മനുഷ്യൻ വകതിരിവുള്ള ഒരു മൃഗമാണ് എന്നു പണ്ടേ പറയാറുണ്ട്. അരിസ്റ്റോട്ടിലിൻ്റെ കാലം മുതൽക്കുള്ള നിരീക്ഷണമാണിത്. ഒന്നുകൂടി വിശദീകരിച്ചാൽ, വാചികതയെയും യുക്തിചിന്തയെയും കുറിക്കുന്ന ലോഗോസ് ആണ് മനുഷ്യരെ മറ്റു ജീവജാലങ്ങളിൽനിന്നു വേർതിരിക്കുന്നതെന്നാണ് അരിസ്റ്റോട്ടിൽ കരുതുന്നത്. ഇതനുസരിച്ച് ഭാഷ, യുക്തിചിന്ത, വിവേകം ഒക്കെ മനുഷ്യഗുണങ്ങളാണ്. മനുഷ്യശേഷിയിലുള്ള ഈ അമിതവിശ്വാസം പില്ക്കാലമതങ്ങളെയും തത്ത്വചിന്തയെയും സ്വാധീനിച്ചിട്ടുണ്ട്.
ഇന്ത്യയിലും സമാനമായ സങ്കല്പങ്ങളുണ്ട്. മനുഷ്യർ ഒഴികെയുള്ള ജീവികളെ തിര്യക്കുകൾ എന്നു വിളിക്കുന്നത് ഉദാഹരണം. നിവർന്നുനടക്കാത്ത, തിരശ്ചീനമായി സഞ്ചരിക്കുന്ന ജീവികൾ എന്നാണ് തിര്യക്ക് എന്ന വാക്കിൻ്റെ നിഷ്പത്തി സൂചിപ്പിക്കുന്നത്. എങ്കിലും ദാർശനികമായ സന്ദർഭങ്ങളിൽ വിശേഷബുദ്ധിയില്ലാത്ത ജീവികളെ പൊതുവേ ഈ വാക്കുകൊണ്ടു കുറിക്കാറുണ്ട്. വിവേകം, ധർമ്മബോധം മുതലായ മനുഷ്യസിദ്ധികളില്ലാത്ത മൃഗങ്ങളെ സാമാന്യമായി പശു എന്നും വിളിച്ചുപോരുന്നു. അനുഭവങ്ങളുടെ ഓർമ്മ (സ്മൃതി), അനുഭവങ്ങളിൽനിന്ന് ഉള്ളിൽപ്പതിഞ്ഞ മുദ്രകൾ (സംസ്കാരം) എന്നിങ്ങനെ ചില ഗുണങ്ങളുണ്ടെങ്കിലും കാര്യ-കാരണബന്ധത്തിലൂടെ എന്തെങ്കിലും അനുമാനിക്കാനുള്ള താർക്കികശേഷിയും മറ്റും അങ്ങനെയുള്ള ജീവികൾക്കില്ലത്രേ.
അഴലിന്നു മൃഗാദിജന്തുവിൽ
