വായനയുടെ ഉത്സവങ്ങൾ

World of Letters

വായനയുടെ ഉത്സവങ്ങൾ


ക്കഴിഞ്ഞ സ്വിസ്‌യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ പ്രശസ്‌ത ഫിന്നിഷ് എഴുത്തുകാരൻ ഷോൺ പറഞ്ഞ ഒരു കാര്യമുണ്ട്, ലോകത്തെമ്പാടും പല രാജ്യങ്ങൾ സന്ദർശിച്ച് സാഹിത്യ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും കേരളത്തിലെപോലെ ആവേശത്തോടെ സാഹിത്യത്തെ സ്നേഹിക്കുകയും അതിൽ ഇടപെടുകയും ചെയ്യുന്ന ചെറുപ്പക്കാരെ അധികമൊന്നും മറ്റെവിടെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന്.

മറ്റു പലയിടത്തും ഇന്ന് സാഹിത്യം വളരെ മുതിർന്നവരുടെമാത്രം ഇടപാടായി മാറിക്കഴിഞ്ഞെങ്കിൽ, യുവാക്കൾ വളരെ വേഗം അതിൽ നിന്ന് ഒഴിഞ്ഞുപോകുന്നുവെങ്കിൽ കേരളത്തിൽ യുവാക്കൾ കൂടുതലായി അതിനോട് അടുത്തുകൊണ്ടിരിക്കുന്നു എന്ന് ഏത് കണക്കുകൾവച്ചും തെളിയിക്കാൻ കഴിയും. എവിടെനിന്നാണ് പുതിയ കാലത്തെ ചെറുപ്പക്കാരിൽ ഈ സാഹിത്യാവേശവും അഭിനിവേശവും കൂടുതലായി വന്നുചേർന്നത് എന്നു ചോദിച്ചാൽ നിശ്ചയമായും അതിനൊരുത്തരമേയുള്ളൂ. കേരളത്തിൽ നടക്കുന്ന സാഹിത്യോത്സവങ്ങൾ.

നമ്മുടെ സാംസ്‌കാരിക സന്ധ്യകളും വായനക്കൂട്ടങ്ങളും പുസ്തകാസ്വാദനച്ചടങ്ങുകളും പരിശോധിച്ചാൽ അവിടെ വന്നുകൂടുന്നവരിൽ ബഹുഭൂരിപക്ഷവും മദ്ധ്യവയസ് പിന്നിട്ടവരും പ്രായമായവരും ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അപൂർവ്വം ചെറുപ്പക്കാർ ആരുടെയെങ്കിലുമൊക്കെ നിർബന്ധത്തിൽ ഒട്ടുമേ താത്പര്യമില്ലാതെ അവിടെ ഒന്ന് വന്നിരുന്നാലായി. അവർ വേഗം സ്ഥലം കാലിയാക്കുകയും ചെയ്യും. തങ്ങളുടെ അഭിരുചികളുമായും താത്പര്യങ്ങളുമായി ഒത്തുപോകുന്ന ഒന്നും അവിടെനിന്ന് ലഭിക്കുന്നില്ല എന്ന തോന്നലിൽനിന്നാവണം അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം. അർത്ഥരഹിതങ്ങളായ സ്വാഗതപ്രസംഗങ്ങളും നാട്ടിലെ പ്രമുഖന് സ്ഥാനം കൊടുക്കാൻ വേണ്ടി വച്ചിരിക്കുന്ന അധ്യക്ഷസ്ഥാനങ്ങളും ഏകപക്ഷീയമായി മണിക്കൂറുകൾ നീളുന്ന പ്രസംഗങ്ങളും അറുബോറൻ പുകഴ്‌ത്തലുകളും നിറയുന്ന അത്തരം വേദികളിൽനിന്ന് ഇന്നത്തെ ചെറുപ്പക്കാർ ഓടിയൊളിച്ചില്ലെങ്കിലേ അവരെ സംശയിക്കേണ്ടതുള്ളൂ. എന്നാൽ കേരളത്തിൽ നടക്കുന്ന ഓരോ സാഹിത്യോത്സവവും കണ്ണ് തുറന്ന് കാണുന്ന ആർക്കും മനസ്സിലാവുന്ന കാര്യമുണ്ട്. അവിടങ്ങളിലെല്ലാം ‘പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും’ കാംക്ഷിക്കുന്ന പ്രായമായവരെ തള്ളിമാറ്റിക്കൊണ്ട് സാധാരണക്കാരായ ചെറുപ്പക്കാരും മനസ്സിൽ ചെറുപ്പം സൂക്ഷിക്കുന്നവരും പുതുമ ഇഷ്ടപ്പെടുന്നവരും ആവേശത്തോടെ വന്നുനിറയുന്നു. ആവേശത്തോടെ സംവാദങ്ങളിൽ പങ്കെടുക്കുന്നു. എഴുത്തുകാരെ ചോദ്യങ്ങൾകൊണ്ട് നിറുത്തി പൊരിക്കുന്നു.  അവരുടെ ഓരോ വരികളെയും ഇഴകീറി പരിശോധിച്ച് അവരുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നു. ഇവർ ആരെയും ആരും ആട്ടിത്തെളിച്ചുകൊണ്ടു വരുന്നവരല്ല. മറ്റ് പരിപാടികൾ എല്ലാം മാറ്റിവച്ച് സ്വന്തം താത്പര്യപ്രകാരം വന്നുചേരുന്നവരാണ് അവരെല്ലാം.  അപ്പോൾ ചെറുപ്പക്കാർ ഓടിയൊളിച്ചത് സാഹിത്യത്തിൽനിന്നോ സാംസ്‌കാരിക പരിസരങ്ങളിൽനിന്നോ അല്ല, അറുപഴഞ്ചൻ സദസ്സുകളിൽനിന്നാണ്. അവർക്കിഷ്ടമാവുന്ന തരത്തിൽ അതിനെ രൂപപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്‌തപ്പോൾ അവർ ഒളിവിടങ്ങൾ വിട്ട് പുറത്തുവരികയാണ് ചെയ്‌തത്.


Related Articles