ജെയ്ൻ ഓസ്റ്റിന്റെ വിശ്രുത നോവലായ 'പ്രൈഡ് ആൻഡ് പ്രിജൂഡിസി' ('അഹന്തയും മുൻവിധിയും' 1813)-ൽ മരണമില്ല, പ്രേമവും കല്യാണവും ഒളിച്ചോട്ടവും കുടുംബബന്ധങ്ങളും സാമൂഹികാന്തസ്സും അവയുമായി ബന്ധപ്പെട്ട സംഘർഷങ്ങളുമേയുള്ളൂ. എന്നാൽ രണ്ടു നൂറ്റാണ്ടിനുശേഷം പി.ഡി. ജെയിംസ് എഴുതിയ നോവൽ 'ഡെത്ത് കംസ് ടു പെംബെർലി' (2011) 'പ്രൈഡ് ആൻഡ് പ്രിജുഡിസി'ലേക്ക് മരണത്തെ കൂട്ടിക്കൊണ്ടുവന്നു. ഒരു കൃതിയെ ആശ്രയിച്ച് രചിക്കുന്ന കൃതികളുടെ ജനുസ്സായ 'ഫാൻ ഫിക്ഷനി'ൽ ഉൾപ്പെടുന്ന 'ഡെത്ത് കംസ് ടു പെംബർലി' ജെയ്ൻ ഓക്‌സിന്റെ റൊമാന്റിക് നോവലിനെ മർഡർ മിസ്റ്ററിയിലേക്കു പരിവർത്തിപ്പിക്കുന്നു. ആരാധക രചനയെന്നു വിളിക്കാവുന്ന ഫാൻ ഫിക്ഷൻ ജനുസ്സിൽ പല ഉപവിഭാഗങ്ങളുണ്ട്. ഒരാൾ എഴുതിയ കൃതിക്ക് മറ്റൊരാൾ പിന്നീടെഴുതുന്ന തുടർച്ച (സീക്വെൽ), അപൂർണകൃതി പൂർത്തിയാക്കൽ, ഒരു ഗ്രന്ഥകർത്താവിന്റെ ശൈലിയിൽ എഴുതുന്ന സ്വതന്ത്രകൃതി, മൗലികകൃതിയെ ഹാസ്യാത്മകമായി അനുകരിക്കുന്ന പാരഡി, പഴയ കൃതിയെ പുതിയ കാലത്തിലേക്കു മാറ്റിയെഴുതൽ, കൃതിയെ മറ്റൊരു മാധ്യമത്തിലേക്കു മാറ്റിയെഴുതുന്ന അനുകല്പനം എന്ന അഡാപ്‌റ്റേഷൻ, പ്രസിദ്ധ ഗ്രന്ഥകർത്താവിനെ കഥാപാത്രമാക്കി മറ്റൊരു കൃതിയെഴുതൽ എന്നിവയെല്ലാം ഫാൻ ഫിക്ഷൻ എന്ന മാറ്റിയെഴുത്തിൽപ്പെടും. 'പ്രൈഡ് ആൻഡ് പ്രിജൂഡിസി'ന്റെ തുടർച്ചയെ ഒരു കൊലപാതകകഥയാക്കി മാറ്റുകയാണ് അഗതാക്രിസ്റ്റിയുടെ അവസാനത്തെ അനന്തരാവകാശികളിലൊരാളായ പി.ഡി. ജെയിംസ് 'പെംബെർലി'യിൽ.
പി.ഡി. ജെയിംസ് എന്ന ആൺപേരിലെഴുതുന്ന ഫൈലിസ് ഡോറത്തി ജെയിംസ് (1920-2014) ബ്രിട്ടീഷ് അപസർപ്പകകഥാസാഹിത്യത്തിലെ പിൽക്കാല റാണിമാരിലൊരാളാണ്. പോലീസ് മേധാവിയും കവിയുമായ ആഡം ഡാൽഗ്ലിഷ് എന്ന കുറ്റാന്വേഷകനെ കേന്ദ്രീകരിച്ചുള്ള ജെയിംസിന്റെ നോവലുകളെല്ലാം 'ബെസ്റ്റ് സെല്ലറു' കളായിരുന്നു. ഇംഗ്ലിഷ് നോവലിന്റെ ആദിമാതാക്കളിലൊരാളായ ജെയ്ൻ ഓസ്റ്റിന്റെ വംശത്തിൽപ്പെടുന്ന പി.ഡി. ജെയിംസ് മാറ്റിയെഴുത്തിലൂടെ ഓസ്റ്റിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. നോവൽസാഹിത്യത്തിന്റെ ഉന്നതശ്രേണിയിൽ സർവാരാധ്യമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഒരു വിശിഷ്ട മാതൃകയ്ക്ക് പൊതുവേ താഴ്ന്ന ശ്രേണിയിൽപ്പെടുത്താറുള്ള അപസർപ്പകകഥ നല്കുന്ന ശ്രദ്ധാഞ്ജലിയാണത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഗ്രാമീണ ഇംഗ്ലണ്ടാണ് 'പ്രൈഡ് & പ്രിജുഡിസി'ന്റെ പശ്ചാത്തലം. ആൺവഴിദായക്രമം പിന്തുടർന്നിരുന്ന അന്നത്തെ ഇംഗ്ലണ്ടിൽ കുടുംബത്തിന്റെ മുഴുവൻ അവകാശവും മൂത്തമകനു മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. പെൺമക്കൾക്കും ഇളയ ആൺമക്കൾക്കും സ്വത്തവകാശമില്ല. മൂത്തമകനിൽനിന്ന് അയാളുടെ മകനിലേക്ക് സ്വത്ത് എത്തിച്ചേരും. സാമ്പത്തികശേഷിയുള്ള ഒരാളുമായി വിവാഹബന്ധം ഒത്തുകിട്ടുക മാത്രമായിരുന്നു പെണ്ണുങ്ങൾക്കു ജീവിതസൗഭാഗ്യത്തിനുള്ള വഴി. ജെയ്ൻ ഓസ്റ്റിന്റെ നോവലുകളിലെല്ലാം വിവാഹക്കമ്പോളത്തിൽ മത്സരിക്കാനും നല്ല ഭർത്താക്കന്മാരെ കിട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന അമ്മമാരും പെൺമക്കളും വിവാഹബന്ധങ്ങളും പ്രത്യക്ഷപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്. 'പ്രൈഡ് & പ്രിജൂഡിസി'ലുമങ്ങനെതന്നെ. തെക്കൻ ഇംഗ്ലണ്ടിലെ ഡെർബിഷയറിലെ ഹെർട്ട്ഫഡ് ഷയറാണ് പശ്ചാത്തലം. മെറിറ്റൺ ഗ്രാമത്തിലെ ലോങ്‌ബോൺ ഭവനത്തിലെ ബെന്നറ്റ് ദമ്പതിമാർക്ക് ജെയ്ൻ, എലിസബത്ത്, മേരി, കാതറൈൻ (കിറ്റി), ലിഡിയ എന്നീ അഞ്ച് പെൺമക്കളാണുള്ളത്. മിസ്റ്റർ ബെന്നറ്റ് ഭൂവുടമയാണെങ്കിലും ആൺവഴിദായക്രമം അനുസരിച്ച് സ്വത്ത് അയാളുടെ അടുത്ത ബന്ധുവായ വില്യം കോളിൻസ് എന്ന പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ വികാരിക്കു മാത്രമേ കിട്ടുകയുള്ളൂ. ആയിടയ്ക്ക് ഗ്രാമത്തിലെ നെതർഫീൽഡ് എന്ന ഭവനത്തിൽ വിരുന്നു പാർക്കാനെത്തിയ ചാൾസ് ബിങ്‌ലി എന്ന വടക്കൻ ഇംഗ്ലണ്ടുകാരൻ സമ്പന്ന യുവാവുമായി ബന്ധം സ്ഥാപിക്കാൻ മിസ്സിസ് ബെന്നറ്റ് മോഹിച്ചു. സുന്ദരിയായ മകൾ ജെയ്‌നിനെ ബിങ്‌ലിയെക്കൊണ്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.
