പുതിയനാമ്പുകൾ

World of Letters

പുതിയനാമ്പുകൾ


മുനി നാരായണ പ്രസാദിന്റെ ആത്മകഥയായ 'ആത്മായന'ത്തിൽ നിന്ന്

ഈ പ്രപഞ്ചത്തിന് ഒരാദിയുണ്ടെന്നും ഒരന്ത്യമുണ്ടാകുമെന്നാണ് വിശ്വാസമെങ്കിലും നമ്മുടെയെല്ലാം അനുഭവത്തില്‍ അതു ശാശ്വതമായി നിലനില്ക്കുന്നതാണ്. ഈ നിലനില്പാകട്ടെ, മാറ്റങ്ങളുടേതായ ഒരു നിരന്തരപ്രവാഹമായിട്ടാണുതാനും. പ്രപഞ്ചഘടകമായ അണുക്കളില്‍പോലും ഈ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി നമ്മിലും സംഭവിക്കുന്നു, ഈ മാറ്റങ്ങൾ ചിലതൊക്കെ അപ്രതീക്ഷിതമായിട്ടായിരിക്കും വന്നുഭവിക്കുന്നത്. ഇങ്ങനെയുള്ള സംഭവങ്ങളെയാണ് ജീവിതത്തിലെ വിശേഷങ്ങളായി കണക്കാക്കിപ്പോരുന്നത്. ഈ വിശേഷങ്ങളെയെല്ലാം നിര്‍വിശേഷമായ ഒന്നില്‍നിന്നന്യമല്ലാതെ കണ്ടുകൊണ്ട് ആ ഒന്നില്‍ സ്വാഭാവികമായി എഴുന്നുവരുന്നതാണെന്നു കണ്ടുകൊണ്ട്, ജീവിക്കുമ്പോഴാണ് മനുഷ്യന് ജീവിതം സമാധാനം നിറഞ്ഞതായി അനുഭവപ്പെടുന്നത്. ഇമ്മാതിരി മാറ്റങ്ങള്‍ നാരായണഗുരുകുലത്തിലും വിശേഷിച്ചും വര്‍ക്കല ഗുരുകുലത്തില്‍ സംഭവിച്ചു. അത് എന്നിലും വലിയ മാറ്റങ്ങളുണ്ടാക്കി.

നടരാജഗുരു ഊട്ടിയില്‍ താമസിച്ചുകൊണ്ട് An Integrated Science of the Absolute എന്ന ഗ്രന്ഥത്തിന്റെ രചനയാരംഭിച്ചു. റോമ റീന്‍ ഗ്രേസ്ബ്രൂക്കും ഫ്രഡ്ഹാസ്സും ചേര്‍ന്ന് അതെല്ലാം അപ്പോഴപ്പോള്‍ എഴുതിയെടുത്ത് ടൈപ്പുചെയ്യുന്നുണ്ടായിരുന്നു. നാരായണഗുരുവിന്റെ ദര്‍ശനമാലയെ കേന്ദ്രമാക്കികൊണ്ട് ബ്രഹ്മവിദ്യയെ സര്‍വ്വവിദ്യാ പ്രതിഷ്ഠയായ ശാസ്ത്രമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഗുരു അതില്‍ നടത്തുന്നത്. അതായത്, എല്ലാ ശാസ്ത്രങ്ങളും എല്ലാ കലകളും എല്ലാ മതങ്ങളും എല്ലാ ദര്‍ശനങ്ങളും, ഒരൊറ്റ ബോധത്തിന്റെ വൃത്തിഭേദങ്ങളെന്ന തരത്തില്‍ ഏതൊരു സത്യദര്‍ശനത്തില്‍ സമന്വിതമായിത്തീരുന്നുവോ, അതിനെ ആധുനികശൈലിയിലുള്ള ഒരു ശാസ്ത്രമായി അവതിരിപ്പിക്കുക. ഭാരതത്തില്‍ ആ ശാസ്ത്രത്തെയാണ്, ബ്രഹ്മവിദ്യയെന്നു പണ്ടുമുതൽ വിളിച്ചുവന്നത്. മുണ്ഡകോപനിഷത്ത് ആരംഭിക്കുന്നതുതന്നെ ''ബ്രഹ്മവിദ്യാം സര്‍വ്വവിദ്യാ പ്രതിഷ്ഠാം'' (എല്ലാ ശാസ്ത്ര ങ്ങള്‍ക്കും പ്രതിഷ്ഠയായിരിക്കുന്ന ബ്രഹ്മവിദ്യയെ) എന്ന വാക്കുകളോടുകൂടിയാണ്. നിരന്തരമായ ഒരു തപസ്സെന്ന നിലയില്‍ ആ ഗ്രന്ഥത്തിന്റെ രചന വര്‍ഷാവസാനത്തോടെ പൂര്‍ത്തിയായി.


Related Articles