ട്രെന്റിന്റെ അവസാനത്തെ കേസ്‌

World of Letters

ട്രെന്റിന്റെ അവസാനത്തെ കേസ്‌


ആർതർ കോനൽ ഡോയ്ൽ സൃഷ്ടിച്ച സർവ്വജ്ഞനും അന്തർമുഖനുമായ അപസർപ്പകനായകന്റെ ബിംബം തകർത്ത് അപസർപ്പകകഥയിൽ പിന്നീട് വരാനിരിക്കുകയായിരുന്ന ഭാവുകത്വപരിവർത്തനങ്ങൾക്കു വഴിയൊരുക്കുന്നു 'ട്രെന്റിന്റെ അവസാനത്തെ കേസി'ലൂടെ ഇ.സി. ബെന്റ്‌ലി. ഡോയ്‌ലിന്റെ ഷെർലക് ഹോംസ് വിരാജിക്കുകയായിരുന്ന കാലത്താണ് ഫിലിപ്പ് ട്രെന്റ് എന്ന അപസർപ്പകനെ ബെന്റ്‌ലി അവതരിപ്പിച്ചത്. 'ട്രെന്റ്‌സ് ലാസ്റ്റ് കേസ്' (1913) എന്നായിരുന്നു നോവലിന്റെ പേരെങ്കിലും അപസർപ്പകനായ ട്രെന്റിന്റെ ആദ്യത്തെ കേസായിരുന്നു അത്. പത്രപ്രവർത്തകനായ ഇ. സി. ബെന്റ്‌ലിയുടെ ആദ്യത്തെ അപസർപ്പക നോവലും. പിന്നീട് ഇരുപത്തിമൂന്നുവർഷം കഴിഞ്ഞ് 1930-ൽ പ്രസിദ്ധീകരിച്ച ട്രെന്റ്‌സ് ഓൺ കേസി'ലാണ് ഫിലിപ് ട്രെന്റ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. സംശയരഹിതമായി പഴുതടച്ച് കേസ് തെളിയിക്കുന്ന അപസർപ്പകനു പകരം പരാജയപ്പെടുന്ന അപസർപ്പകനെയാണ് ട്രെന്റിന്റെ അവസാനത്തെ കേസി'ൽ ബെന്റ്‌ലി അവതരിപ്പിച്ചതെങ്കിലും പരിണാമഗുപ്തിക്കോ ആകാംക്ഷയ്‌ക്കോ നോവലിൽ ഒരു കുറവും സംഭവിക്കുന്നില്ല. പരസ്പരവിശ്വാസമില്ലായ്മ നിറഞ്ഞ ഗാർഹികാന്തരീക്ഷത്തിലെ കുറ്റകൃത്യവും നാഗരികപശ്ചാത്തലവും അവതരിപ്പിച്ച 'ട്രെന്റ്‌സ് ലാസ്റ്റ് കേസ്' ഇംഗ്ലിഷ് അപസർപ്പക സാഹിത്യത്തിലെ 'സുവർണഘട്ട'ത്തിലുൾപ്പെടുന്ന അഗതാക്രിസ്റ്റിയെയും ഡോറത്തി സെയേഴ്‌സിനെയുംപോലുള്ളവർക്ക് വഴികാട്ടിയായി. 'ഗോൾഡൻ ഏജി'ന്റെ തുടക്കംതന്നെ ട്രെന്റ്‌സ് ലാസ്റ്റ് കേസി'ൽനിന്നാണെന്നു പറഞ്ഞാലും അധികമാവില്ല. അപസർപ്പകനോവലിന്റെ അടിസ്ഥാനതത്ത്വങ്ങളും യുക്തിയും ലംഘിച്ച് ആ ജനുസ്സിന്റെ രൂപഘടനയെ അപനിർമ്മാണത്തിനു വിധേയമാക്കിയ 'ട്രെന്റ്‌സ് ലാസ്റ്റ് കേസ്' ഒരു മാസ്റ്റർപീസായി എല്ലാവരും അംഗീകരിക്കുന്നു.

അമേരിക്കൻ ഓഹരിക്കമ്പോളമായ വാൾസ്ട്രീറ്റിലെ പ്രമുഖനും വ്യവസായിയുമായ സിഗ്‌സ്ബീ മാൻഡേഴ്‌സൻ ഇംഗ്ലണ്ടിലെ മാൾസ്റ്റോണിലുള്ള വീടിന്റെ മുറ്റത്ത് വെടിയേറ്റു മരിച്ചുകിടക്കുന്ന വാർത്തയിൽനിന്നാണ് 'ട്രെന്റിന്റെ അവസാനത്തെ കേസ്' ആരംഭിക്കുന്നത്. അതിസുന്ദരിയും സാധാരണക്കാരിയുമായ മേഞ്ചെൽ ആണ് മാൻഡേഴ്‌സന്റെ ഭാര്യ. ആ ദമ്പതിമാർക്ക് മക്കളില്ല. ലണ്ടനിലെ 'റെക്കോഡ്' പത്രത്തിന്റെ ഉടമയും പത്രാധിപരുമായ ജെയിംസ് മൊളോയ് ആ മരണത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ഫിലിപ്പ് ട്രെന്റിനെ നിയോഗിക്കുന്നു. 'സൺ' എന്ന സായാഹ്നപത്രത്തിന്റെയും ഉടമയാണ് മോളോയ്. ഒരു ചിത്രകാരന്റെ മകനും ചിത്രകാരനുമായ ഫിലിപ്പ് ട്രെന്റ് എന്ന മുപ്പത്തിരണ്ടുകാരൻ പ്രൊഫഷണൽ അപസർപ്പകനോ പത്രപ്രവർത്തകനോ അല്ല. പക്ഷേ, കുറ്റകൃത്യങ്ങളുടെ വാർത്തകൾ കാണുമ്പോൾ അവയുടെ സൂക്ഷ്മാംശങ്ങൾ വിലയിരുത്തി യുക്തിപരമായ തീരുമാനങ്ങളിൽ എത്തിച്ചേരുന്ന ശീലം ട്രെന്റിനുണ്ട്. ഒരിക്കൽ തീവണ്ടി സ്റ്റേഷനിൽ നടന്ന കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റെ വാർത്തകൾ ശ്രദ്ധിച്ച ട്രെന്റ് വസ്തുക്കൾ അപഗ്രഥിച്ച് കൊലപാതകിയെപ്പറ്റി ഒരു നീണ്ട കത്ത് 'റെക്കോഡ്' പത്രത്തിലേക്കയച്ചു. പ്രാധാന്യത്തോടെ ആ കത്ത് 'റെക്കോഡ്' പ്രസിദ്ധപ്പെടുത്തി. അന്നു വൈകുന്നേരം കൊലയാളി അറസ്റ്റിലാവുകയും ചെയ്തു. അതോടെ ട്രെന്റിനെ പത്രാധിപർ സമാനമായ കേസുകൾ അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ ചുമതലപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് മാൻഡേഴ്‌സന്റെ മരണം അന്വേഷിക്കാൻ മാൾസ്റ്റോണിൽ ട്രെന്റ് എത്തിയത്. അവിടത്തുകാരനായ നതാനിയൽ കപ്പിൾസ് എന്ന സുഹൃത്തിനെ ട്രെന്റ് സന്ദർശിച്ചു. കപ്പിൾസിന്റെ അനന്തരവളായിരുന്നു മാൻഡേഴ്‌സന്റെ ഭാര്യ മേബൽ. ചെറുപ്പത്തിലേ അച്ഛനമ്മമാർ നഷ്ടപ്പെട്ട മേബലിനെ വളർത്തിയത് കപ്പിൾസും ഭാര്യയുമാണ്. ഇപ്പോൾ വിഭാര്യനായി ഒറ്റയ്ക്കു താമസിക്കുകയാണ് കപ്പിൾസ്.


Related Articles