ചരിത്രത്തിനു പോസ് ചെയ്യുകയായിരുന്നില്ല ഫിദല്‍

World of Letters

ചരിത്രത്തിനു പോസ് ചെയ്യുകയായിരുന്നില്ല ഫിദല്‍


ഫിദല്‍ കാസ്‌ട്രോ ഏകാധിപതിയായിരുന്നോ? വിപ്ലകാരിയായി അദ്ദേഹത്തെ അറിയുകയും സാമ്രാജ്യത്വത്തിനുനേരേയുള്ള ചെറുത്തുനില് പിന്റെ എക്കാലത്തെയും വലിയ പ്രതീകങ്ങളിലൊന്നായി ആരാധിക്കുകയും ചെയ്യുന്നവര്‍ വകവച്ചുകൊടുത്തേക്കില്ലെങ്കിലും ഫിദലിനെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപതിയായി കരുതുകയും വെറുക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ സ്വന്തം മകള്‍പോലുമുണ്ട്.

അധികാരം ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞുകൊണ്ട് അരനൂറ്റാണ്ടു ഭരിച്ചുകൊണ്ടിരുന്നതും എതിര്‍സ്വരങ്ങള്‍ അനുവദിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ ഫിദലിനെ ഏകാധിപതിയുടെ കുപ്പായ മണിയിക്കുന്നത്. വിപ്ലവത്തിന്റെ വിജയത്തെ തുടര്‍ന്നു ഭരണത്തിലേറിയ സര്‍ക്കാര്‍ നടത്തിയ വിചാരണകള്‍ അസഹിഷ്ണുതയുടെയും സമഗ്രാധിപത്യത്തിന്റെയും സന്ദേശമാണു പുറംലോകത്തിനു നല്‍കിയത്. യുദ്ധക്കുറ്റവാളികളെ മാത്രമേ വിചാരണ ചെയ്തു ശിക്ഷിക്കുന്നുള്ളൂ, ബത്തീസ്തയെ പിന്തുണച്ചിരുന്നവരെയെല്ലാം ശിക്ഷിക്കുന്നില്ല എന്നെല്ലാം ഫിദല്‍ പറഞ്ഞെങ്കിലും യുഎസ് മാധ്യമങ്ങള്‍ അടക്കം അതിനെ മനുഷ്യാവകാശപ്രശ്‌നമായാണ് കണ്ടത്.

കവി ഹെര്‍ബര്‍ട്ടോ പദിയ്യ തടവിലടയ്ക്കപ്പെട്ടതോടെ എഴുത്തുകാരും ബുദ്ധിജീവികളും അടങ്ങുന്ന വലിയൊരു വിഭാഗം കാസ്‌ട്രോയെ വിട്ടുപോയി. യൂറോപ്പിലെ മുന്‍നിര എഴുത്തുകാര്‍ ചേര്‍ന്ന് പ്രമുഖ ഫ്രഞ്ചു പത്രത്തില്‍ ഫിദലിനുള്ള തുറന്ന കത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. വിപ്ലവത്തിന്റെ തത്ത്വങ്ങളെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെങ്കിലും എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കുംമേലുള്ള സ്റ്റാലിനിസ്റ്റ് അടിച്ചമര്‍ത്തല്‍ സ്വീകാര്യമല്ലെന്നാണ് അവര്‍ തുറന്നെഴുതിയത്. മാര്‍ക്വേസിനെപ്പോലെ കുറച്ചുപേര്‍ മാത്രമാണ് അപ്പോഴും ഒപ്പംനിന്നത്. പദിയ്യയുടെ വിമര്‍ശനം വിപ്ലവത്തിന്റെ പ്രതിച്ഛായയ്ക്കു കോട്ടം വരുത്തിയെന്നും ക്യൂബയില്‍ സ്റ്റാലിനിസ്റ്റ് അംശങ്ങളുണ്ടെങ്കില്‍ അത് ആദ്യം പറയുന്നതും വേരോടെ പിഴുതെറിയാന്‍തുടങ്ങുന്നതും ഫിദല്‍ കാസ്‌ട്രോ ആയിരിക്കും എന്നുമായിരുന്നു മാര്‍ക്വേസിന്റെ ന്യായീകരണം.


Related Articles