അപസർപ്പകകഥയ്ക്ക് ഒരു ശ്രദ്ധാഞ്ജലി

World of Letters

അപസർപ്പകകഥയ്ക്ക് ഒരു ശ്രദ്ധാഞ്ജലി


ഡിറ്റക്ടീവ് നോവൽ, മർഡർ മിസ്റ്ററി എന്നൊക്കെ ഉപഗണവിഭജനമനുസരിച്ച് പല പേരുകളുള്ള കുറ്റാന്വേഷണകഥ എങ്ങനെ എഴുതണം എന്ന ചോദ്യത്തിന് ഉത്തരമായി അപസർപ്പക നോവലിസ്റ്റുകൂടിയായിരുന്ന ബ്രിട്ടീഷ് പുരോഹിതൻ ഫാദർ റൊണാൾഡ് നോക്‌സ് (Ronald Know, 1888-1957) പത്തുനിയമങ്ങൾ എഴുതിയുണ്ടാക്കിയിട്ടുണ്ട്. നോക്‌സിന്റെ പത്തുകല്പനകൾ എന്നറിയപ്പെടുന്ന ആ നിയമങ്ങൾ 'ദ ബെസ്റ്റ് ഇംഗ്ലിഷ് ഡിറ്റക്റ്റീവ് സ്റ്റോറീസ് ഓഫ് 1928' എന്ന പുസ്തകത്തിനെഴുതിയ ആമുഖലേഖനത്തിലാണ് ഫാ. നോക്‌സ് അവതരിപ്പിച്ചത്. 1929-ൽ എഴുതിയ ആ ലേഖനം പിന്നീട് 1946-ൽ 'അപസർപ്പകകഥയുടെ പത്തുകല്പനകൾ'(The Detective Story Decalogue) എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ചു. ഇംഗ്ലിഷിലെ അപസർപ്പകകഥാസാഹിത്യത്തിലെ 'ഗോൾഡൻ ഏജ്' ഘട്ടത്തിൽ ബ്രിട്ടീഷ് എഴുത്തുകാർ രൂപപ്പെടുത്തിയ ഡിറ്റെക്ഷൻ ക്ലബ്ബ് എന്ന സ്വാധീനശക്തിയുള്ള സംഘത്തിലെ പ്രമാണിമാരിലൊരാളായിരുന്നു ഫാ. നോക്‌സ്. ക്രൈസ്തവപുരോഹിതനായ നോക്‌സ് കുറ്റാന്വേഷണകഥയെഴുതുന്നത് നിർത്തണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം പത്തുകല്പനകൾ പുറപ്പെടുവിച്ചത്. കഥയുടെ തുടക്കത്തിൽതന്നെ വായനക്കാർ അറിയാത്ത വിധത്തിൽ കുറ്റവാളിയെ അവതരിപ്പിക്കുക, അതിമാനുഷമോ പ്രകൃത്യതീതമോ ആയ ഘടകങ്ങൾ ഒഴിവാക്കുക, ഒന്നിലധികം രഹസ്യവഴികളോ രഹസ്യമുറികളോ ചിത്രീകരിക്കാതിരിക്കുക, ഡിറ്റക്ടീവുതന്നെ കുറ്റകൃത്യം ചെയ്യാതിരിക്കുക തുടങ്ങിയവയായിരുന്നു നോക്‌സ് നിയമങ്ങൾ. ഇതേകാലത്തുതന്നെ അമേരിക്കൻ അപസർപ്പക നോവലിസ്റ്റും കലാവിമർശകനുമായ എസ്.എസ്. വാൻ ഡൈൻ ('ഡിറ്റക്ടീവ് നോവലെഴുതാനുള്ള ഇരുപതുനിയമങ്ങൾ' (Twenty Rules for Writing Detective Stories, 1928) എന്ന ലേഖനവും എഴുതി. ഡിറ്റക്ടീവിനെപ്പോലെ വായനക്കാർക്കും നിഗൂഢത പരിഹരിക്കാനുള്ള അവസരം നൽകുക, പ്രേമകഥ കൂട്ടിയിണക്കാതിരിക്കുക, അപസർപ്പകനോ അന്വേഷണോദ്യോഗസ്ഥനോ കുറ്റവാളിയാകാതിരിക്കുക, യുക്തിപരമായി മാത്രം കുറ്റവാളിയെ കണ്ടെത്തുക, ഒന്നിലേറെ കുറ്റവാളികൾ ഉണ്ടാകാതിരിക്കുക തുടങ്ങിയവയാണ് വാൻ ഡൈനിന്റെ നിയമങ്ങൾ. സുവർണകാല അപസർപ്പകകഥയിലെ നിയമാവലികളിൽനിന്നും ബഹുദൂരം പോന്നതാണ് സമകാലിക കുറ്റാന്വേഷണ സാഹിത്യം. അവയ്ക്കുള്ള ശ്രദ്ധാഞ്ജലിയാണ് സമകാലിക ബ്രിട്ടീഷ് അപസർപ്പകകഥാകാരനായ അലെക്‌സ് പാവെസിയുടെ 'എയ്റ്റ് ഡിറ്റക്ടീവ്‌സ്' ((Alex Pavesi. Eight Detectives, 2020. അമേരിക്കൻ പതിപ്പിന്റെ ശീർഷകം The Eighth Detective).

അലെക്‌സ് പാവെസി
അലെക്‌സ് പാവെസി

പരമ്പരാഗതസങ്കല്പങ്ങളെയും ഭാവനകളെയും അപനിർമാണവിധേയമാക്കുന്ന സമകാലിക അപസർപ്പകരചനയുടെ മാതൃകയായ 'എയ്റ്റ് ഡിറ്റക്ടീവ്‌സി'ൽ അപസർപ്പകനോ ഒന്നാംപേജിലെ കുറ്റവാളിയോ ശവശരീരമോ ഒന്നുമില്ല, എന്നാൽ അവയെല്ലാം ഉണ്ടുതാനും. മധ്യധരണ്യാഴിയിലെ ഒരു ദ്വീപിൽ ഏകാന്തവാസം നയിക്കുന്ന സ്‌കോട്ട്‌ലൻഡുകാരനായ ഗണിതശാസ്ത്രജ്ഞന്റെയും അയാളെ തേടിയെത്തുന്ന ഒരു പുസ്തകഎഡിറ്ററുടെയും കഥയാണ് ഈ നോവലിന്റെ ഉള്ളടക്കം. അതിൽ ഏഴ് അപസർപ്പക ചെറുകഥകളും അവയെക്കുറിച്ചുള്ള ചർച്ചയും രണ്ട് ഉപസംഹാരങ്ങളുമാണ്. ആ കഥകളെയും കഥാകൃത്തിനെയുംകുറിച്ചുള്ള അന്വേഷണം മറ്റൊരു കുറ്റാന്വേഷണകഥയായിത്തീരുന്നു. സ്‌കോട്ട്‌ലൻഡിലെ എഡിൻബറ യൂണിവേഴ്‌സിറ്റിയിൽ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന ഗ്രാന്റ് മക്കലിസ്റ്റർ 1940കളിൽ ഏഴ് കൊലപാതകകഥകളടങ്ങിയ 'ദ വൈറ്റ് മർഡേഴ്‌സ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കഥകൾക്കു പുറമേ 'ദ പെർമ്യുട്ടേഷൻസ് ഓഫ് ഡിറ്റക്ടീവ് ഫിക്ഷൻ' എന്ന പ്രബന്ധം അനുബന്ധമായി ഉൾപ്പെടുത്തിയിരുന്ന ആ പുസ്തകം സ്വകാര്യമായാണ് ഗ്രാന്റ് മക്കലിസ്റ്റർ പ്രസിദ്ധപ്പെടുത്തിയത്. അധികം പ്രതികളൊന്നും അച്ചടിക്കാത്ത ആ പുസ്തകം പ്രസിദ്ധീകരിച്ചശേഷം മറ്റൊന്നുമെഴുതാത്ത ഗ്രാന്റ് ജോലിയുപേക്ഷിച്ച് പൊതുജീവിതത്തിൽനിന്നുതന്നെ പിൻവാങ്ങി ആ വിദൂരദ്വീപിൽ വാസം തുടങ്ങി. മൂന്നുപതിറ്റാണ്ടിനുശേഷം ഒരു പ്രസാധകൻ യാദൃച്ഛികമായി 'ദ വൈറ്റ് മർഡേഴ്‌സ' കണ്ടെത്തി. അതു പുനഃപ്രസിദ്ധീകരിക്കാൻ താത്പര്യം കാണിച്ച പ്രസാധകൻ ഗ്രാന്റിനെ കണ്ടെത്തുക മാത്രമല്ല പ്രസാധനകാര്യങ്ങൾ ചർച്ചചെയ്യാൻ തന്റെ എഡിറ്ററായ ജൂലിയ ഹാർട്ട് എന്ന യുവതിയെ അയാൾക്കടുത്തേക്ക് അയയ്ക്കുകയും ചെയ്തു.


Related Articles