അടുപ്പിച്ച് ആൽഡസ് മനൂറ്റിയസ് എന്നു പേരുള്ള ഒരു വെനീസുകാരൻ പ്രസിദ്ധീകരിച്ചു. നോവലായി വേഷം മാറി നില്ക്കുന്ന ഒരു വിജ്ഞാനകോശമാണ് 'ഹിപ്‌നെറോട്ടോമാക്കിയ പോളിഫീലി.' വേഗത പോരെന്ന് ഒരു ആമയ്ക്കുപോലും തോന്നിക്കുന്ന ശൈലിയിൽ എഴുതിയതും വാസ്തുവിദ്യതൊട്ട് ജന്തുശാസ്ത്രംവരെയുള്ള സർവകാര്യങ്ങളെയും കുറിച്ചുള്ളതുമായ ഒരു പ്രബന്ധം. ഒരു മനുഷ്യൻ സ്വപ്നം കാണുന്നതിനെപ്പറ്റിയുള്ള ലോകത്തെ ഏറ്റവും നീണ്ട പുസ്തകമായ അത്, ഒരു മനുഷ്യൻ കേക്ക് തിന്നുന്നതിനെപ്പറ്റിയുള്ള ലോകത്തെ ഏറ്റവും നീണ്ട പുസ്തകമെഴുതിയ മർസേൽ പ്രൂസ്തിനെ ഏണസ്റ്റ് ഹെമിങ്‌വേയെപ്പോലെയാണെന്ന് തോന്നിക്കും? ഇയാൻ കാൾഡ്‌വെലും ഡസ്റ്റിൻ തൊമാസണും ചേർന്നെഴുതിയ 'ദ റൂൾ ഓഫ് ഫോർ' എന്ന നോവൽ അതിന്റെ മുഖ്യ വിഷയമായ പുസ്തകത്തെ ഇങ്ങനെയാണ് അവതരിപ്പിച്ചത്. നിഗൂഢപുസ്തകങ്ങളെയും പുസ്തകങ്ങളിലെ നിഗൂഢതകളെയും കുറിച്ചുള്ള ഗൂഢാലോചനാസിദ്ധാന്തങ്ങളെ ആധാരമാക്കി ഉണ്ടായിട്ടുള്ള നോവലുകളുടെ വംശത്തിൽപ്പെടുന്നു 'ദ റൂൾ ഓഫ് ദ ഫോർ.' ഉംബെർത്തോ എക്കോയുടെ 'ദ നെയിം ഓഫ് ദ റോസ്' ആണ് ഈ വംശത്തിന്റെ ഒരറ്റം; മറ്റേയറ്റം ഡാൻ ബ്രൗണിന്റെ ' ദ ഡാവിൻചി കോഡും.' നൂറ്റാണ്ടുകൾക്കുമുമ്പ് തുകലിലോ പാപ്പിറസിലോ താളിയോലയിലോ എഴുതിയ പുസ്തകങ്ങളും അച്ചടിയുടെ തുടക്കകാലത്തുണ്ടായതും അത്യപൂർവ്വം പ്രതികൾ മാത്രം അവശേഷിച്ചിട്ടുള്ളതുമായ പുസ്തകങ്ങളുമാണ് ഇത്തരം 'പുസ്തകനിഗൂഢതാസാഹിത്യ'ത്തിലെ ഇതിവൃത്തകേന്ദ്രങ്ങൾ. അതിന്റെ സ്വാധീനത സമകാലിക മലയാളനോവലിലുമുണ്ട്. ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര', ബെന്യാമിന്റെ 'മഞ്ഞവെയിൽമരണങ്ങൾ' എന്നിവ ഉദാഹരണം. അപൂർവ്വതയും നിഗൂഢസ്വഭാവവുമുള്ള പ്രാചീനഗ്രന്ഥങ്ങളിൽ ചില മഹാരഹസ്യങ്ങൾ ഗുപ്തമാക്കപ്പെട്ടിരിക്കുന്നുവെന്നും കോഡുകളുടെ രൂപത്തിലാണ് അവയുള്ളതെന്നുമുള്ളതാണ് ഈ ഗൂഢാലോചനാസിദ്ധാന്തത്തിന്റെ ആധാരതത്ത്വം. കെട്ടുകഥയും ചരിത്രവും പുസ്തകചരിത്രവും കൂട്ടിക്കുഴച്ചുണ്ടാക്കുന്ന ഈ ആഖ്യായികകൾ നിഗൂഢതയോട് ഏതു മനുഷ്യനുമുള്ള ആകാംക്ഷയെ പാരായണാകാംക്ഷയാക്കി വളർത്തുന്നു. കെട്ടുകഥയ്ക്കും ഗൂഢാലോചനാസിദ്ധാന്തത്തിനും കേവലമായ ആകാംക്ഷയ്ക്കും മാത്രം സ്ഥാനമുള്ള രചനകളാണ് ഇത്തരം കൃതികളുടെ കമ്പോളത്തിൽ കൂടുതലായുള്ളത്. അപൂർവം കൃതികൾ അതിൽനിന്നുയർന്ന് പ്രഹേളികാക്രീഡയുടെ സ്വഭാവം പ്രകടിപ്പിക്കുകയും വായനക്കാർക്ക് പല തലങ്ങളിലേക്കു നീങ്ങാനുള്ള സാധ്യതകൾ നല്കുകകയും ചെയ്യുന്നു. രണ്ടാമത്തെ ഗണത്തിലാണ് 'നാലിന്റെ നിയമ'ത്തിനു സ്ഥാനം.

ഒരു വിദ്യാർത്ഥിജീവിതകഥയാണ് 'റൂൾ ഓഫ് ദ ഫോർ.' അമേരിക്കയിലെ ന്യൂജഴ്‌സിയിലുള്ള വിശ്രുതമായ പ്രിൻസ്റ്റൺ സർവ്വകലാശാലയാണ് പശ്ചാത്തലം. അവിടത്തെ ബിരുദ (കൃത്യമായിപ്പറഞ്ഞാൽ അണ്ടർ ഗ്രാജ്വേറ്റ്) വിദ്യാർത്ഥികളാണു തോമസ് (ടോം) സള്ളിവൻ, പോൾ ഹാരിസ്, ചാർലി ഫ്രീമൻ, ഗിൽ റാൻകിൻ, കാറ്റി മർച്ചൻഡ്, ബിൽ സ്റ്റൈൻ തുടങ്ങിയവർ. ഐവി ലീഗ് എന്നറിയപ്പെടുന്ന എട്ട് ഉന്നതനിലവാരമുള്ള സ്വകാര്യസർവ്വകലാശാലകളിലൊന്നാണ് പ്രിൻസ്റ്റൺ. പൊതുവേ വരേണ്യ വിഭാഗത്തിനും സമ്പന്നർക്കും മാത്രം പ്രാപ്യമാണ് ഈ ഗവേഷണ സർവ്വകലാശാലകൾ. ഹോസ്റ്റലിൽ ഒരു മുറിയിൽ ഒരുമിച്ചു താമസിക്കുന്നവരാണ് ടോം, പോൾ, ചാർലി, ഗിൽ എന്നിവർ. ചാർലി വൈദ്യശാസ്ത്രവും ഗിൽ ധനശാസ്ത്രവും ടോം സാഹിത്യവും പോൾ ചരിത്രവും പഠിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ബിരുദം നേടുന്നതിന്റെ ഭാഗമായി സമർപ്പിക്കേണ്ട സീനിയർ തീസിസ് എഴുതുന്നതിന്റെ തിരക്കിലാണവർ. പോൾ മാത്രം തന്റെ പ്രബന്ധം പൂർത്തിയാക്കിയിട്ടില്ല. യൂറോപ്യൻ നവോത്ഥാനകാല (14-17 നൂറ്റാണ്ടുകൾക്കിടയ്ക്കുള്ള കാലം) ത്തെ 'ഹിപ്‌നെറോട്ടോമാക്കിയ പോളിഫീലി' എന്ന അപൂർവ്വഗ്രന്ഥമാണ് പോൾ ഹാരിസിന്റെ പ്രബന്ധവിഷയം. ടോമിന്റെ പിതാവും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായിരുന്ന നവോത്ഥാനചരിത്രകാരൻ പാട്രിക് സള്ളിവന്റെ ഗവേഷണവിഷയവും അതായിരുന്നു. പാട്രിക്കിന്റെ സഹപാഠിയും 'ഹിപ്‌നെറോട്ടോമാക്കിയ' പണ്ഡിതനുമായ പ്രിൻസ്റ്റൺ പ്രൊഫസർ വിൻസെന്റ് ടാഫ്റ്റ് ആണ് പോളിന്റെ തീസിസ് അഡൈ്വസർ എന്ന ഗവേഷണ മാർഗദർശി. ടാഫ്റ്റിനു കീഴിലുള്ള മറ്റൊരു ഡോക്ടറൽ ഗവേഷകനാണ് ബിൽസ്റ്റൈൻ. ആ പുസ്തകവുമായി ബന്ധപ്പെട്ട ഒരു രേഖ വത്തിക്കാൻ ലൈബ്രറിയിൽനിന്നു കണ്ടെത്തി ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ച പാട്രിക് സള്ളിവന്റെ ജീവിതം തകർത്തത് വിൻസെന്റ് ടാഫ്റ്റാണ്. 'ബെല്ലഡോണ ഡോക്യുമെന്റ്' എന്നറിയപ്പെടുന്ന ആ രേഖതന്നെ തട്ടിപ്പാണെന്ന് യുക്തിപൂർവ്വം ടാഫ്റ്റ് സമർത്ഥിച്ചതോടെ പാട്രിക് സള്ളിവൻ അക്കാദമിക് ലോകത്ത് അപമാനിതനായി. അധികം വൈകാതെ മരിക്കുകയും ചെയ്തു. അന്ന് കൗമാരക്കാരനായിരുന്ന ടോമിനോടൊപ്പം ഇറ്റലിയിലേക്കു നടത്തിയ യാത്രയിലാണ് സള്ളിവൻ 'ബെല്ലഡോണ രേഖ' കണ്ടെടുത്തത്. അന്നുതൊട്ട് 'ഹിപ്‌നൊറോട്ടാമാക്കിയ' ടോമിന്റെ ജീവിതത്തിന്റെ ഭാഗമാണ്. ആ പുസ്തകവുമായി ബന്ധമുള്ള മറ്റൊരാൾകൂടിയുണ്ട്-- റിച്ചാർഡ് കറി.


Related Articles