ഉല്പത്തി പുസ്തകത്തിലെന്നപോലെ രൂപം വചനത്തെ പിന്തുടര്‍ന്നാണ് മുന്നിലെത്തിയത്. ഇരുപത്തിനാലു വര്‍ഷംമുമ്പ് യു.പി. ജയരാജിനെ പാലക്കാട്ടുവെച്ച് പരിചയപ്പെടുമ്പോള്‍ 'തെയ്യങ്ങള്‍' എന്ന കഥ എന്റെയുള്ളില്‍ നിറഞ്ഞൊരു സാന്നിദ്ധ്യമായിരുന്നു. ശോകനാശിനിയുടെ തീരങ്ങളിലാകെ ആ നാളുകളില്‍ ആറ്റുദര്‍ഭകള്‍ പൂത്തു നില്പുണ്ടായിരുന്നു. അവയ്ക്കിടയിലൂടെ ഞങ്ങളന്ന് ഒരുപാട് നടന്നു.
നാട്ടുമണ്ണിന്റെ പശിമയില്‍നിന്നും ഉയിര്‍ക്കൊണ്ട ഒരു ദൃഢബിംബമുണ്ട് 'തെയ്യങ്ങളി'ല്‍. പള്ളിയറയ്ക്കു മുന്നിലുള്ള തന്റെ തറയില്‍ നിലകൊണ്ട് ആകാശത്തിലേക്കു വെള്ളിദണ്ഡ് ആഞ്ഞുവീശി രൗദ്രതയോടെ അട്ടഹസിക്കുന്ന ഗുളികനാണത്. കഥാന്ത്യത്തില്‍ ഗുളികന്‍ യുവത്വത്തിന്റെയും ശക്തിയുടെയും സാഹസികതയുടെയും മൂര്‍ത്തരൂപമായി മാറുന്നു. ഗുളികന്റെ ഉരിയാടലിന് പൊടുന്നനെ രാഷ്ട്രീയമാനം കൈവരുന്നു. അത്യസാധാരണമായ ഈയൊരു മുഹൂര്‍ത്തം സന്നിവേശിക്കപ്പെട്ടതോടെ കഥയാകെ കനല്‍ക്കൂനപോലെ ജ്വലിക്കുന്നു.
ഇരുട്ടില്‍ ജ്വലിക്കുന്ന രണ്ടാള്‍പൊക്കമുള്ള കനല്‍ക്കൂനകള്‍ വടക്കെ മലബാറിന്റെ ഗ്രാമീണമായ ചാരുതകളിലൊന്നാണ്. ജയരാജ് എഴുതിയിട്ടുള്ള കഥകള്‍ക്കൊക്കെയുമുണ്ട് ഈ നെരിപ്പുകളുടെ തീക്ഷ്ണഭംഗിയും ചൂടും.
