കൊലപാതകവും കൊലയാളിയെ തേടലും രക്ഷപ്പെടാനുള്ള കൊലയാളിയുടെ യത്നങ്ങളുമാണ് ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' (Crime and punishment, 1866‑) പ്രമേയമാക്കിയതെങ്കിലും ആ മഹത്തായ നോവലിനെ അപസർപ്പകനോവലായി കണക്കാക്കാറില്ല. എന്നാൽ അപസർപ്പക നോവൽ എന്ന പിറക്കാനിരിക്കുന്ന സാഹിത്യജനുസ്സിന്റെ ഇതിവൃത്തതന്ത്രങ്ങളെല്ലാം അതിലുണ്ടായിരുന്നു, കുറ്റവാളിയും കുറ്റാന്വേഷകനും കൂടി നടത്തുന്ന എലിയും പൂച്ചയും കളിയുൾപ്പെടെ. പിന്നെയും രണ്ടു വർഷം കഴിഞ്ഞാണ് ആദ്യത്തെ അപസർപ്പക നോവലെന്നു വേണമെങ്കിൽ വിളിക്കാവുന്ന വിൽക്കി കോളിൻസിന്റെ 'ദ മൂൺസ്റ്റോൺ' (1869) ഇംഗ്ലിഷിൽ പിറന്നത്. അതിനുമുമ്പേതന്നെ ദസ്തയേവ്സ്കി അപസർപ്പകനോവലിന്റെ മൂശ നിർമ്മിച്ചു. കഥാന്ത്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ തൃപ്തിപ്പെടുത്തുകയായിരുന്നില്ല 'കുറ്റവും ശിക്ഷയു'മിൽ ദസ്തയേവ്സ്കിയുടെ ലക്ഷ്യമെങ്കിലും ആ വരിഷ്ഠകൃതിയിൽ നാം കുറ്റവാളിയും കുറ്റാന്വേഷകനും തമ്മിലുള്ള അഭിമുഖീകരണത്തിലൂടെ നിഗൂഢപ്രഹേളികയുടെ കുരുക്കഴിക്കൽ എന്ന കുറ്റാന്വേഷണ കഥാലക്ഷ്യത്തിന്റെ ആദിരൂപം കണ്ടെത്തുന്നു. അജ്ഞാതനായ കുറ്റവാളിയെ അതിജ്ഞാനിയായ കുറ്റാന്വേഷകൻ യുക്തിബോധത്തിലൂടെ കണ്ടെത്തി പ്രഹേളികയുടെ കുരുക്കഴിച്ച് വായനക്കാരെ ആകാംക്ഷയുടെയും ഉത്കണ്ഠയുടെയും മുൾമുനയിൽനിന്ന് കഥാന്ത്യത്തിൽ മോചിപ്പിക്കുന്ന സൂത്രവാക്യമാണ് ദസ്തയേവ്സ്കിക്കുശേഷമുണ്ടായ അപസർപ്പക നോവലിസ്റ്റുകൾ പ്രയോഗിച്ചത്. എന്നാൽ ദസ്തയേവ്സ്കി പിറക്കാനിരിക്കുന്ന ആ സാഹിത്യജനുസ്സിന്റെ ആകാംക്ഷാതന്ത്രത്തെ ഭ്രൂണഹത്യ ചെയ്തുകൊണ്ട് കുറ്റവാളിയെ തുടക്കത്തിൽത്തന്നെ വെളിപ്പെടുത്തി. കുറ്റവാളിയുടെ പ്രേരണയെന്ത് എന്നു കണ്ടുപിടിക്കാൻ കഠോരയത്നം നടത്തി പ്രശസ്തരാവാനിരിക്കുന്ന ഭാവിയിലെ അപസർപ്പക കഥാപാത്രങ്ങളെ നിസ്സാരരാക്കുംവിധം ദസ്തയേവ്സ്കി 'ക്രൈം ആൻഡ് പണിഷ്മെന്റി'ൽ സ്വന്തം കുറ്റപ്രേരണയെന്തെന്നു സ്വയമാലോചിക്കുന്ന കുറ്റവാളിയെയാണു സൃഷ്ടിച്ചത്. തുടക്കത്തിൽത്തന്നെ കുറ്റവാളിയാരാണെന്നു വെളിപ്പെടുത്തിയിട്ടും സസ്പെൻസ് എന്ന പരിണാമഗുപ്തിക്ക് ഒരു കേടുംസംഭവിക്കാതെ വായനക്കാരെ കഥാന്ത്യംവരെ പിടിച്ചിരുത്തുന്ന, വളരെ വർഷങ്ങൾക്കുശേഷംമാത്രം കുറ്റാന്വേഷണസാഹിത്യം പരീക്ഷിച്ചുനോക്കി വിജയിപ്പിച്ച കഥനതന്ത്രം അപസർപ്പക നോവലിനുമുമ്പുതന്നെ ദസ്തയേവ്സ്കി നടപ്പാക്കുകയും ചെയ്തു. നിക്കൊലായ് ഗോഗളിന്റെ 'ദി ഓവർക്കോട്ട്' എന്ന വിശ്രുതചെറുകഥയെ മുൻനിർത്തി തന്റെ കാലത്തെ റഷ്യൻ എഴുത്തുകാരെപ്പറ്റി 'ഞങ്ങളെല്ലാം ഗോഗളിന്റെ ഓവർക്കോട്ടിനടിയിൽ നിന്നു പുറത്തുവന്നവരാണ്' എന്ന് ദസ്തയേവ്സ്കി പറഞ്ഞതുപോലെ എല്ലാ ഭാഷകളിലെയും അപസർപ്പക കഥാകൃത്തുകൾക്കും തങ്ങൾ ദസ്തയേവ്സ്കിയുടെ ഓവർക്കോട്ടിനടിയിൽനിന്നാണു പുറത്തുവന്നതെന്നു പറയാതിരിക്കാനാവില്ല.
സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ നിയമബിരുദം നേടാനെത്തിയെങ്കിലും കടുത്ത ദാരിദ്ര്യവും ആശയപരമായ സംഘർഷങ്ങളുംമൂലം അതുപേക്ഷിച്ചു കഴിയുന്ന യുവവിദ്യാർത്ഥിയായ റോഡിയൻ ദസ്കോൾനിക്കോവിന്റെ കഥയാണ് 'കുറ്റവും ശിക്ഷയും.' നഗരത്തിൽനിന്ന് വളരെയകലെ താമസിക്കുന്ന അമ്മ പൾഹേറിയ റസ്കോൾ നിക്കോവയും സഹോദരി ദൂന്യ അവ്ദോത്യ റസ്കോൾനിക്കോവിയും മാത്രമേ അയാൾക്ക് ഉറ്റവരായുള്ളൂ. ഒരു പ്രവൃത്തിയും ചെയ്യാനാവാതെ പട്ടിണിയിൽ കഴിയുകയാണ് റസ്കോൾ നിക്കോവ്. സവിശേഷമായ ഒരു ആശയവാദം അയാളുടെ മനസ്സിലുണ്ട്. കൊടിയ ദാരിദ്ര്യത്തിൽ കഴിയുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ രക്ഷയ്ക്കും ഗുണത്തിനുംവേണ്ടി നിഷ്പ്രയോജനരായ ചിലരുടെ ജീവിതം ബലിയർപ്പിക്കുന്നതിൽ തെറ്റില്ല എന്ന തരത്തിലുള്ള ആശയഗതിയാണത്. പണയം വാങ്ങുന്ന അല്യോന ഇവാനോവ്ന എന്ന വൃദ്ധ അത്തരമൊരു നിഷ്പ്രയോജന ജന്മമാണെന്നും അവരെ കൊന്നാൽ ഒട്ടേറെ പാവങ്ങൾക്ക് ആശ്വാസമാകുമെന്ന ചിന്തയിൽ റസ്കോൾ നിക്കോവ് എത്തിച്ചേർന്നു. അതിനുവേണ്ടിയുള്ള പദ്ധതിയുമായി നടക്കുന്നതിനിടെ ഒരു മദ്യശാലയിൽ വച്ച് സെമിയോൻ മർമെലദോവ് എന്ന കടുത്ത മദ്യപനെ റസ്കോൾ നിക്കോവ് പരിചയപ്പെട്ടു. കുടിച്ചു ലക്കുകെട്ട അയാൾ പലതും പറയുന്നതിനിടയ്ക്ക് വീട്ടിലെ ദാരിദ്ര്യത്തിൽനിന്നു കരകയറാനായി തന്റെ മകൾ സോന്യ അഭിസാരികയായി മാറിയതിന്റെ കഥയും പറഞ്ഞു. കുടുംബത്തിനുവേണ്ടി സോന്യ സ്വയം ബലിയർപ്പിക്കുകയാണെന്ന് റസ്കോൾ നിക്കോവിനു മനസ്സിലായി. സഹോദരി ദൂന്യയ്ക്ക് ലുഷീൻ എന്ന വക്കീലിന്റെ വിവാഹാലോചന വന്നതായും അയാളെ കാണാനായി ഉടൻ തങ്ങൾ സെന്റ്പീറ്റേഴ്സ്ബർഗിൽ എത്തുന്നതായും അറിയിച്ചുകൊണ്ടുള്ള അമ്മയുടെ കത്ത് റസ്കോൾനിക്കോവിനു ലഭിച്ചു. ദാരിദ്ര്യമുക്തിക്കുള്ള ആത്മബലിക്കാണ് സഹോദരി തയ്യാറാകുന്നതെന്ന് അയാൾക്കു മനസ്സിലായി. അതോടെ നിഷ്പ്രയോജനരായവരെ കൊന്ന് ദരിദ്രഭൂരിപക്ഷത്തെ രക്ഷിക്കുക എന്ന ആശയം റസ്കോൾ നിക്കോവിൽ ഉറച്ചു.
