ചില ജന്മങ്ങളുണ്ട്, മറ്റുള്ളവരുടെ യാഥാർത്ഥ്യങ്ങളിൽ ആണ്ടുമുങ്ങുന്നവർ, അവരുടെ സംസാരരീതിയിൽ, അവർ കാലുകൾ പിണച്ചുവയ്ക്കുന്നതിൽ, സിഗരറ്റ് കൊളുത്തുന്നതിൽ. അവരുടെ സാന്നിദ്ധ്യത്തിൽ ഇവർ പെട്ടുപോകും. ഒരു ദിവസം, പ്രത്യേകിച്ചും ഒരു രാത്രി, ഒരപരവ്യക്തിയുടെ ഇച്ഛയിലും ആസക്തിയിലും ഇവർ മതിമറക്കും. തങ്ങളെക്കുറിച്ച് ഇവർ സ്വയം വിശ്വസിച്ചിരുന്നതെല്ലാം മാഞ്ഞുതീരും. തങ്ങളുടെ പ്രതിച്ഛായ അനങ്ങുന്നതും അനുസരിക്കുന്നതും അജ്ഞാതമായ സംഭവപരമ്പരകളിലേക്ക് തൂത്തെറിയപ്പെടുന്നതും കണ്ട്, ഇവർ ഉരുകിത്തീരും. എല്ലായ്‌പോഴും ഒരടി മുന്നിലായിരിക്കുന്ന മറ്റേയാളിന്റെ ആഗ്രഹങ്ങൾക്കു പിറകേ ഇവർ ഇഴയും. ഒരിക്കലും ഒപ്പമെത്തുകയുമില്ല.
ഇവിടെ കീഴടങ്ങലോ സമ്മതമോതലോ ഇല്ല, യാഥാർത്ഥ്യങ്ങളെ തുടച്ചുനീക്കുകമാത്രമാണ് ആകെ ചെയ്യുന്നത്, അങ്ങനെ വരുമ്പോൾ ആളുകൾ പറഞ്ഞുപോകും, ‘ഇതൊന്നും എനിക്ക് വരാൻ പാടില്ലല്ലോ’ അല്ലെങ്കിൽ ‘എനിക്കാണല്ലോ ഇതെല്ലാം വരുന്നത്’ എന്നൊക്കെ, എന്നാൽ ഇനിയീ സാഹചര്യത്തിൽ ഒരുതരത്തിലും ‘ഞാൻ' കടന്നുവരുന്നില്ല, അല്ലെങ്കിൽ കാര്യങ്ങൾ അപ്പോഴേക്കും മാറിക്കഴിഞ്ഞിരിക്കും. അയാൾ മാത്രമാണ് ആകെ അവശേഷിക്കുക. അയാൾക്കുമാത്രം അറിയാവുന്ന, വരാനിരിക്കുന്ന നിമിഷങ്ങളുടെയും ചേഷ്ടകളുടെയും സാഹചര്യങ്ങളുടെയും ഏക യജമാനനായ അയാൾ.
പിന്നീട് അയാൾ പോകും. നിങ്ങൾ അയാളിൽ താത്പര്യം ഉണർത്താതായിരിക്കുന്നു. യാഥാർത്ഥ്യത്തോടൊപ്പമാണ് അയാൾ നിങ്ങളെ ഉപേക്ഷിക്കുക, ഉദാഹരണത്തിന്, കറപുരണ്ട ഒരുജോടി അടിവസ്ത്രം. സ്വന്തം സമയത്തെക്കുറിച്ചു മാത്രമാണ് ഇപ്പോൾ അയാളുടെ ചിന്ത, നിങ്ങളാകട്ടെ, അനുസരിക്കുക എന്ന നിങ്ങളുടെ ശീലത്തോടൊപ്പം അപ്പോഴേക്കും തനിച്ചായിക്കഴിഞ്ഞിരിക്കും: യജമാനനില്ലാതെ കാലത്തിൽ തനിച്ച്.
