എന്നാൽ തള്ളിക്കളയാനാവാത്ത അപസ്വരങ്ങളുമുണ്ട്. വികൃതികളായ കോളജ് വിദ്യാർത്ഥികൾ. അവർ ഒരു ശല്യം മാത്രമാണ്. ഭീഷണിയല്ല. വിപ്ലവം നടത്താനോ നയിക്കാനോ സാമാന്യജനതയെ സംഘടിപ്പിക്കാനോ ഉള്ള ശേഷി അവർക്കില്ല. എന്നാൽ അവർ വലിയ ഊർജ്ജ സ്രോതസ്സാണ്. സർവ്വകലാശാലകളിൽ കെട്ടിക്കിടക്കുന്നത് കൊണ്ടു മാത്രം അത് വിധ്വംസകമാകുന്നില്ല. എന്നെങ്കിലും അത് പൊട്ടിയൊഴുകിയാൽ ഒലിച്ചുപോകാവുന്നത്ര ബലമേയുള്ളു ഏത് സംവിധാനത്തിനും. കുടുംബ വ്യവസ്ഥയ്ക്കുള്ളിലാണ് അവർ ഉള്ളത് എന്നതാണ് ആശ്വാസം. അതും ആശ്രിതർ എന്ന രൂപത്തിൽ. തുറിച്ചു നോക്കുന്ന ഭാവി എന്ന ദുർഭൂതവും നഷ്ടപ്പെടാനിടയുള്ള പ്രണയവും ഒക്കെ അവരെ സാഹസങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചുകൊള്ളും. ഒരിക്കലും അവർ കെട്ടു പൊട്ടിയ പ്രവാഹമാകാൻ പോകുന്നില്ല. അവരുടെയുള്ളിൽ വ്യവസ്ഥിതിയോടുള്ള പ്രതിഷേധമുണ്ട്. സ്വാതന്ത്ര്യവാഞ്ഛയുണ്ട്. എന്നാൽ സ്വാർത്ഥതയുടെ വെറും അപ്പക്കഷണങ്ങൾ വിതറിയും കുറെ പ്രതീക്ഷകൾ എറിഞ്ഞു കൊടുത്തും അവരെ നിശ്ശബ്‌ദരാക്കാൻ കഴിയും.
എന്നാലും അവർ ചിലപ്പോൾ പ്രക്ഷോഭത്തിനിറങ്ങും. ആ പ്രക്ഷോഭം ചെറിയൊരോളമുണ്ടാക്കും. സമയത്തിൻ്റെ ചില പ്രത്യേക ഘട്ടങ്ങളിൽ അതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നു. ഫുട്‌ബോൾ കളി വിരസമാകുന്ന സമയത്ത് കാണികളുണ്ടാക്കുന്ന അലപോലെ ക്ഷണികം. പുഴു പുളയ്ക്കുന്നതു പോലെ ചിലപ്പോൾ അവർ ഒന്ന് നിവർന്നു നിൽക്കാൻ ശ്രമിക്കും. വേഗത്തിൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യും. പ്യൂപ്പയുടെ നിശ്ശബ്‌ദതയിലേക്കുള്ള വഴിയായിരിക്കുക എന്നത് മാത്രമാണ് പുഴുവിന്റെ ധർമ്മം. ചിറക് മുളയ്ക്കുമ്പോഴേക്കും അത് മറ്റൊരു ജീവിയായി മാറിയിട്ടുണ്ടാവും. വിദ്യാർത്ഥികളുടെ വിപ്ലവം രണ്ട് പരീക്ഷകൾക്കിടയ്ക്കുള്ള വെറും പുഴുനുളയ്ക്കൽ മാത്രമാണ്. പൊതുസമൂഹത്തിൻ്റെ കണ്ണിൽ അവർ വെറും കുട്ടികളാണ്. അവരുടെ രാഷ്ട്രീയ ഇടപെടലുകളെ വൈകാരികമായ ഇളക്കങ്ങളായി മാത്രമേ സമൂഹം കാണുകയുള്ളു.
എന്നാൽ പിടിച്ചുനിർത്താനാവാത്ത ചില അപസ്വരങ്ങളുണ്ട്. അവ കാലക്രമത്തിൽ സമ്പൂർണ്ണ വിപ്ലവങ്ങളായി പരിണമിക്കുന്നു. ജനറൽ കംപാർട്ട്മെന്റുകളിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുന്നില്ല. മറ്റു ഭാഗങ്ങളുമായി അവ നേരിട്ട് ബന്ധപ്പെടുന്നില്ല. കർഷകരും തൊഴിലാളികളും കൈവേലക്കാരും നഷ്ടപ്പെടാൻ അധികമൊന്നും ഇല്ലാത്തവരുമാണ് അവിടത്തെ യാത്രികർ. അവർക്ക് സ്വപ്നങ്ങൾ ആവശ്യമുണ്ട്. സ്വപ്‌നം നിർലോഭം വിതച്ചുകൊണ്ടേയിരിക്കണം. നൂറ്റാണ്ടുകളായി ഭരണകർത്താക്കൾ അത് ചെയ്‌തു പോരുന്നു. മികച്ച സ്വപ്ന വ്യാപാരികളാണ് നേതാക്കളായി മാറുന്നത്.
