മനസ്സിനെന്തൊരാഹ്ലാദം. ചിസാലം അഡോറ! എത്ര മനോഹ രമായ പേര്. അവളൊരു സുന്ദരിക്കുട്ടിയാണ്. ഭൂമിയിലേക്ക് വന്നുപിറന്നിട്ട് ഒരാഴ്ചമാത്രം പ്രായമായ അവളുടെ മിഴികളില്‍ ലോകത്തിനോടുള്ള കൗതുകം ചിരിപൂണ്ടു നില്ക്കുന്നു. എത്ര മഹത്തായ സൃഷ്ടിയുടെ കര്‍മ്മമാണ് ഒരു കുഞ്ഞിനെ ഈ ഭൂമിയിലേക്കു കൊണ്ടുവരുന്നതിലൂടെ നീ നിര്‍വ്വഹിച്ചി രിക്കുന്നത്. വാരിച്ചൊരിയപ്പെടുന്ന അഭിനന്ദനങ്ങളൊന്നും അതിനു പകരം വയ്ക്കാന്‍ ആവില്ല.
കത്തിലൂടെ നീയെന്റെ കണ്ണു നനയിച്ചു. നിനക്കറിയാമല്ലോ ഞാന്‍ ചിലപ്പോഴൊക്കെ അങ്ങനെയാണ്. വികാരഭരിതയായിപ്പോകും. മകളെ എങ്ങനെ ഒരു ഫെമിനിസ്റ്റ് ആയി വളര്‍ത്താം എന്ന നിന്റെ വിചാരത്തെ വളരെയധികം ഉത്തരവാദിത്വമുള്ള ഒരു ദൗത്യമായി ഞാനേറ്റെടുത്തിരിക്കുകയാണ് എന്നു നീ അറിയണം. പല ജീവിതസാഹചര്യങ്ങളോടുമുള്ള ഫെമിനിസ്റ്റ് പ്രതികരണം എങ്ങനെ ആയിരിക്കണം എന്നറിയില്ല എന്നു നീ പറയുന്നത് ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു. എന്റെ കണ്ണില്‍ ഫെമിനിസമെന്നത് എല്ലായ്‌പോഴും സന്ദര്‍ഭോചിതമാണ്. അച്ചുകല്ലില്‍ കൊത്തിവച്ച നിയമങ്ങളില്ല ഫെമിനിസത്തിന്. എങ്കിലും എനിക്കുതകുന്ന രണ്ട് ഫെമിനിസ്റ്റ് കരുക്കള്‍ അല്ലെങ്കില്‍ ഉപകരണങ്ങള്‍ എന്താണ് എന്നു ഞാന്‍ പറയാം. ആദ്യത്തെ അനുമാനം. ഈ ദൃഢമായ വിശ്വാസത്തില്‍ വേരൂന്നിക്കൊണ്ടാവണം നിന്റെ ഓരോ ചുവടുവയ്പ്പും. എന്താണീ അനുമാനം...? ഞാന്‍ പ്രസക്തമാണ്. ഞാന്‍ തുല്യസ്ഥാനീയയാണ്. അങ്ങനെയായിരുന്നെങ്കില്‍ എന്ന ചോദ്യത്തിന് ഒരിടമില്ല. അങ്ങനെ ആവുന്നിടത്തോളം എന്ന ചോദ്യത്തിനും ഒരിടമില്ല. ഞാന്‍ പ്രസക്തമാണ്. അത്രമാത്രം. രണ്ടാമത്തെ അനുമാനം ഒരു ചോദ്യമാണ്. പരസ്പര പൂരകങ്ങളായ ആണും പെണ്ണും അവരവരുടെ ഭൂമിക കൈമാറിയാല്‍ വിധിന്യായം ഒന്നുതന്നെയായിരിക്കുമോ എന്നുള്ള ചോദ്യം.
ഉദാഹരണമായി ഇങ്ങനെ പറയാം. വിവാഹബന്ധത്തില്‍ ഭര്‍ത്താവ് വിശ്വാസവഞ്ചന കാട്ടിയാല്‍ ഭാര്യ അയാളെ ഉപേക്ഷിച്ചു പോകണം എന്നതാണ് ഒരു ഫെമിനിസ്റ്റ് പ്രതി കരണം എന്ന് പലരും കരുതുന്നു. എന്നാല്‍ സഹവാസവും ഒരു ഫെമിനിസ്റ്റ് പ്രതികരണംതന്നെയാണ് എന്നു ഞാന്‍ ചിന്തിക്കുന്നു. നിന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധപ്പെട്ടാല്‍ നീ അവനോട് പൊറുക്കുമെങ്കില്‍ അതേ നിയമം നിനക്കും ബാധകമാകുമോ? അതായത് നീ മറ്റൊരു പുരുഷനുമായി ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍? കാരണം അവിടെ തീരുമാനങ്ങള്‍ക്ക് രൂപം നല്കുന്നത് ലിംഗഭേദമല്ല. എന്നാല്‍ അങ്ങനെയല്ല യാഥാര്‍ത്ഥ്യം എന്ന ദുഃഖസത്യം നമ്മള്‍ മിക്ക വിവാഹബന്ധങ്ങളിലും കാണു ന്നുണ്ട്. സമൂഹം പലപ്പോഴും അതിന് നല്കുന്ന ഉത്തരം, 'ആണുങ്ങള്‍ അങ്ങനെയൊക്കെയാണ്' എന്ന രീതിയില്‍ ലളിതമായിരിക്കും. എന്നുവച്ചാല്‍ പുരുഷന്മാര്‍ക്ക് നാം കുറഞ്ഞ മാനദണ്ഡങ്ങള്‍ കല്പിക്കുന്നു എന്നര്‍ത്ഥം.
