ഇരുട്ടില്‍, നടുറോഡില്‍ നാലുപാടും ചിതറി​ക്കിടന്ന എംടിയുടെ ആ തിരക്കഥ !

World of Letters

ഇരുട്ടില്‍, നടുറോഡില്‍ നാലുപാടും ചിതറി​ക്കിടന്ന എംടിയുടെ ആ തിരക്കഥ !


ച്ഛൻ രാത്രി തീരെ ഉറങ്ങിയിട്ടില്ല, ഇപ്പോഴാണൊന്ന് കണ്ണട​ച്ചത് എന്നു പറഞ്ഞ് അശ്വതി ആശുപത്രിയുടെ വരാന്ത​യിൽ നിന്നുകൊണ്ട് മുറിയുടെ വാതിൽ അല്പം തുറന്നു പിടിച്ചു​തന്നു. എം.ടി. വാസുദേവൻ നായരുടെ മകളാണ് അശ്വതി. പുറത്തുനിന്നു നോക്കുമ്പോൾ അദ്ദേഹം നല്ല ഉറക്കത്തിലാണ്. ശ്വാസം​മുട്ടലുണ്ടെന്നും സംസാരിക്കരുതെന്ന് ഡോക്ടർ നിർബന്ധ​മായി നിർദ്ദേശിച്ചിട്ടുണ്ടെന്നും പറഞ്ഞിട്ട്, അങ്കിൾ അച്ഛനെക്കണ്ടിട്ട് കുറച്ചുകാലമായി അല്ലേ എന്ന് അശ്വതി ചോദിച്ചു. കോവിഡിനുശേഷം കണ്ടിട്ടില്ല എന്ന് ഞാൻ പറഞ്ഞു. ഇതിനു മുൻപ് അശ്വതിയെ കണ്ടതെന്നാണെന്ന് ഞാനോർത്തുനോക്കി. അത് "മഞ്ഞ്' എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നൈനിത്താളിൽവെച്ചായിരിക്കണം. അന്ന് രണ്ടു വയസുമാത്ര​മുള്ള കുട്ടിയായിരുന്നു അശ്വതി. എഴുപതു വർഷങ്ങളായി മുടങ്ങാതെ കൂടെയുള്ള പുകവലി ഒരു ദിവസം പെട്ടെന്ന് നിർത്തേണ്ടിവന്നപ്പോൾ അദ്ദേഹത്തിനുണ്ടായ മാനസിക​സമ്മർദ്ദം അസഹനീയമായിരുന്നു എന്നും ചിലപ്പോൾ കൊച്ചു​കുട്ടികൾ ശഠിക്കുന്നതു പോലെ ഒരു ബീഡിക്കായി വഴക്കിടുമായിരുന്നു എന്നും അശ്വതി പറഞ്ഞു. പുകവലി ഇല്ലാതാ​യിട്ട് മൂന്നു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും ഉറക്കത്തിൽ ചില നേരത്ത്, ബീഡി വലിക്കുന്നതുപോലെ രണ്ടു വിരലുകൾ ചുണ്ടോടു ചേർത്തുപിടിച്ച് ഉള്ളിലേക്കു ശ്വാസമെടുത്തശേഷം ഇല്ലാത്ത പുക പുറത്തേക്ക് ഊതിക്കളയുന്ന അച്ഛൻ സ്വപ്നത്തി​ലെങ്കിലും പുകവലി ആസ്വദിക്കുന്നുണ്ടാവും എന്നു മകൾ ആശ്വ​സിച്ചു.

"നിർമാല്യ"ത്തിലെ ഭ്രാന്തൻ ഗോപാലനെ ഞാനോർത്തു.
സിനിമയിൽ ഗോപാലൻ ആ ദൂരമെല്ലാം നിർത്താതെ ഓടിയത് ഒരു ബീഡിക്കുവേണ്ടിമാത്രമായിരുന്നു. നാളെ വരാം എന്നു പറഞ്ഞ് ഞാൻ പോകാനൊരുങ്ങി. സന്ദർശ​കരെ കഴിയുന്നതും ഒഴിവാക്കണം എന്നാണ് ഡോക്ടർ പറഞ്ഞി​രിക്കുന്നത് എന്ന് അശ്വതി പറഞ്ഞു. കഴിഞ്ഞദിവസം അദ്ദേഹത്തെ കാണാൻ പറ്റുമോ എന്നന്വേഷിക്കാനായി ആശുപത്രി​യിൽ ചെന്നപ്പോൾ അവിടത്തെ പി.ആർ.ഒ. പറഞ്ഞതും അതു​തന്നെയായിരുന്നു. എന്നാൽ, അതു സാരമില്ല, അങ്കിൾ നാളെ വന്നോളൂ എന്ന് അശ്വതി പറഞ്ഞു.

കോട്ടയം എൻ.എസ്.എസ്. ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് കഴിഞ്ഞ് കോളേജിലേക്കു പോകാനുള്ള കാത്തിരിപ്പ് അനന്ത​മായി തുടരുന്ന കാലത്ത് പഴയ സ്കൂളിൽ എന്തോ വിശേഷാൽ പരിപാടി നടക്കാൻപോകുന്നുണ്ടെന്നും എം.ടി. വാസുദേവൻ നായർ ആണ് മുഖ്യപ്രഭാഷകൻ എന്നും കേട്ടറിഞ്ഞ ഞങ്ങൾ കുറച്ചുപേർ നേരത്തേതന്നെ സ്കൂളിൽ എത്തി. ഞങ്ങളുടെ ഹെഡ്മാസ്റ്റർ ടി.എസ്. ശ്രീധരൻ നായർ സാറിന്റെ സന്മനസ്സുകൊണ്ട് ഞങ്ങൾ അഞ്ചാറുപേർക്ക് അദ്ദേഹത്തിന്റെ മുറിയിൽവെച്ച് എം.ടി.യെ കാണാനുള്ള അനുവാദം കിട്ടി. മുറിക്കു പുറത്ത് എം.ടി. വരാനായി ഞങ്ങൾ കാത്തുനിന്നു. കാറിൽനിന്നിറങ്ങി എവിടെയും നോക്കാതെ അദ്ദേഹം അക​ത്തേക്കു നടന്ന് കയറി​പ്പോയി. മുണ്ടിന്റെ കോന്തല പിടിച്ച അതേ കൈയിൽ സ്വർണനിറമുള്ള ഗോൾഡ് ഫ്ലേക് സിഗററ്റിന്റെ വലിയ പാക്കറ്റും ഗണേശ് ബീഡിയുടെ ഒരു കെട്ടും ഒരു തീപ്പെട്ടിയും ഒന്നിച്ചിരിക്കുന്നു. ശ്രീധരൻ നായർ സാറും മറ്റ് ചിലരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ച് സാറിന്റെ മുറിക്കുള്ളി​ലേക്കു കൊണ്ടുപോയി. താമസി​യാതെതന്നെ ഞങ്ങളെ അക​ത്തേക്കു വിളിപ്പിച്ചു. എന്തു പറയണമെന്ന് ഞങ്ങൾ സംശയിച്ചു​നിൽക്കുമ്പോൾ, എം.ടി. ഒരു ബീഡി കത്തിച്ചു. ഹെഡ്മാസ്റ്റ​റുടെ മുറിയിൽ, സ്കൂൾ കുട്ടികളുടെ മുന്നിൽവെച്ച് ബീഡി വലിക്കുക എന്നൊക്കെ പറയുന്നത് ഇന്നത്തെ കാലത്ത് അസ്വാ​ഭാവിക​മായി തോന്നാമെങ്കിലും അക്കാലത്ത് ആരുമതൊന്നും അത്ര ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. ഇന്ന് പ്രചാരത്തിലുള്ള പല സാമൂഹ്യ രാഷ്ട്രീയ ശരിതെറ്റുകളും അന്ന് കണ്ടിരുന്നത് ഇന്ന് കാണു​ന്നതുപോലെയും ആയിരുന്നില്ല. ഞങ്ങളുടെ മുന്നിൽ ബീഡി​വലിച്ച് നിൽക്കുന്ന ഈ മനുഷ്യൻ "നാലുകെട്ട്' എന്ന നോവലെഴു​തുമ്പോൾ ഞങ്ങളെക്കാൾ ആറോ ഏഴോ വയസ് മാത്രം കൂടു​തലുള്ള ഒരു നവയുവാവുമാത്രമായിരുന്നല്ലോ എന്നു ഞങ്ങളാരു​മപ്പോൾ ഓർത്തതുമില്ല.


Related Articles