ചൂണ്ടക്കാരുടെ സ്വര്‍ഗ്ഗം

World of Letters

ചൂണ്ടക്കാരുടെ സ്വര്‍ഗ്ഗം


രു ചാറ്റല്‍മഴയിലാണ് പിറ്റേന്ന് രാവിലെ ആങ്കറേജിന് 200 കിലോമീറ്റര്‍ താഴെ, അഥവാ തെക്കുള്ള സ്യൂവേഡ് നഗരത്തിലേക്ക് പുറപ്പെട്ടത്. ഒരു കടുംചുവപ്പ് കിയ കാറാണ് റെന്റല്‍ കമ്പനി തന്നിരിക്കുന്നത്. ചെറിയാന്‍ ഓടിക്കുന്നു. വിനോദസഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ കിനായ് ദ്വീപസമൂഹങ്ങളിലേക്ക് ബോട്ടുകള്‍ പുറപ്പെടുന്ന മുനമ്പിലാണ് സ്യൂവേഡ് നഗരം. ആ പേരിന് അലാസ്‌കയുടെ ചരിത്രവുമായി അടുത്ത ബന്ധമുണ്ട്. റഷ്യയുടെ കോളനിയായിരുന്ന അലാസ്‌ക വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ സ്ഥിതിചെയ്തതുകൊണ്ട് 'റഷ്യന്‍ അമേരിക്ക' എന്നാണ് അറിയപ്പെട്ടിരുന്നത്. അലാസ്‌കയെ 1867-ല്‍ 7 ലക്ഷം ഡോളറിന് റഷ്യയില്‍നിന്ന് വിലയ്ക്കു വാങ്ങാനുള്ള തീരുമാനമെടുത്ത് നടപ്പാക്കിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ പേരായിരുന്നു വില്യം എച്ച്. സ്യൂവേഡ്. ഒരു ചതുരശ്ര കിലോമീറ്റര്‍ ഭൂമിക്ക് ഏതാണ്ട് 24 അമേരിക്കന്‍ സെന്റ് അഥവാ ഇന്നത്തെ ഉയര്‍ന്ന ഡോളര്‍ മൂല്യംവെച്ച് നോക്കിയാല്‍ പോലും ഏകദേശം 20 രൂപയ്ക്കായിരുന്നു ഈ അതിശയ വില്പന നടന്നത്. (അലാസ്‌കയുടെ വിസ്തീര്‍ണം 7178656 ച.കി.മീറ്ററാണ്.) യുദ്ധം ചെയ്ത് പാപ്പരായ റഷ്യന്‍ ചക്രവര്‍ത്തിയാണ് അമേരിക്കയോട് മധ്യസ്ഥര്‍വഴി അഭ്യര്‍ഥന നടത്തി ഈ കച്ചവടം നടത്തിയത്. ഇത്രയും ഗംഭീരനൊരു ലാഭക്കച്ചവടം നടത്തിയിട്ടും സ്യൂവേഡ് അമേരിക്കയില്‍ പരിഹാസപാത്രമായി. ആള്‍പാര്‍പ്പോ പ്രത്യക്ഷമായ പ്രകൃതിവിഭവങ്ങളോ ഇല്ലാത്ത, വര്‍ഷത്തില്‍ പകുതിയിലേറെ സമയം മഞ്ഞുമൂടിക്കിടക്കുന്ന, ഒരു വിജനത വിലയ്ക്കുവാങ്ങിയതിനെ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും 'സ്യൂവേഡ്‌സ് ഫോളി'--സ്യൂവേഡിന്റെ വിഡ്ഢിത്തം-- എന്ന് പരിഹസിച്ചു. പക്ഷേ, പിന്നീട് വിവിധ മൃഗവേട്ടകളുടെ കുത്തക പാട്ടങ്ങള്‍ വിറ്റതിലൂടെ മാത്രം അമേരിക്കയ്ക്കു ലഭിച്ചത് റഷ്യയ്ക്ക് കൊടുത്ത മുഴുവന്‍ വിലയിലധികമായിരുന്നു. ആ വേട്ടകളിലേക്ക് നമുക്ക് മടങ്ങിവരേണ്ടതുണ്ട്.

ഇരുണ്ട മാനത്തിനുകീഴില്‍ നിശ്ചല സമുദ്രജലത്തിന്റെ കീറുകള്‍ കയറിയും ഇറങ്ങിയും കിടന്ന, അടുക്കുകയും അകലുകയും ചെയ്തു കൊണ്ടിരുന്ന, ഒരുതീരത്തുകൂടി വണ്ടി പാഞ്ഞു. കുറേക്കഴിഞ്ഞപ്പോള്‍ ചാറ്റല്‍മഴ നിന്നു. പക്ഷേ, ആകാശം കാര്‍മൂടിത്തന്നെയുണ്ട്. കടലിന്റെയപ്പുറത്തെ ചക്രവാളത്തില്‍ പുകമഞ്ഞിന്റെ നീലപ്പാട വീണ മലകള്‍. കടലിന് ആകാശത്തിന്റെ നരച്ചനിറം. ഉള്‍ക്കടലായതുകൊണ്ട് വന്‍തിരകളില്ല, മേല്‍പ്പരപ്പില്‍ ഓടിനടക്കുകയും വലിഞ്ഞുമുറുകുകയും ചെയ്യുന്ന ചുളിവുകളേയുള്ളൂ. പുകയുന്ന കാര്‍മേഘങ്ങളിലൂടെ പ്രകാശത്തിന്റെ ഒഴുക്കുകള്‍ നീന്തുന്നു. മങ്ങിയ വെളിച്ചം പെട്ടെന്ന് പിന്നെയും മങ്ങുമ്പോള്‍ മലകളും ആകാശവും കടലും ചേര്‍ന്ന് കറുപ്പിന്റെ വകഭേദങ്ങളില്‍ വരച്ച ഒരു പേസ്റ്റല്‍ ചിത്രമായിത്തീരുന്നു. ഇപ്പോള്‍ പര്‍വതശിഖരങ്ങള്‍ തൊട്ടടുത്തുവന്നു. അവയുടെ കറുത്ത പാറച്ചെരിവുകളില്‍ ഉരുകാത്ത മഞ്ഞിന്റെ വെളുത്ത ചാലുകള്‍.

ചിത്രങ്ങളെടുക്കാനായി ചെറിയാന്‍ കാര്‍ നിര്‍ത്തി. ഞങ്ങള്‍ പുറത്തിറങ്ങി. പത്തടി നടക്കുംമുമ്പ് ഒരു കാറ്റ് ഞങ്ങളെ എടുത്തുപൊക്കി. പറന്നുപോകും മുമ്പ് ഞാന്‍ നിലത്ത് കുത്തിയിരുന്നു രക്ഷപ്പെട്ടു. എന്നിട്ട് ഓടി കാറില്‍ കയറി വാതിലടച്ചു. പ്രശാന്തമെന്ന് തോന്നിയ ആ അന്തരീക്ഷത്തിലൂടെ ഒരു ഭയങ്കരന്‍ കാറ്റ് വീശുന്നുണ്ട് എന്നാരറിഞ്ഞു! ഓടുന്ന കാറിന്റെ മേല്‍ കാറ്റിന്റെ തള്ളല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു എന്ന് ചെറിയാന്‍ പറഞ്ഞു. കാറ്റിനെ തിരിച്ചറിയാന്‍ കഴിയാതെ പോയതിന്റെ കാരണം ലളിതമായിരുന്നു. അതിന്റെ അടയാളം തരാന്‍ ഒരു ചെടിയോ മരമോ പുല്ലോ എങ്ങുമില്ല. കടലിനെയത് തൊടുന്നുമില്ല. കാറ്റിന്റെ കുതിരശക്തിയെ കാറിന്റെ കുതിരശക്തി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. കുറേദൂരംകൂടി പോയപ്പോള്‍ മലകളില്‍ പച്ചപ്പ് കണ്ടു തുടങ്ങി. ഈ പച്ചപ്പിന്റെ ആയുസ്സ് മേയ് മുതല്‍ സെപ്റ്റംബര്‍വരെയേയുള്ളൂ. പിന്നെ മഞ്ഞുകാലം ഇലകളെ വര്‍ണങ്ങളണിയിക്കുന്നു. എന്നിട്ട് അവയെ കൊഴിപ്പിച്ച് മരങ്ങളെ ഗാഢനിദ്രയിലാഴ്ത്തുന്നു. പെട്ടെന്ന് വെയില്‍ തെളിഞ്ഞു. പച്ചപ്പും കുറ്റിക്കാടുകളും നിറഞ്ഞ മലഞ്ചെരിവുകള്‍ ഉണര്‍ന്നു. അത് ഒരു നിമിഷത്തേക്ക് മാത്രമായിരുന്നു. മഴ മടങ്ങിവന്നു. എതിരേ വരുന്ന കാറുകളുടെ ചക്രങ്ങള്‍ക്ക് കീഴില്‍നിന്ന് മഞ്ഞുതരികള്‍ കലര്‍ന്ന വെള്ളം പുകപോലെ പൊട്ടിത്തെറിക്കുന്നു. വീണ്ടും പാതയുടെ ഒരു ഓരത്ത് കടല്‍ പ്രത്യക്ഷപ്പെട്ടു. ഇടയ്ക്കിടെ ചൂണ്ടക്കാര്‍ക്ക് വേണ്ടിയുള്ള ക്യാബിനുകള്‍. വേനല്‍ക്കാല അലാസ്‌ക ചൂണ്ടയിടല്‍ ഭ്രാന്തരുടെ സ്വര്‍ഗരാജ്യമാണ്. ആംഗ്‌ളിങ് എന്ന് ഇംഗ്ലിഷില്‍ വിളിക്കുന്ന ചൂണ്ടയിട്ടുള്ള മീന്‍പിടിത്തം ലക്ഷക്കണക്കിന് പാശ്ചാത്യരുടെ തീരാത്ത ആനന്ദങ്ങളിലൊന്നാണ്. അതിനുവേണ്ടി കാടും മലയും ചവിട്ടാനും ആയിരമായിരം നാഴികകള്‍ താണ്ടാനും അവര്‍ തയ്യാറാണ്. (angle എന്ന പേര് ചൂണ്ടയിട്ട് മീന്‍പിടിത്തത്തിന് വീണതിന്റെ കാരണം ചൂണ്ടക്കൊളുത്തിന്റെ വളവാണത്രേ). മുട്ടിന് മുകളിലെത്തുന്ന ബൂട്ടുകളും കൈയില്‍ ചൂണ്ടയുമായി--ഇന്നത്തെ ചൂണ്ടകള്‍ അത്യന്താധുനിക സൗകര്യങ്ങളുള്ളവയാണ്--എത്ര മണിക്കൂര്‍ വേണമെങ്കിലും ക്ഷമയോടെ പുഴയിലെ തണുത്ത ഒഴുക്കുവെള്ളത്തില്‍ നില്‍ക്കാനോ കരയില്‍ ഒരു ക്യാമ്പ് കസാലയോ സ്റ്റൂളോ ഇട്ട് ചൂണ്ടയുമായി സ്വപ്നം കണ്ടിരിക്കാനോ സായിപ്പും മദാമ്മയും തയ്യാറാണ്. ഇലകളഞ്ഞ ചൂണ്ടപ്പനംതണ്ടില്‍കെട്ടിയ ചരടിലെ മണ്ണിര കോര്‍ത്ത ചൂണ്ടയുമായി ഉരുളികുന്നത്തെ തോട്ടുവക്കില്‍ ജീവിതമാരംഭിച്ച എന്നെ അലാസ്‌കയിലെ ചൂണ്ടയിടിലിന്റെ കാഴ്ച സന്തോഷിപ്പിച്ചു. സായ്പ് വളരെക്കാലം മുമ്പുതന്നെ കൃത്രിമ ഇരകള്‍ ചൂണ്ടയില്‍ കൊളുത്തിത്തുടങ്ങിയിരുന്നു. ശൈത്യ രാജ്യങ്ങളില്‍ മണ്ണിരകളെയും ഷഡ്പദങ്ങളെയും വര്‍ഷം നീളെ ലഭിക്കില്ല എന്നതായിരുന്നു കാരണം. പതിനായിരത്തിലേറെ രൂപങ്ങളിലുള്ള-- മീനുകള്‍ ഇഷ്ടപ്പെടുന്ന രൂപങ്ങള്‍--ഫ്‌ളൈകള്‍ ഇന്ന് നിലവിലുണ്ട്. സുന്ദരങ്ങളും കലാപരങ്ങളുമായ സൃഷ്ടികള്‍ കൂടിയാണവ. അവയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തീപിടിച്ച വിലയാണ്. അവയുടെ ശേഖരങ്ങള്‍ സ്റ്റാമ്പ് ശേഖരങ്ങള്‍പോലെ വണങ്ങപ്പെടുന്നു. എന്റെ കൈവശമുള്ള Favourite Flies and their Histories എന്ന വര്‍ണചിത്രപുസ്തകം 'ഫ്‌ളൈ' സാഹിത്യത്തിലെ ക്ലാസിക്കാണ്. ഇംഗ്ലണ്ടിലെ ചൂണ്ടക്കാരുടെ വിശുദ്ധ ഗ്രന്ഥമാണ് 1653-ല്‍ പ്രസിദ്ധീകരിച്ച Issac Walton ന്റെ The compleat Angler എന്ന പുസ്തകം. (compleat എന്നത് പഴയ സ്‌പെല്ലിങ് ആണ്). പേരുകേട്ട ഓരോ ഫ്‌ളൈയും കൈകൊണ്ട് ഉണ്ടാക്കുന്നവയാണ് എന്നതു തന്നെ സര്‍വം യന്ത്രമയമായ പാശ്ചാത്യലോകത്ത് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. പ്രത്യേകതരം മീനുകള്‍ക്ക് പ്രത്യേകതരം ഫ്‌ളൈകളുണ്ട്. ഓരോന്നിനും പ്രത്യേകം പേരുകളുമുണ്ട്.


Related Articles