വയനാട് ജില്ലയിലെ അമ്പുകുത്തിമലയിലാണ് നവീന ശിലായുഗത്തിലെ പ്രകൃത്യാലുള്ള എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് 1200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഗുഹ 1894-ല്‍ ബ്രിട്ടീഷ് പോലീസ് സുപ്രണ്ടായിരുന്ന ഫ്രെഡ് ഫോസെറ്റാണ് കണ്ടെത്തിയത്. വിനോദത്തിനായി നായാട്ടിനിറങ്ങിയ ഇദ്ദേഹത്തിന് കേണല്‍ മെക്കന്‍സിയുടെ പേരിലുള്ള കാപ്പിത്തോട്ടത്തില്‍ നിന്നും നവീന ശിലായുഗത്തിലെ ഒരു കല്ലുളി ലഭിക്കുകയുണ്ടായി. തുടര്‍ന്ന് ഫോസറ്റ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് കല്പ്പാളികള്‍ക്ക് മുകളില്‍ മറ്റൊരു കല്ല് വച്ചിരിക്കുന്ന തരത്തിലുള്ള പ്രകൃത്യാലുള്ള ഒരു ഗുഹ കണ്ടെത്തുന്നത്. രണ്ട് കല്ലുകള്‍ക്കിടയില്‍ മുകളിലായി മറ്റൊരു കല്ല് നില്ക്കുന്നതുകൊണ്ടാകും നാട്ടുകാര്‍ അതിനെ എടക്കല്‍ എന്ന് വിളിച്ചത്. ഗുഹയുടെ പ്രവേശന ഭാഗം ഇടുങ്ങിയതും അകം ഭാഗം വിസ്താരമുള്ളതും ആണ്. ഈ ഗുഹ നവീന ശിലായുഗ മനുഷ്യരുടെ താവളമായിരുന്നുവെന്നാണ് ഫോസറ്റ് പ്രസ്താവിച്ചത്. ഇന്നും ആനകള്‍ ധാരാളമുള്ള വനമേഖലയാണ് വയനാട്ടിലേത്. നവീന ശിലായുഗ മനുഷ്യര്‍ ഒരുപക്ഷെ കാട്ടാനകളില്‍ നിന്നും രക്ഷനേടാനാകും ഈ ഗുഹയില്‍ പാര്‍ത്തിരുന്നത്. ഗുഹയുടെ ഇരു ഭാഗത്തുമുള്ള പാറകളില്‍ കോറിയിട്ട ചിത്രങ്ങളാണ് ഈ ഗുഹയില്‍ നവീന ശിലായുഗ ജനത പാര്‍ത്തിരുന്നുവെന്ന് സംശയമില്ലാതെ പറയാന്‍ നമ്മെ സഹായിക്കുന്ന സുപ്രധാന തെളിവ് (ചിത്രം 4). ഇത്തരം ശിലാചിത്രങ്ങള്‍ അഥവാ പെട്രോഗ്ലിഫ്സ് ശിലായുഗകാലത്തെ സമൂഹത്തെ കുറിച്ച് വിലപ്പെട്ട സൂചനകളാണ് നല്കുന്നത്. എന്തൊക്കെ ചിത്രങ്ങളാണ് എടക്കലിലുള്ളതെന്ന് നോക്കാം.
മനുഷ്യരൂപങ്ങളും, മൃഗങ്ങളുടേയും, പക്ഷികളുടേയും പൂക്കളുടെയും ചിത്രങ്ങൾ, ഇവിടെ കോറിയിട്ടിട്ടുണ്ട്. വേട്ടയാടിയും കന്നുകാലികളെ പരിപാലിച്ചും, പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചും കൂട്ടമായി ജീവിച്ചിരുന്ന ഗോത്ര സംസ്കൃതിയെയാണ് എടക്കലിലെ ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നത്. മനുഷ്യരൂപങ്ങളില്‍ സ്ത്രീയും പുരുഷനുമുണ്ട്. തലയില്‍ അധികാര ചിഹ്നമായി കിരീടം പോലെ തോന്നിക്കുന്ന ചിത്രത്തോട് കൂടിയ മനുഷ്യരൂപം എടക്കലിലെ ശിലാചിത്രത്തില്‍ കാണാം. ഇതൊരു ഗോത്രമുഖ്യനേയോ, ദൈവതുല്യനായ ഗോത്രത്തലവനെയോ ഒക്കെയാകും കാണിക്കുന്നത്. ആന, കന്നുകാലികള്‍, പട്ടി, മയില്‍ എന്നിങ്ങനെയുള്ള വന്യമൃഗങ്ങളുടേയും, മനുഷ്യര്‍ വളര്‍ത്തിയ മൃഗങ്ങളുടേയും ചിത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ട് ചക്രങ്ങള്‍ ഉള്ള കൈവണ്ടിപോലെ തോന്നിക്കുന്ന ഒരു ചിത്രവും ഇവിടെ കാണാം. കൂടാതെ ചതുരം, വൃത്തം, ത്രികോണം തുടങ്ങിയ ജ്യാമിതീയ രൂപങ്ങൾ കാണുന്നുണ്ട്. ആചാരപരമായ ചിഹ്നങ്ങളും ഇവിടത്തെ ചിത്രങ്ങളില്‍ കാണാം. ചുരുക്കത്തില്‍ നായാട്ടും, കന്നുകാലി പരിപാലനവും, കാര്‍ഷിക വൃത്തിയും ഉല്പന്നങ്ങളുടെ കൈമാറ്റങ്ങളുമൊക്കെ നടത്തി ജീവിച്ചിരുന്ന ഒരു ഗോത്രസമൂഹമാണ് എടക്കലിലെ ചിത്രങ്ങളില്‍ തെളിയുന്നത്.
