നരജീവിതമായ വേദന

World of Letters

നരജീവിതമായ വേദന


തീവ്രവും കാവ്യാത്മകവുമായ ഗദ്യാവിഷ്കാരങ്ങളിലൂടെ ചരിത്രാഘാതങ്ങളെ അഭിമുഖീകരിക്കുകയും നരജീവിതത്തിന്റെ നോവു​കളെ തുറന്നുകാട്ടുകയും ചെയ്യുന്ന എഴുത്തുകാരിയെന്ന് വാഴ്ത്തിക്കൊണ്ടാണ് സ്വീഡിഷ് അക്കാദമി 2024–ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാര വിജയേത്രിയായി ദക്ഷിണകൊറിയയെ പ്രതിനിധാനംചെയ്യുന്ന ഹാൻ കാങ്ങിനെ പ്രഖ്യാപിച്ചത്. ഒരു വ്യക്തി​ക്കെന്നതിലുപരി സുദീർഘപാരമ്പര്യമുള്ള കൊറിയൻസാഹിത്യത്തി​നാകെ കൈവന്ന ധന്യമായ ആദരമെന്ന് വിശേഷിപ്പിക്കാം ഈ ശ്രേഷ്ഠ​ബഹുമതിയെ.

ഓരോ നൊബേൽ പുരസ്കാരത്തെ ചൂഴ്ന്നും പതിവായ പ്രവ​ചനങ്ങളും വാതുവയ്പുകളും ഇത്തവണയും മുടങ്ങിയില്ല. അവ ഏറ്റവും കൂടുതൽ സംഭവിക്കാറുള്ളത് സാഹിത്യത്തിനുള്ള പുരസ്കാരത്തെച്ചൊല്ലിയാണ്. ഈ വർഷത്തെ സാധ്യതാചർച്ചക​ളിൽ ഒന്നുംതന്നെ ഹാൻ കാങ് ഉൾപ്പെട്ടിരുന്നില്ല. ഹാരുകി മുറകാമിയെയും മാർഗരറ്റ് ആറ്റ്‌വുഡ്ഡിനെയുംപോലെ മുൻപേ പറഞ്ഞുകേൾക്കാറുള്ള ചില പേരുകൾ പിന്നെയും ഉയർന്നുവന്നു. വിപുലീകൃതവും സൂക്ഷ്മവുമായ വായനയുടെ അടിസ്ഥാനത്തിൽ പുതിയ ചില കണ്ടെത്തലുകളുമുണ്ടായി. ആരും ഹാനിന് സാധ്യത കല്പിച്ചതേയില്ല. എന്നാൽ, സ്വീഡിഷ് അക്കാദമി തിരഞ്ഞെടുപ്പിൽ പുലർത്തിയത് മറ്റ് മാനദണ്ഡങ്ങളാണ്. കൊറിയൻചരിത്രത്തിന്റെ അരു​ന്തു​ദമായ അധ്യായങ്ങളാണ് ഹാൻ തന്റെ രചനകളിലൂടെ ആവി​ഷ്കരിക്കുന്നതെന്നും ശരീരത്തിനും ആത്മാവിനും തമ്മിലും ജീവി​ച്ചിരിക്കുന്നവർക്കും മരിച്ചവർക്കും തമ്മിലുമുള്ള ബന്ധങ്ങളെ സംബ​ന്ധിച്ച അനന്യധാരണ ഈ എഴുത്തുകാരി വീണ്ടും വീണ്ടും പ്രകട​മാക്കുന്നുവെന്നും അക്കാദമി വിലയിരുത്തി.

ഹാനിന്റെ പുരസ്കാരലബ്ധിയിൽ മാധ്യമങ്ങളോട് പ്രതികരി​ക്കവേ മുതിർന്ന എഴുത്തുകാരൻകൂടിയായ പിതാവ് ഹാൻ സ്യൂങ്–വോൻ മകളുടെ രചനകളെ അവയുടെ സമഗ്രതയിൽ നോക്കിക്കണ്ടത് ഇങ്ങനെയാണ്: “വൈദഗ്ധ്യവും അവധാനതയു​മുറ്റത്. മോഹനം. വിഷാദാത്മകം.''


Related Articles