കാണായ്‌മ: ഒന്നാം അദ്ധ്യായം

World of Letters

കാണായ്‌മ: ഒന്നാം അദ്ധ്യായം


"രു സാധാരണക്കാരൻ ഒരിക്കലും കൊലചെയ്യപ്പെടാറില്ല.''
ഇത്തിരി നീണ്ട ആലോചനയ്ക്കുശേഷം നടേശപ്പണിക്കർ പറഞ്ഞു.
ആരോ എഴുതി അച്ചടിച്ച കഥയിലെ വാചകമാണതെന്ന് ബാലുവിനുതോന്നി. പുതുക്കാനാകാത്ത വാക്യങ്ങൾ കഥാപുസ്തകങ്ങളിലെന്നപോലെ അച്ചടി മണക്കും.
"പിടികിട്ടീല്ല, ഒന്നൂടി തെളിച്ചുപറയ്യോ?''
ബാലുവിന്റെ മുഖത്തേക്കു തുറിച്ചുനോക്കിയിരുന്ന നടേശപ്പണിക്കർ കണ്ണുകളടച്ചു.
"കൊലചെയ്യപ്പെടാൻ എടയുള്ളോന്റെ ജീവിതം കലങ്ങിമറിഞ്ഞതായിരിക്കും. കടുംകെട്ടുപോലത്തെ കഥകളുമുണ്ടാകും. അങ്ങനെയൊന്നുമില്ലാത്ത ഒരാളെയല്ലേടോ നമ്മള് സാധാരണക്കാരനെന്നു വിളിക്കുന്നത്?''
മൂക്കിനു തൊട്ടുതാഴെനിന്നിറങ്ങി ഇരുവശത്തേക്കും നീണ്ട കനത്ത മീശയിൽ തലോടിക്കൊണ്ടിരിക്കുന്ന ആശാന്റെ മുഖത്തുനോക്കി തലയാട്ടിയെങ്കിലും ബാലുവിനു സംശയം ബാക്കിയായിരുന്നു.
"സാധാരണക്കാരനുവേണേൽ ആരുമറിയാണ്ട് മാഞ്ഞുപോകാം, ഇല്ലേ?''
ശൂന്യതയെ പുറത്തുവിടുകയാണെന്നമട്ടിൽ വലതുമുഷ്ടിയിലെ അഞ്ചു വിരലുകളും പണിക്കർ വിടർത്തിത്തുറന്നു.
"എന്താ സംശ്യം? ഒള്ളപ്പംതന്നെ ഇല്ലാത്തവനാണല്ലോ സാധാരണക്കാരൻ.''
ആ പ്രയോഗം ബാലുവിന് രസിച്ചു. ഇല്ലായ്മയിലെ ഉണ്മ, ഉണ്മയിലെ ഇല്ലായ്മ. ഒള്ളതും ഇല്ലാത്തതും ഒന്നുതന്നെയെന്ന ചുരുങ്ങൽ.
വൈകാരികതകളില്ലാതെ ഊർജ്ജസ്വലമായി സംസാരിക്കുന്ന, ചിരിക്കാത്ത നടേശപ്പണിക്കർ ബാലുവിനു ഗുരുവാണ്. അദ്ദേഹം കൈമാറിയ ചില ശങ്കകളുമായാണ് അയാൾ തുരുത്തിലേക്കു പോയത്. ആ ചെളിനിലത്ത് ഇപ്പോഴുമുണ്ട് മുപ്പതോളം കുടുംബക്കാർ. പിറന്ന മണ്ണിൽനിന്നറ്റുപോയാൽ ശ്വാസം നിലച്ചുപോകുമെന്ന് ഉറപ്പിച്ചവർ. കാലങ്ങൾക്കുമുമ്പ് തുരുത്തൊരു സ്വപ്നലോകം പോലെ മായികമായിരുന്നു. വെള്ളത്തിൽനിന്നുദിച്ച് വെള്ളത്തിലസ്തമിക്കുന്ന സൂര്യൻ. കായൽപ്പരപ്പിൽനിന്ന് തോണിയോളം ചാടിപ്പറന്നുപൊങ്ങുന്ന ചെറുമീനുകളുടെ മഴവിൽത്തിളക്കം. പച്ചയേക്കാൾ പച്ചയായ മരങ്ങളും ചെടികളും. സായിവ് പണിത പഴയ ചെമ്മൺകൊട്ടാരക്കെട്ടാണ് പള്ളി. മക്കളില്ലാത്തവർ നേർച്ചവച്ച കളിമൺകുഞ്ഞുങ്ങളാൽ വളയപ്പെട്ട കൊച്ചമ്പലം. ആ കളിമൺരൂപങ്ങൾക്കിടയിലാണ് പലപ്പോഴും ബാലു തങ്ങുന്നത്. സന്തതികളില്ലാത്ത മനുഷ്യരുടെ സ്വപ്നത്തിൽ പിറന്ന മക്കളാണവരെന്ന് അയാൾ വിചാരിക്കും. അതിലൊരാളാണ് ബാലുവും. കളിമണ്ണിനു പകരം മാംസരൂപം കൈവരിച്ചുവെന്നുമാത്രം.
ഈ സ്വപ്നലോകം ഇടിഞ്ഞുതകരാൻതുടങ്ങിയിട്ട് കുറച്ചുകാലമായി. സ്വപ്നങ്ങളെ നിർമ്മിക്കുന്ന പദാർത്ഥങ്ങളാൽ ഉരുവപ്പെട്ട മണ്ണിനും മനുഷ്യനും ശൂന്യതയിൽ മറയാതിരിക്കാനാകില്ല. ഒരു വേനൽക്കാലത്ത് അവിടെച്ചെന്നപ്പോഴാണ് ആ ലോകത്തിന്റെ സമനിലതെറ്റിയെന്ന് അയാൾ തിരിച്ചറിഞ്ഞത്. അതിർത്തിക്കല്ലുകളും വിലക്കുകളും ലംഘിച്ച് കായൽ തുരുത്തിലേക്കു  കയറിവന്നിരിക്കുന്നു. ആ ചെളിനിലത്തിന്റെ ആർഭാടഭംഗി കാശാക്കിമാറ്റാൻ നിലം വാങ്ങിക്കൂട്ടിയ മുതലാളിമാർ കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കിപ്പോയിരിക്കുന്നു. ആ മണ്ണിൽ പൊടിച്ചവരും അതിനോടു ചേർന്നൊട്ടി നിൽക്കുന്നവരും മാത്രമാണവിടെ തൂങ്ങിപ്പിടിച്ചു കഴിയുന്നത്. തുരുത്തിന്റെ തീരത്തുനിന്ന് മണ്ണുവാരി കാശുണ്ടാക്കിയവരും സർക്കാരും തിരിഞ്ഞുപോലും നോക്കിയില്ല.
വള്ളമിറങ്ങിയപ്പോൾ കടവിന്റെ ഓരത്തുള്ള മാടക്കടയിൽനിന്ന് ഹുസൈനിക്ക ബാലുവിനെ കൈകാട്ടി വിളിച്ചു. മൺകലത്തിലെ തണുപ്പുള്ള വെള്ളത്തിൽ ഒരു സർബ്ബത്തെടുത്ത് നീട്ടിയിട്ട് ബാലുവിന്റെ ഡയറിയിൽ നാലായി മടക്കിവച്ചിരുന്ന സായാഹ്നപത്രത്തിലേക്കു കൈചൂണ്ടി. നാട്ടുവാർത്തകൾക്കിടയിൽ രണ്ടു വരിയിലേക്കു ചുരുങ്ങിയ കാണ്മാനില്ല എന്ന കൊച്ചുതലക്കെട്ടിലേക്ക് ഹുസൈന്റെ കണ്ണുകൾ തറഞ്ഞു. തുരുത്തിൽ ഒന്നോ രണ്ടോ പേർക്കുമാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു ആ വാർത്ത. തുരുത്തുകാരുമായി ഇണങ്ങിയും പിണങ്ങിയും ഒറ്റാന്തടിയായി ക്കഴിഞ്ഞിരുന്ന കപ്പിത്താനെന്നും മാഞ്ഞൂരാനെന്നും വിളിപ്പേരുള്ള മനുഷ്യനെ കാണാതായിരിക്കുന്നു. ആ മനുഷ്യനേക്കുറിച്ച് കൂടു തൽ എന്തെങ്കിലും പറയാൻ കഴിയുമോ എന്ന ബാലുവിന്റെ ചോദ്യത്തിന് നീണ്ട മൗനമായിരുന്നു മറുപടി. ആലോചനകൾക്കുശേഷം ഹുസൈനിക്ക പറഞ്ഞു:
"അങ്ങനെ പറയാനൊന്നുമില്ല, കപ്പിത്താനെ കാണാനില്ലെന്ന് ആരോടെങ്കിലും ഒന്നു പറഞ്ഞുനോക്ക്, അവരും ഇങ്ങനെതന്നെ പറയും. അയാളെപ്പറ്റി ആർക്കും കാര്യായിട്ടൊന്നും അറിയില്ലപ്പാ...''
തുരുത്തിന്റെ കണ്ണും കാതും നാവുമായ ഹുസൈനിക്കയാണ് പറയുന്നത്.
"അവനിവട വന്നിട്ട് കൊറേക്കാലമായി. എത്ര കൊല്ലമായെന്ന് ചോദിച്ചാൽ അറിയില്ല. ആ വരവിപ്പഴും ഞാനോർക്കുന്നുണ്ട്. പേരുചോദിച്ചപ്പം കപ്പിത്താനെന്നു പറഞ്ഞു. അതൊരു പേരാണോ എന്നു ചോദിച്ചപ്പം മാഞ്ഞൂരാനെന്നു വിളിച്ചാ മതീന്നും... ആ പേരിലൊരു പഴയ നേതാവുണ്ടല്ലോ എന്നു ചോദിച്ചപ്പം അതെനിക്കറിയേല എന്നാണ് പറഞ്ഞത്. അന്നവന് ഞാനൊരു സർവ്വത്തു കൊടുത്തു. കാശുവേണ്ടാന്നു പറഞ്ഞപ്പം അങ്ങനെ ഓശാരമൊന്നും മാഞ്ഞൂരാനു വേണ്ടാന്നു പറഞ്ഞു. പുള്ളാരുടെ കൂട്ട് മാഞ്ഞൂരാനെന്ന പേര് ആവർത്തിച്ചുപറേണ കേട്ടപ്പം അതൊരു കള്ളപ്പേരല്ലേന്ന് എനിക്കൊരു സംശ്യം തോന്നാതിരുന്നില്ല.''
ഇതൊക്കെ പലവട്ടം ഹുസൈനിക്ക പറഞ്ഞിട്ടുള്ളതാണ്. പറഞ്ഞതൊക്കെത്തന്നെ ഇനീം ആവർത്തിക്കുമെന്നുതോന്നിയപ്പോൾ കാലിയായ ഗ്ലാസ്സ്, മിഠായിഭരണീടെ മൂടിയിൽവച്ചിട്ട് ബാലു നടന്നു.
മിനിച്ചേച്ചി എന്നുവിളിക്കുന്ന സൗദാമിനിയെന്ന സൗദയുടെ വാടകപ്പുരയിലാണ് മാഞ്ഞൂരാൻ താമസിച്ചിരുന്നത്. അവരുടെ വീട് തുരുത്തിലെ സൂപ്പർമാർക്കറ്റാണ്. പലചരക്കുകട, ചായക്കട, തുണിക്കട, നിൽപ്പൻ കള്ളുഷാപ്പ് എന്നിങ്ങനെ അവിടെയില്ലാത്തതൊന്നുമില്ല. കച്ചവടം കഴിഞ്ഞ നേരമായതിനാൽ ഷാപ്പിലെ ബെഞ്ചിൽ കിടന്നുമയങ്ങുകയായിരുന്നു സൗദ. അറുപതുകടന്നിട്ടും കൊതിപ്പിക്കുന്ന ശരീരം. ബാലുവിന്റെ വരവും നോട്ടവും ചിന്തയും സ്വപ്നത്തിൽ കണ്ടതുപോലെ അവർ കണ്ണുതുറിച്ച് ഒരുനോട്ടം. അയാൾ ചാരമായിപ്പോയില്ലെന്നേയുള്ളൂ.
"അതേയ്, നമ്മുടെ മാഞ്ഞൂരാനെവിടെപ്പോയി?''
"ഞാനവന്റെ തള്ളയോ അച്ചിയോ ആന്നോടാ നാറീ...''
ഉള്ളിലെ ദേഷ്യം മുഴുവനും അവർ ചൊരിഞ്ഞിട്ടു. സൗദയും കപ്പിത്താനും ഒന്നിച്ചാണു കിടക്കുന്നതെന്ന കരക്കമ്പിയുടെ പുറത്താണ് ബാലുവിന്റെ ചോദ്യമെന്ന് ന്യായമായും അവർ വിചാരിച്ചുകാണും.
"എന്താ മിനിയേച്ചീ, ഇങ്ങന മനുഷ്യപ്പറ്റില്ലാണ്ട്...''
ആദ്യത്തെ ദേഷ്യത്തിന് അങ്ങനെ പറഞ്ഞുവെങ്കിലും മിനിയേച്ചീ എന്ന വിളിയിൽ അവരലിഞ്ഞു. പിന്നെ മാഞ്ഞൂരാനേക്കുറിച്ച് സംസാരിക്കാനും തുടങ്ങി:
"അവനാദ്യം തുരുത്തിലേക്കുവന്നപ്പം എന്താണെന്നറിയില്ല, ആരും അടുപ്പിച്ചില്ല. മനുഷ്യപ്പറ്റില്ലാത്തതാണോ അതോ മനുഷ്യരെ ആട്ടിയകറ്റണതാണോ എന്നു പിടിയില്ല, വല്ലാത്തൊരു കാടൻ സ്വഭാവമാണവനെന്ന് പലരും പറേണകേട്ടിട്ടുണ്ട്. കുറേക്കാലം ആ വാറ്റുകാരൻ ഫെർണാണ്ടോ പാപ്പന്റെ ഒപ്പമായിരുന്നു. പിന്നെ അയാളുമായിട്ടും തല്ലിപ്പിരിഞ്ഞു. അന്നത്തെ ആ അടിയിലാണ് പാപ്പന്റെ പെടലിക്ക് എടർച്ചയുണ്ടായത്. എന്തായാലും ഞാനവന പണിക്കു നിർത്തി, പാർക്കാനെടോം കൊടുത്തു. അവനപ്പോലെ പണിചെയ്യണ ഒരുത്തനെ ഞാൻ കണ്ടട്ടേയില്ല. സംഗതി ആളിത്തിരി ഹറാംപെറപ്പൊക്കെ ആണേലും എനിക്കവനക്കൊണ്ടു നഷ്ടമൊന്നുമുണ്ടായിട്ടില്ല. കൊറേ ദെവസായിട്ടവന കാണാനില്ലെന്നതു നേരാണ്, പക്ഷേ, അതത്ര വലിയ കാര്യായിട്ടൊന്നും തോന്നണില്ല. അങ്ങനെ ഒന്നോ രണ്ടോ വട്ടം കാണാണ്ടായിട്ട് അവൻ മടങ്ങിവന്നിട്ടൊണ്ട്.''
സൗദാമിനിച്ചേച്ചിയിൽനിന്ന് കിട്ടിയ വിവരങ്ങൾവച്ചുതന്നെ അതങ്ങ് അവസാനിപ്പിക്കാമായിരുന്നു. വഴിയിൽവച്ച് ഫെർണാണ്ടോ പാപ്പന്റെ പേരക്കിടാവ് ബോണിഫെസിനെ കണ്ടില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു കഥയിലേക്കു കയറാൻ ഈ ജന്മത്ത് ബാലുവിന് കഴിയുകയുമില്ലായിരുന്നു. ബോണിയുടെ നാവിൽനിന്ന് വീണ ഒരൊറ്റ വാചകത്തിൽനിന്നാണെല്ലാം തുടങ്ങിയത്.
"കപ്പിത്താനെ കാണാണ്ടായന്നാരാ പറഞ്ഞത്? അതിനെ ആരോ തീർത്തുകളഞ്ഞതല്ലേ...''
"കൊന്നാ?''
"അല്ല പിന്നെ... അമ്മാതിരിയായിരുന്നില്ലേ കൈയിലിരിപ്പ്.''
""അതെന്തിനാ അയാളെ കൊല്ലണത്...''
"ആ... ചെന്നന്വേഷിക്ക്.''
ഒന്നു നോക്കുകപോലും ചെയ്യാതെ ബോണിഫെസ് സൈക്കിൾ പഴയ പള്ളിമാളികയിലേക്കു തിരിച്ചുവിട്ടു. നിഗൂഢത നിറഞ്ഞ ഒരിടമാണത്. എന്നിട്ടും ബാലു അവന്റെ പിന്നാലെ വെച്ചുപിടിച്ചു. വഴിയിലങ്ങോളം ചീഞ്ഞമണമുള്ള കറുത്ത വെള്ളം പൊങ്ങിയിരുന്നെങ്കിലും അയാൾ മുന്നോട്ടുതന്നെ നടന്നു. മുണ്ടു മാടിക്കുത്തി സായിവ് പണിത പഴയ പള്ളിമാളികയിലേക്കുനോക്കി ഏറെനേരം നിന്നു. ഒരുകാലത്ത് ഈ പള്ളിയുടെ ഭംഗിയാസ്വദിക്കാനും വാസ്തുശില്പകലയുടെ വൈദഗ്ധ്യം കണ്ടുപഠിക്കാനും ധാരാളമാളുകൾ വന്നിരുന്നു. ഇന്നിപ്പോൾ ദുഷിച്ച ആത്മാക്കളുടെ നടമാട്ടമാണ്. ബാലു അകത്തെ ഇരുട്ടിലേക്കുകയറി വാതിൽ തുറന്ന് കാലെടുത്തുവച്ചതേയുള്ളൂ, ഇരുളു പടർത്തിക്കൊണ്ട് വവ്വാലുകൾ വട്ടമിട്ടുപറക്കുന്നു. വാതിലടയ്ക്കാൻ ഓങ്ങിയതും മൃഗമുഖമുള്ള ഒരു വവ്വാൽ അയാളുടെ മുഖത്തുവന്നിടിച്ചു. ബാലു പെട്ടെന്നു പിന്നോക്കം വലിഞ്ഞു. ആ ഹാളിനെ ഇരുട്ടിലാഴ്ത്തി വട്ടമിട്ടു പറന്നുകൊണ്ടിരിക്കുന്ന വവ്വാലുകളുടെ പട. അയാൾ പുറത്തേക്കിറങ്ങി. മുഖം മുറിവേറ്റതുപോലെ നീറുന്നുണ്ട്. നേരം ഇരുട്ടിത്തുടങ്ങി. പള്ളിക്കടുത്തുള്ള വരമ്പിനറ്റത്തെ കലാസമിതിയിലും വെളിച്ചം കണ്ടില്ല. ഇനി ബോണിഫെസിനെ കാത്ത് അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്നുതോന്നി.
നടന്ന് നിരത്തിലേക്കെത്തിയപ്പോൾ ഫെർണാണ്ടോ പാപ്പനെ കണ്ടാലോ എന്നാലോചിച്ചെങ്കിലും വേണ്ടെന്നുവച്ചു. ഈ നേരത്ത് അവിടെച്ചെന്നിട്ടും കാര്യമില്ല. പാപ്പൻ നല്ല പറ്റായിരിക്കും. വയസ്സുകാലത്ത് പാപ്പൻ ചെയ്യുന്ന ഒരേയൊരു കാര്യം വാറ്റും കുടിയും മാത്രമാണ്.
"പാപ്പനും മാഞ്ഞൂരാനും നല്ല അടുപ്പത്തിലാരുന്നു. മുറുക്കെ പിടിച്ചോ, അവിടന്നെന്തെങ്കിലും കിട്ടാണ്ടിരിക്കില്ല...''
വള്ളം കാത്തുനിൽക്കെ ഹുസൈൻ പറഞ്ഞു.
"അവരൊടക്കിപ്പിരിഞ്ഞില്ലേ ഹുസൈനിക്കാ?''
"എന്നാലും ചെല സൂചനേക്കെ കിട്ടീന്നുവരും...''
വീട്ടിലെത്തിയ ബാലു താഴിട്ട് പൂട്ടി ഭദ്രമാക്കിയ സ്വകാര്യമുറിയിലേക്കു കയറി. വലിയൊരു പഴങ്കടലാസുമ്യൂസിയമായിരുന്നു അത്. കാലങ്ങളായി അയാൾ ശേഖരിച്ചു സൂക്ഷിച്ച മിസ്സിങ് കേസുകൾ. അക്കൂട്ടത്തിലേക്ക് അവസാനത്തെ ഇനമായി മാഞ്ഞൂരാനെന്ന കപ്പിത്താനെക്കൂടി ചേർക്കണം.
"ഊരിൽനിന്ന് മാഞ്ഞുപോയവൻ മാഞ്ഞൂരാൻ.''
കാണാതായവനെ അയാളൊരു ഉത്പ്രേക്ഷയാക്കിമാറ്റി.
കാണ്മാനില്ല എന്ന വാർത്തയോടൊപ്പം മാഞ്ഞൂരാന്റെ ഒരു ഫോട്ടോകൂടി കൊടുക്കണമായിരുന്നു. ബ്ലോക്കെടുത്ത് പ്രിന്റടിക്കാൻ പണച്ചെലവുണ്ടെങ്കിലും അതിനും അയാൾ തയ്യാറായിരുന്നു. പക്ഷേ, ചിത്രം കിട്ടണ്ടേ.
രാവിലെ ഫോൺ മണിയടിക്കുന്നതുകേട്ടാണ് ഉണർന്നത്. പോലീസ് സ്റ്റേഷനിൽനിന്നാണ്.
"തുരുത്തീന്ന് ഒരു മിസ്സിങ് കേസുണ്ടല്ലോ ബാലൂ, നീയറിഞ്ഞില്ലേ?''
"കപ്പിത്താന്റെ കാര്യം സാറിനോടു ഞാൻ പറഞ്ഞതല്ലേ...''
"അതല്ല, ഇതൊരു കഞ്ചാവുപയ്യനാണ്. ബോണീന്നോ മറ്റോ ആണ് പേര്...''
""ഓ ബോണിഫെസ്... അവൻ മിസ്സിങ്ങൊന്നുമല്ല തമ്പുരാൻസാറേ. ദാ ഇന്നലെ സന്ധ്യയ്ക്കുംകൂടി കണ്ടതാ ഞാൻ.''
"എങ്കി നിന്നേം കൂടി ചോദ്യം ചെയ്യണ്ടിവരും. നേരേ ഇങ്ങോട്ടു പോര്.''
തമ്പുരാൻ ഹെഡ്‌കോൺസ്റ്റബിളാണ്. മുഴുവൻ പേര് രവിവർമ്മ തമ്പുരാൻ. തമ്പുരാൻസാറെന്ന് തികച്ചുവിളിക്കണം, അല്ലെങ്കിൽ മുഖം കറുക്കും. മിസ്സിങ് കേസുകളാണ് ബാലുവിനെയും തമ്പുരാനെയും അടുപ്പിച്ചത്. നടേശപ്പണിക്കരുടെ ചായ്പ്പിലെ ഒരു ട്രെഡിൽ പ്രസ്സിൽ അച്ചടിക്കുന്ന പ്രഭാതകാഹളം, സായാഹ്നകാഹളം എന്നീ പത്രങ്ങളുമായും ബാലു ബന്ധമുണ്ടാക്കിയിരിക്കുന്നത് അടയാളങ്ങളില്ലാതെ കാണാതെപോകുന്ന മനുഷ്യർക്കുവേണ്ടിയാണ്.
വളരെ സജീവമായിരിക്കുന്ന മനുഷ്യരെ പെട്ടെന്ന് ഒരുനിമിഷം കാണാതാകുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നാടകവും ദുഃഖവും ദുരന്തവും. കാണ്മാനില്ല എന്ന വാക്കിനും അതിനു
പിന്നിലെ വസ്തുതകൾക്കുമിടയിലാണ് ബാലു അയാളുടെ ജീവിതം തന്നെ ചേർത്തുവച്ചിരിക്കുന്നത്. അങ്ങനെ ആ കാണായ്മകളേക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു മുറിയിൽ തൂങ്ങിയാടുന്ന രണ്ട് മധ്യവയസ്‌കരുടെ രൂപങ്ങൾ തെളിഞ്ഞുവരും. അതയാൾ കണ്ട കാഴ്ചയല്ല. കാണാത്ത കാഴ്ചകളാണ് കൂടുതൽ യഥാർത്ഥമെന്നു ബാലുവിനു തോന്നാറുണ്ട്. ഗർഭത്തിലെന്നതുപോലെ മങ്ങൂഴത്തിലായിരുന്ന നീണ്ട കാലങ്ങളുണ്ട് അയാളുടെ ജീവിതത്തിൽ. ആരുടേയൊക്കെയോ കൈകളിലൂടെ മറിഞ്ഞുമറിഞ്ഞ് എവിടെയൊക്കെയോ ചെന്നുപെട്ടു. പാടത്ത് ക്രിക്കറ്റ് കളിച്ചിരുന്ന ചേട്ടൻമാർക്ക് പന്ത് പെറുക്കിക്കൊടുക്കാൻ നിന്നത് തെളിഞ്ഞ കാഴ്ചയാണ്. പന്തെടുക്കാനോ മറ്റോ പാഞ്ഞുപോയതാണ്. ആരോ തള്ളി തോട്ടിലിട്ടു. ബോധം വരുമ്പോൾ ഓടുന്ന തീവണ്ടിയിലാണ്. അറിയാത്ത ഭാഷ പറയുന്ന, പിച്ചളനിറമുള്ള മൂക്കുത്തിയിട്ട ഒരു തടിച്ച
പെണ്ണിന്റെ കൈകളിൽ. കാൽനൂറ്റാണ്ടുമുമ്പ് കേരളത്തിലെ പത്രങ്ങൾ ആഘോഷിച്ച മിസ്സിങ് കേസിലെ മുഖ്യകഥാപാത്രമാണ് താനെന്ന് ഓർക്കാനും പറയാനും ബാലു ഇഷ്ടപ്പെട്ടില്ല. പതിനഞ്ചു വർഷം കഴിഞ്ഞ് മടങ്ങിയെത്തിയ ആ ബാലനെ നാട്ടുകാരും ചങ്ങാതിമാരും പാടേ മറന്നുകഴിഞ്ഞിരുന്നു. അങ്ങനെയാണ് രണ്ടാം പിറവി. ഒന്നിൽത്തന്നെ രണ്ടു പിറവിയുണ്ടാകുന്നത് അപൂർവ്വ യോഗമാണ്. രണ്ടാം ജന്മത്തിൽ കാണാതെപോയ മനുഷ്യരുടെ ജീവിതം ബാലു ഐച്ഛികവിഷയമാക്കി. കൊലപാതകത്തിലോ മരണങ്ങളിലോ അയാൾക്കു തെല്ലും കൗതുകമില്ല. ഒരു മനുഷ്യനെ കാണാനില്ലെന്നു കേട്ടാൽ അയാളെല്ലാം മറന്ന് ഇറങ്ങിത്തിരിക്കും.
"ബോണീടെ പിന്നാലെ നീയെന്തിനാടാ ആ മുടിഞ്ഞ പള്ളീ പോയത്?''
"ബോണിഫെസും കൂട്ടരും അവിടിരുന്നാ സാറേ കഞ്ചാവടിക്കുന്നത്. കഞ്ചാവുമാത്രമല്ല, വേറേം ചെല പരിപാടികളൊണ്ട്. പോലീസിനു വല്ലപ്പോഴും ഒന്നെടപെടാമായിരുന്നു.''
അതിന് മറുപടി കൊടുക്കാതെ തമ്പുരാൻ പോലീസ് വിഷയത്തിലേക്കു കടന്നു.
"എന്നുവച്ചാല് അവസാനമായിട്ട് ആ ചെക്കനെ കണ്ടത് നീയാണെന്നു ചുരുക്കം... നീ പെട്ടു മോനേ.''
ഞാൻ ജനിച്ചപ്പോൾതന്നെ പെട്ടിരിക്കയാണ് സാറേ എന്നാണു പറയേണ്ടത്. പക്ഷേ, പറഞ്ഞില്ല. അവനവനിൽനിന്നു പുറത്തുകടക്കാനാഗ്രഹിക്കുന്നവരാണ് മിക്കവാറും മനുഷ്യർ. എന്നാൽ, ബാലു മറിച്ചാണ്. എന്നും അവനവനിൽതന്നെ ചുരുങ്ങിക്കൂടാനും കുടുങ്ങിക്കിടക്കാനുമാണ് അയാൾ ശ്രമിക്കുന്നത്. ഇപ്പോൾ കാണാതായ കപ്പിത്താനും ബോണിഫെസും അതിനുമുമ്പ് കാണാതായ അസംഖ്യം പേരും അയാളുടെ ജീവിതത്തിന്റെ ഭാഗമാണ്. യഥാർത്ഥത്തിൽ ബോണിഫെസിനെയും കാണാതായിട്ടുണ്ടെങ്കിൽ ഈ കേസ് കൂടുതൽ ഊർജ്ജസ്വലമാകും. സ്റ്റേഷനിൽനിന്നിറങ്ങി നേരേ പത്രമാപ്പീസിലേക്കും തുരുത്തിലേക്കുമൊക്കെ പോകാനയാൾക്ക് ഉത്സാഹമായി. എന്നാൽ, തമ്പുരാൻ പോലീസ് ചോദ്യങ്ങളുടെ കടുംകെട്ടുമായി മുറുക്കിച്ചുവപ്പിച്ചങ്ങനെ നിൽക്കുകയാണ്. അയാളെ സുഖിപ്പിച്ചിരുത്തിയാൽമാത്രമേ അവിടെനിന്നിറങ്ങാനാകൂ.
ഉച്ചതിരിഞ്ഞപ്പോഴാണ് ബാലു തുരുത്തിലെത്തിയത്. ഹുസൈൻ അക്ഷമനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
"അറിഞ്ഞാ? ഫെർണാണ്ടോയുടെ പേരക്ടാവിനെ കിട്ടി.''
മുഖത്തെ നിരാശ മറച്ചുപിടിക്കാൻ ബാലു കഷ്ടപ്പെട്ടു.
"എവിടെണ്ടായിരുന്നു?''
"ആ നശിഞ്ഞ പള്ളീത്തന്നെ... തൂങ്ങിക്കെടക്കേയിരുന്നു.''
"ങ്‌ഹേ?''
"അതേന്ന് തൂങ്ങിച്ചത്തു.''

കാണായ്‌മ
അടയാളങ്ങളില്ലാതെ അപ്രത്യക്ഷരാകുന്ന മനുഷ്യരും അവർ അവശേഷിപ്പിച്ചു പോകുന്ന നിഗൂഢതകളുമാണ് പി എഫ് മാത്യൂസിന്റെ 'കാണായ്മ'യുടെ പ്രമേയം. തുരുത്ത് എന്ന ഒറ്റപ്പെട്ട ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ, കാണാതാകുന്ന മനുഷ്യരെക്കുറിച്ചുള്ള വാർത്തകൾ ശേഖരിക്കുന്ന ബാലു എന്ന യുവാവ് നടത്തുന്ന അന്വേഷണമാണ് നോവൽ.

പി എഫ് മാത്യൂസ്


Related Articles