മുദ്രകുത്തപ്പെട്ട അപരത്വം

World of Letters

മുദ്രകുത്തപ്പെട്ട അപരത്വം


ഈ സന്ദർഭത്തിൽ ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വത്വത്തോടു പ്രതികരിക്കുന്ന വ്യക്തിയിൽനിന്നോ കൂട്ടത്തിൽനിന്നോതന്നെ ഉണ്ടാകുന്ന ആശയപ്രകാശനമാകണമെന്നില്ല എല്ലായ്പ്പോഴും അപരത്വം. അത് എല്ലായ്പ്പോഴും ഒരു സ്വയം പ്രഖ്യാപനമല്ല. ഒരു സംഘത്തിനു മറ്റൊന്ന‍ിനുമേൽ അത് അടിച്ചേൽപ്പിക്കാൻ കഴിയും. ഒരു സ്വത്വത്തിന് അപരത്തെ സൃഷ്ടിക്കാനായി അതൊരു സംഘത്തിനുമേൽ അടിച്ചേൽപ്പിക്കാനാകും. ഒന്നുകിൽ ഒരു സംഘത്തെ സാമൂഹികമായി ബഹിഷ്കൃതരാക്കാനോ അല്ലെങ്കിൽ ബഹിഷ്കരണത്തെ സാമൂഹികമായ കീഴ്പ്പെടുത്തലാക്കി മാറ്റാനോ ആണ് ഇതു ചെയ്യുന്നത്. പല സമൂഹങ്ങളും ചില വിഭാഗങ്ങൾക്കുമേൽ ബഹിഷ്കരണം അടിച്ചേൽപ്പിക്കുന്നത് പ്രധാനമായും അവരെ അധ‍ീനതയിലാക്കാനാണ്. പ്രത്യേക തൊഴിലുകളിലേർപ്പെട്ട വിഭാഗങ്ങളെ വേർതിരിച്ചു നിർത്തുന്നു. മിക്കപ്പോഴും ഈ വിഭാഗങ്ങളാണ് വ്യവസ്ഥയ്ക്കു പ്രവർത്തിക്കാനുള്ള ഭൗതികാടിത്തറകളൊരുക്കുന്നത്. ഉദാഹരണത്തിന്, അടിയന്തരപ്രാധാന്യമുള്ള ജോലികൾ. അവർക്കു സ്വാതന്ത്ര്യമോ അവകാശങ്ങളോ ഇല്ലെന്നു പ്രഖ്യാപിച്ചുകൊണ്ട് അസ്വതന്ത്രരാക്കുകയാണ് അവരെ കീഴ്പ്പെടുത്തി നിർത്താനുള്ള ഒരു രീതി. അടിമകളുടെയും അടിയാളരുടെയും അധ്വാനത്തിൻമേലാണ് നാഗരികതകൾ പണിതുയർത്തിയിട്ടുള്ളത്. ഇന്ത്യൻ നാഗരികതയുടെ സർഗാത്മകകാലമായി കരുതപ്പെടുന്ന കാലത്തുതന്നെയാണ് വിവിധതരത്തിലുള്ള അവർണരെക്കുറിച്ചു പരാമർശങ്ങളുണ്ടായതും. സാമൂഹികമായ അപരത്വമാണ് ഇത്. പക്ഷേ, അനിവാര്യമായും വിമതത്വത്തിൽനിന്ന് ഉണ്ടാകുന്ന അപരത്വമല്ല ഇത്. പുറത്താക്കപ്പെട്ടവർക്കു മുന്നിൽ മറ്റു സാധ്യതകളില്ല. എന്നിരുന്നാലും അതിന്റെ സാന്നിധ്യത്തെ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അടുത്തകാലത്ത് വിവിധ സമൂഹങ്ങളിൽ സംഭവിച്ചതുപോലെ അതിനു വിയോജിപ്പിന്റെയും പ്രക്ഷോഭത്തിന്റെയും അപരത്വമായി മാറാൻ കഴിയും.

തങ്ങൾക്കു വ്യത്യസ്തമായ തൻമ പകർന്ന ബദൽ സമൂഹത്തിൽ പരിത്യാഗികൾ സ്വമേധയാ ചേർന്നു. പക്ഷേ, നമ്മൾ മിക്കവാറും അവഗണിച്ചിട്ടുള്ള, പ്രധാനപ്പെട്ടൊരു വിഭാഗംതന്നെയായ ഈ അടിച്ചേൽപ്പിക്കപ്പെട്ട അപരത്വം ഞാൻ മുൻപു പരാമർശിച്ചിട്ടുള്ള അപരത്വങ്ങളിൽനിന്നു വിരുദ്ധമാണ്. കാരണം അത് കരുതിക്കൂട്ടിയുള്ള, അടിച്ചേൽപ്പിക്കപ്പെടുന്ന അപരത്വമാണ്. തരംതാഴ്ത്തലിനെ ഊട്ടിയുറപ്പിക്കുന്നതിനുള്ള നിർബന്ധിതമായ സാമൂഹിക അകലം. ജാതികളിൽ ഏറ്റവും താഴെയുള്ളത് അവർണ വിഭാഗങ്ങളായിരുന്നു; അവരെ ജാതികളായി പരിഗണിക്കാമെങ്കിൽ. ജാതിയുടെ വർണവിഭാഗങ്ങൾക്കു പുറത്തുള്ളവർ, കീഴ‍ാള ജാതികൾ, തൊട്ടുകൂടാത്തവർ, ആദിവാസികൾ എന്നിവരെല്ലാം ഇതിൽ ഉൾപ്പെടുന്നു. കാടുകളിൽ വേർതിരിക്കപ്പെട്ടാണ് ആദിവാസികൾ കഴിയുന്നത്. ഏറ്റവും ഉയർന്ന ജാതിയുടെ സൃഷ്ടിയാണ് ഈ അപരത്വം. ജാതിശ്രേണിയിൽ മുകളിലുള്ളവർ ഇതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സ്വന്തം ഭാഷയിൽ സംസാരിക്കുകയും സ്വന്തമായ സാമൂഹികനിയമങ്ങൾ പാലിക്കുകയും ചെയ്തിരുന്ന ചണ്ഡാളൻമാരെപ്പോലെ, തങ്ങളുടേതായ വ്യക്തിത്വമുള്ള ചില സമുദായങ്ങളെ അവരുടെ അധ്വാനം എളുപ്പത്തിൽ ലഭിക്കുന്നതിനായി വേർതിരിച്ചു നിർത്തി. സമൂഹത്തിലെ താഴേക്കിടയിലാണ് ചണ്ഡാളൻമാരെ പെടുത്തിയിരുന്നത്, അവർ അറിയപ്പെട്ടതും അങ്ങനെയാണ്. ഒരാൾ വ്യവസ്ഥാപിതമായ സാമൂഹികാചാരങ്ങളെ അനുസരിക്കാതിരുന്നാൽ അയാൾ ഒന്നുകിൽ നായയോ പന്നിയോ അല്ലെങ്കിൽ ചണ്ഡാളനോ ആയി പുനർജനിക്കാമെന്ന് ‘ഗീത’ ഭീഷണി മുഴക്കുന്നു. ‘മഹാഭാരത’ത്തിന്റെ അവസാനഭാഗങ്ങളിലൊന്നിൽ ദുർഗ്രഹമായൊരു കഥയുണ്ട്. അത് എന്തുകൊണ്ട് ഉൾപ്പെടുത്തിയെന്നതുതന്നെ കുഴപ്പിക്കുന്നതാണ്. ബ്രാഹ്മണ സന്ന്യാസിയായ വിശ്വാമിത്രൻ തീവ്രമായ ക്ഷാമകാലത്ത് ഭക്ഷണം തേടുകയായിരുന്നു. ഒരു ചണ്ഡാളഗ്രാമത്തിലേക്കു വന്ന അദ്ദേഹം ഒരു കുടിലിൽ ചത്ത നായയെ തൂക്കിയിട്ടിരിക്കുന്നതു കണ്ടു. അദ്ദേഹം അതിനെ തിന്നാൻ തുടങ്ങുമ്പോൾ ചണ്ഡാളൻ അദ്ദേഹത്തെ ശകാരിക്കുകയും അദ്ദേഹത്തിന്റെ ബ്രാഹ്മണത്വത്തെയും ശുദ്ധിയെയുംകുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു. നായയെ തിന്നാൽ ഇതുവരെ എന്തൊക്കെ സുകൃതങ്ങൾ ആർജിച്ചോ അതെല്ലാം അദ്ദേഹത്തിനു നഷ്ടമാകുമെന്നും ചണ്ഡാളൻ പറഞ്ഞു. എങ്കിലും സന്ന്യാസി നായയെ തിന്നുകയും അതിനുശേഷം നഷ്ടസുകൃതങ്ങളുടെ കുറവു തീർക്കുന്നതിനായി പുറപ്പെടുകയും ചെയ്തു. കൗതുകകരമായ കഥയാണ് ഇത്. ധർമ്മശാസ്ത്രങ്ങളിൽ ഇത്തരം ഒരു മുഹൂർത്തം അചിന്തനീയമാണ്. കാരണം സന്ന്യാസിയുടെ പ്രവൃത്തി ബ്രാഹ്മണനായിരിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തരംതാഴ്ത്തുമായിരുന്നു. എന്തുകൊണ്ടാണ് ഇത് മഹാഭാരതത്തിൽ ഉൾപ്പെടുത്തിയത് എന്നതും വിശദമായ വ്യാഖ്യാനമില്ലാതെ വിട്ടത് എന്താണെന്നതും അത്ഭുതപ്പെടുത്തുന്നു.


Related Articles