ഇ. സന്തോഷ്കുമാർ എഴുതിയ അന്ധകാരനഴി എന്ന നോവലിന്റെ ഒന്നാം അദ്ധ്യായം
- പാതാളം എന്ന തുരുത്തിലേക്ക്
ഉച്ചസമയത്തോടെ ബസ് കൊല്ലിമലകളുടെ മുകളിലുള്ള ഇരുട്ടി എന്ന പട്ടണത്തിൽ എത്തിച്ചേർന്നു. പട്ടണം എന്നു വിളിക്കുമെങ്കിലും കുറച്ചു പീടികകളും ഒന്നോ രണ്ടോ ചെറിയ ഹോട്ടലുകളും പഴവും പച്ചക്കറിയും ഉണക്കമീനും കപ്പയുമെല്ലാം കൂട്ടിയിട്ടിരിക്കുന്ന വഴിയോരച്ചന്തയും ആൾത്തിരക്കില്ലാത്ത ഒരു പഴയ ബസ്സ്റ്റാന്റുമൊക്കെ ചേർന്നുള്ള സാമാന്യം വലിയൊരു കവലമാത്രമാണത്. വേനൽക്കാലമായിരുന്നിട്ടും ഇരുട്ടിയിലെത്തിയപ്പോൾ നേരിയ തണുപ്പനുഭവപ്പെട്ടു. ഉച്ചഭക്ഷണം അവിടെനിന്നായിരുന്നു. ഏതാണ്ട് അരമണിക്കൂർ സമയം ബസ് അവിടെ തങ്ങി. തെക്കുഭാഗത്തുനിന്നും പുല്ലാനിയിലേക്കുള്ള വഴിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനായിരുന്നു ഇരുട്ടി.
പിന്നീട് കുത്തനെയുള്ള ഇറക്കമാണ്. ഇരുട്ടിയിൽനിന്നും പുല്ലാനിയിലേക്ക് മൂന്നു മണിക്കൂറെങ്കിലും സമയമെടുക്കും. ബസ്സിലിരിക്കുമ്പോൾ റോഡിനിരുവശത്തും നിരയൊപ്പിച്ചു വെട്ടിനിർത്തിയ തേയിലത്തോട്ടങ്ങൾ കണ്ടു. പച്ചയുടെ സമുദ്രംപോലെയുണ്ടായിരുന്നു. അതിരുകളിൽ പേരറിയാത്ത കാട്ടുമരങ്ങൾ. വൃക്ഷത്തലപ്പുകളെ നൃത്തംചെയ്യിക്കുന്ന തണുത്ത കാറ്റ്. ശിവൻ മയങ്ങിപ്പോയി.
ഉണർന്നപ്പോൾ ഹെയർപിൻ ബെൻഡുകൾ പിന്നിട്ട് ബസ്സ് സമനിരപ്പിലെത്തിയിരുന്നു. ചുറ്റുപാടും വേനലിന്റെ മുദ്രകൾ കണ്ടു. കരിഞ്ഞുണങ്ങിയ പുല്ലുകൾ, ഇലവാടിയ മരങ്ങൾ, പൊടിപടർത്തുന്ന കാറ്റ്, വൈകുന്നേരത്തെ നരച്ചവെയിൽ, മുഷിഞ്ഞ മനുഷ്യർ. റോഡരുകിൽ പഴക്കംചെന്ന ഒരു ബസ്സ്റ്റോപ്പ് കെട്ടിടം. അതു കെട്ടിമേഞ്ഞിരുന്ന ഓലകൾ മിക്കവാറും ദ്രവിച്ചുപോയിരിക്കുന്നു. അതിനുള്ളിൽ മെല്ലിച്ച ഒരു പശു അയവിറക്കിക്കൊണ്ടു കിടക്കുന്നു. ഒരല്പം മുന്നിലായി പൊതുമരാമത്തുകാർ സ്ഥാപിച്ചിരുന്ന തകരംകൊണ്ടുള്ള ഒരു ബോർഡ്. അതിലെ തേയ്മാനം വന്ന അക്ഷരങ്ങൾ അയാൾ ഉറക്കച്ചടവുള്ള കണ്ണുകൾ കൊണ്ടു വായിച്ചു: PULLANI–6 km.
–പുല്ലാനി ആറു കിലോമീറ്റർ.
അപ്പോൾ അടുത്താണ്. ഒന്നോ രണ്ടോ സ്റ്റോപ്പുകൾക്കപ്പുറത്ത്.
രാവിലെ ആവളം പട്ടണത്തിലെ ബസ്സ്റ്റാന്റിൽ യാത്രയാക്കാൻ വന്ന വിദ്യാർത്ഥിസഖാക്കൾ തന്നോടു രഹസ്യമായി പറഞ്ഞ കാര്യമാണ് ശിവൻ അപ്പോൾ ഓർമ്മിച്ചത്. അവർ രണ്ടുപേരുണ്ടായിരുന്നു. കൂട്ടത്തിൽ മെലിഞ്ഞ, ഉയരമുള്ള വിദ്യാർത്ഥി പറഞ്ഞു: “പുല്ലാനി നമ്മുടെ ഒരു ഏരിയയാണു സഖാവേ. അവിടെ ചില ഉശിരൻകക്ഷികളുണ്ട്. പുല്ലാനിയെത്തിയാൽ കരടിയച്ചാച്ചന്റെ തുരുത്തിലേക്ക് ദാ, ഇത്തിരി ദൂരമേയുള്ളൂ.”
“ദാ, ഇത്തിരി.” മറ്റേയാൾ അതു ശരിവച്ചുകൊണ്ട് ആംഗ്യം കാണിച്ചു.
ഒന്നാമൻ കൊടുത്ത പഴയൊരു കടലാസുതുണ്ട് ശിവൻ കൈനീട്ടി വാങ്ങി. മാർഗനിർദ്ദേശങ്ങളും അടയാളവാക്കുകളും സൂചിപ്പിക്കുന്ന കുറിപ്പായിരിക്കും അതെന്ന് അയാൾ ഊഹിച്ചു.
“സൂക്ഷിക്കണേ.” അതു തരുമ്പോൾ ഒന്നാമൻ ഉപദേശിക്കുന്നമട്ടിൽ പറഞ്ഞു.
ആ വാക്കുകളിലെ അമിതമായ കരുതൽ ശിവന് ഇഷ്ടമായില്ല.
“സഖാവിന്റെ അടുത്ത ഷെൽട്ടർ ആ തുരുത്താണ്. അവിടെയെത്തിയാൽ പിന്നെയൊന്നും നോക്കാനില്ല,” ആദ്യത്തെയാൾ തുടർന്നു: “പഴയ സഖാക്കള് പാതാളമെന്നും വിളിക്കും. യു.ജി! പേരുപോലെതന്നെയാ സ്ഥലവും. തനി പാതാളംതന്നെ! പണ്ടുമുതല്ക്കേ പണിയന്മാരുടെ സ്ഥലമാരുന്നു. ഇപ്പോ പക്ഷേ, കരടിയച്ചാച്ചന്റെ തുരുത്തെന്നു പറഞ്ഞാലേ നാലാളറിയൂ. പുറത്തുനിന്നും ഒരീച്ചപോലും കടക്കില്ല. കടന്നാൽപ്പിന്നെ തിരിച്ചുവരില്ലാന്നും കൂട്ടിക്കോളിൻ. അതാണ് അച്ചാച്ചൻ!”
“അതാണ്!” അപരൻ പിന്താങ്ങി. ജന്മനാലുള്ള ഒരു പുച്ഛഭാവം അയാളുടെ മുഖത്തു തെളിഞ്ഞുകണ്ടു.
“ഏത്? പണ്ടു കൽക്കത്താ തീസിസിന്റെ കാലത്തെ മൊതലാ,” ആദ്യത്തെയാളുടെ വാക്കുകളിൽ അഭിമാനം ജ്വലിച്ചിരുന്നു: “ഓർക്കണം, അന്നു രണ്ടു കമ്പനി പോലീസു നോക്കിയിട്ട് ഒരു പൂടപോലും കിട്ടിയിട്ടില്ല. പിന്നല്ലേ ഇപ്പോ! ഒരാളേയും പേടിക്കാണ്ട് സഖാവിന് കൊറച്ചുനാള് അവിടെ കഴിയാം. വായിക്കാം, ചിന്തിക്കാം, നെറയെ എഴുതാം. നിർത്തിവച്ച മാസികയുടെ പണി വീണ്ടും തൊടങ്ങണം. ഏതിനും അച്ചാച്ചന്റെ തുരുത്ത് പറ്റും.”
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ചുറ്റുപാടും നോക്കിക്കൊണ്ട് അയാൾ തുടർന്നു:
“അത്ര സേഫാ അവിടെ. എന്നാലോ, ചെന്നുപറ്റാനാണ് പാട്! എത്തിക്കിട്ട്യാല് ബാക്കി കാര്യം അച്ചാച്ചൻ നോക്കിക്കോളും. വയസ്സായിക്കോട്ടെ, പക്ഷേ, മൂപ്പര് ഇപ്പഴും ഉരുക്കാണ്.”
“അസ്സല് ഉരുക്ക്!” രണ്ടാമത്തെയാൾ ആവർത്തിച്ചു.
പുല്ലാനിക്കവലയിലെത്തിയപ്പോൾ സന്ധ്യയോടടുത്തിരുന്നു. തിരക്കു കൂടിയ ബസ്സിൽനിന്നും പുറത്തിറങ്ങാൻ ശിവൻ വല്ലാതെ ബുദ്ധിമുട്ടി. പണികഴിഞ്ഞു വരുന്ന തൊഴിലാളികളുടെ വിയർപ്പും ചൂടും നാടൻ ചാരായത്തിന്റെ ഗന്ധവും ബസ്സിനുള്ളിൽ കെട്ടിനിന്നിരുന്നു. കൂടിനില്ക്കുന്ന മനുഷ്യരെ വകഞ്ഞുമാറ്റി അയാൾ ബസ്സിൽനിന്നും സാവധാനം ഇറങ്ങി. ഒരുനിമിഷം പുറത്തെ തണുപ്പുള്ള വായു ശ്വസിച്ചുകൊണ്ട് വെറുതെനിന്നു. ചുറ്റുപാടും നോക്കിയപ്പോൾ അയാൾക്കു സംശയം തോന്നി. ഇതുതന്നെയാണോ വിദ്യാർത്ഥിസഖാക്കൾ പറഞ്ഞ പുല്ലാനിക്കവല? ബസ്സിൽനിന്നും തനിക്കൊപ്പം ഇറങ്ങിയ ആളുകളല്ലാതെ അവിടെ കാര്യമായി ആരേയും കണ്ടില്ല.
വെളിച്ചം കുറഞ്ഞുവന്നു. വൈദ്യുതവിളക്കുകൾ എങ്ങുമില്ല. വേനൽക്കാലമായിരുന്നിട്ടും മഴക്കാർ മൂടിനില്ക്കുന്ന ഒരു ഉന്മേഷവുമില്ലാത്ത അന്തരീക്ഷം.
യാത്രയുടെ ദിവസമായിരുന്നു അത്. ആവളം പട്ടണത്തിലെ ബസ്സ്റ്റാന്റിൽനിന്നും അതിരാവിലെതന്നെ പുറപ്പെട്ടതാണ്. പുല്ലാനിയിലേക്ക് ആവളത്തുനിന്നും നാല്പതു നാഴിക ദൂരമേയുള്ളൂവെങ്കിലും പലയിടങ്ങളിലും ഇറങ്ങിക്കയറി, ചുറ്റിവളഞ്ഞുപോകുന്നതുകൊണ്ട് സമയം കൂടുതലെടുക്കും എന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വിചാരിച്ചിരുന്നതിലും വളരെ വൈകി. ബസ്സുകൾ കുറവായിരുന്നു. പലപ്പോഴും റോഡരുകിൽ മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവന്നു. കിട്ടിയ ബസ്സുകളിൽ മിക്കവാറും വലിയ തിരക്കനുഭവപ്പെട്ടു. ഒരു പകൽ മുഴുവൻ വിശ്രമമില്ലാതെ യാത്രചെയ്തതിനാൽ അയാൾ വല്ലാതെ തളർന്നിരുന്നു.
പുതിയ ഷെൽട്ടറിനെക്കുറിച്ചു പറഞ്ഞപ്പോൾ ആദ്യം വിഷമം തോന്നി. എന്താണിത്? ലോകം തിളച്ചുമറിയുന്ന ഒരു കാലത്ത് വല്ല കാട്ടിലേക്കും ഒളിച്ചുപോവുകയോ? പിന്നെ ശാന്തമായി ആലോചിച്ചപ്പോൾ തോന്നി, അവർ പറയുന്നതിലും കാര്യമുണ്ട്. ഇടയ്ക്കിടെ സ്ഥലങ്ങൾ മാറ്റി സഖാക്കൾ വല്ലാതെ ബുദ്ധിമുട്ടുന്നു. ലഘുലേഖകൾപോലും അച്ചടിക്കാനാവുന്നില്ല. മാസിക പുറത്തുവന്നിട്ട് മാസങ്ങളായി. കങ്ങഴസംഭവത്തിനുശേഷം മുൻനിരയിലുള്ളവരെയെല്ലാം പോലീസ് നോട്ടമിട്ടിട്ടുണ്ട്. പലരേയും പിടികൂടാനും അവർക്കു സാധിച്ചു. ഒളിച്ചുതാമസിക്കുകയേ നിവൃത്തിയുള്ളൂ. പട്ടണത്തിലാണെങ്കിൽ അങ്ങനെ രഹസ്യമായി പാർക്കാവുന്ന ഇടങ്ങളും കുറഞ്ഞുവരികയാണ്. എല്ലായിടത്തും പോലീസ് കയറിയിറങ്ങുന്നു. ഒരു വീടിനെക്കുറിച്ച് നേരിയ സംശയം തോന്നിയാൽപ്പിന്നെ അതിനു കാവലായി രണ്ടുപേർ രാവും പകലും നില്പുണ്ടാവും. കാവലില്ലാത്ത വീടുകൾതന്നെ കാണാനില്ല. സ്ഥിരതാമസക്കാരെപ്പോലും ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്യുന്നതു പതിവായിട്ടുണ്ട്. എന്തും സംഭവിക്കാമെന്നുള്ള സ്ഥിതിയാണ്. ഇനി കുഗ്രാമങ്ങളിലോ കാടുകളിലോ പോയി ഒളിക്കുകയേ വഴിയുള്ളൂ. പാതാളം എന്നു വിളിപ്പേരുള്ള ഈ മലമ്പ്രദേശം അതിനുവേണ്ടി അവരിലാരോ കണ്ടെത്തിയതാണ്. അതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നുകാണണം.
അവർ തന്ന കടലാസുകഷണം, വഴികളും അടയാളവാക്കുകളും മനഃപാഠമാക്കിയശേഷം ശിവൻ വായിലിട്ടു ചവച്ചരച്ചു. അടയാളവാക്കുകൾക്ക് മനംപിരട്ടലുണ്ടാക്കുന്ന രുചിയാണെന്നു തോന്നി. കുറച്ചുനേരത്തിനുശേഷം അരഞ്ഞ രഹസ്യങ്ങൾ ആളുകൾ കാണാതെ അടുത്തുള്ള കാനയിലേക്കു തുപ്പിക്കളഞ്ഞു. നേരിട്ടുള്ള ബസ്സുണ്ടായിരുന്നുവെങ്കിലും ഇടയ്ക്കിടെ ഇറങ്ങി ബസ്സു മാറിക്കയറി ഒരല്പം വളഞ്ഞ വഴിയാണ് സ്വീകരിച്ചത്. പുല്ലാനിയിലെ കവലയിൽ വൈകിയെത്തിയത് സ്വാഭാവികമായിരുന്നു. കാത്തുനില്ക്കാമെന്നു പറഞ്ഞ സഖാവ് തിരിച്ചുപോയിക്കാണുമോ? സംശയിച്ചുകൊണ്ട് കുറച്ചുനേരം വഴിയോരത്തുതന്നെ നിന്നു.
അപ്പോൾ കുറച്ചകലെനിന്നും ഉയരം കൂടിയ ഒരു മെലിഞ്ഞ മനുഷ്യൻ നടന്നുവരുന്നത് ശിവൻ കണ്ടു. അതയാളായിരിക്കണം. അല്ലാതെ മറ്റാരേയും കാണുന്നില്ലല്ലോ. അയാൾ സമീപത്തെത്തിയപ്പോൾ ഒന്നു മടിച്ചുകൊണ്ട് ശിവൻ ആ അടയാളവാക്കുകൾ പറഞ്ഞു. “അച്ചു” എന്നു സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയാൾ തലയാട്ടുകമാത്രം ചെയ്തു. പിന്നെ കൂടുതലൊന്നും പറയാതെ മുന്നിലേക്കു നടന്നു. വിചാരിച്ച ആൾതന്നെയാണോ? സംശയമായി. പേരുമാത്രമാണ് പറഞ്ഞത്, അടയാള വാക്കുകൾക്കു മറുപടിയുണ്ടായില്ലല്ലോ. എന്തുചെയ്യണം എന്നു വിചാരിച്ച് കുറച്ചുനേരം അവിടെത്തന്നെ അനങ്ങാതെ നിന്നു. അപ്പോൾ അച്ചു തിരിഞ്ഞുകൊണ്ട് കൂടെപ്പോരാൻ കണ്ണുകാണിച്ചു. അതൊരു ആജ്ഞ പോലെയുണ്ടായിരുന്നു. ഇഷ്ടമായില്ലെങ്കിലും അനുസരണയുള്ള മൃഗത്തെപ്പോലെ ശിവൻ അയാളുടെ പിന്നാലെ നടന്നു.
“പുഴകടക്കണം സഖാവേ, കാല് നീട്ടിവച്ച് വെക്കം നടന്നാട്ടെ.” സഖാവ് തിരക്കുകാണിച്ചു. ഷെൽട്ടർ പുഴയ്ക്കപ്പുറത്താണോ? ശരിതന്നെയാവും, തുരുത്തെന്നാണല്ലോ രാവിലെ കുട്ടികളും പറഞ്ഞത്. അയാൾ സ്വയം ആശ്വസിച്ചു. പുഴകടന്ന് അപ്പുറത്തെത്തിയാൽപ്പിന്നെ എങ്ങനെയാണ്, എത്ര ദൂരമുണ്ട്, എത്ര നാളേക്കാണ് എന്നൊക്കെ ചോദിച്ചറിയണമെന്നുണ്ടായിരുന്നു. പുല്ലാനിയിലെ ഉശിരരായ സഖാക്കളെക്കുറിച്ച് ചോദിക്കണമെന്നുണ്ടായിരുന്നു. സംഘടനയുടെ സമീപപ്രദേശങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്നും. എന്നാൽ അടുപ്പം കാണിക്കാതെ അയാൾ മുന്നിൽ നടക്കുകയാണ് ചെയ്തത്. കൂടുതലൊന്നും അന്വേഷിക്കരുതെന്ന നിയന്ത്രണമുള്ളതുകൊണ്ട് പിന്നെ ഒന്നും ചോദിച്ചില്ല. അല്ലെങ്കിൽത്തന്നെ അയാൾക്കും മറ്റൊന്നും അറിയുന്നുണ്ടാവില്ല. പുല്ലാനിക്കവലയിൽ ബസ്സിറങ്ങിയപ്പോൾമുതൽ അടുത്തസ്ഥലത്തെത്തുന്നതുവരെയുള്ള ചുമതലയേ അയാൾക്കുണ്ടാവാനിടയുള്ളൂ. അതിനുവേണ്ട വിവരങ്ങളേ അയാൾക്കും ലഭിച്ചിരിക്കാനിടയുള്ളൂ. വഴി കാണിക്കുന്നതിനപ്പുറം തമ്മിൽത്തമ്മിലുള്ള സംഭാഷണങ്ങൾ ഒഴിവാക്കുന്നതിനുവേണ്ടിയാവണം അയാൾ കുറച്ചു മുന്നിൽ നടക്കുന്നത്.
കടവിലേക്കുള്ള വഴി വീതികുറഞ്ഞതായിരുന്നു. തരിശിട്ട വയലുകൾക്കിടയിലൂടെ വേനലിൽ പൊഴിച്ചിട്ട പാമ്പിന്റെ ഉറപോലെ അതു നീണ്ടുകിടന്നു. ചിലപ്പോഴെല്ലാം അതു വളവുകളിൽ ചെന്നു കാണാതായി, പിന്നെയും പ്രത്യക്ഷപ്പെട്ടു. വഴിക്കിരുവശത്തും ഉയരമില്ലാത്ത കുറ്റിച്ചെടികളുടെ നിരയാണ്. ഓരം ചേർന്നു നടക്കുമ്പോൾ അവയുടെ പരുപരുത്ത ഇലകൾ ശിവന്റെ കാലുകളിലുരഞ്ഞു. ചെടികളുടെ മുള്ളുകൾ കൊണ്ട് അയാൾക്കു മുറിവേറ്റിരുന്നു. ക്ഷീണമുള്ളതുകൊണ്ടാവണം, ഒട്ടേറെ നടന്നിട്ടും വയലുകൾ അവസാനിക്കുന്നില്ലെന്നു തോന്നി. ഒടുവിൽ, വഴി കാഴ്ചയിൽനിന്നും മാഞ്ഞുപോകുന്നിടത്ത്, ദൂരെ, മിന്നലേറ്റു തലവെന്തുപോയ രണ്ടു തെങ്ങുകൾ പ്രത്യക്ഷപ്പെട്ടു. വൈകുന്നേരത്തെ മങ്ങിയ വെളിച്ചത്തിൽ കാണുമ്പോൾ ആകാശത്തിന് ഊന്നുകൊടുത്തിട്ടുള്ളതു പോലെ തോന്നും. അയാൾ കാതോർത്തു: ഒഴുക്കിന്റെ ശബ്ദം കേൾക്കാനുണ്ട്, പക്ഷികളുടെ കരച്ചിൽ കേൾക്കുന്നുണ്ട്, പുഴയോട് അടുക്കുകയാവണം.
കടവിനടുത്തെത്തിയപ്പോൾ സഖാവ് തിരിഞ്ഞുനിന്നു. അച്ചു എന്നുതന്നെയല്ലേ അയാൾ പേരു പറഞ്ഞത്? ശിവൻ ഓർമ്മിച്ചെടുക്കാൻ പണിപ്പെട്ടു. ചിലപ്പോൾ അതു കള്ളപ്പേരാവാനാണ് സാദ്ധ്യത. ഒറ്റനോട്ടത്തിൽത്തന്നെ ആ ചെറിയ പേരിൽ അയാൾ ഒതുങ്ങുന്നില്ലെന്നു തോന്നും. ഒരല്പം കുനിഞ്ഞിട്ടാണ് നടന്നിരുന്നതെങ്കിലും നല്ല ഉയരം തോന്നിച്ചിരുന്നു. വല്ലാത്ത തിളക്കമുള്ള കണ്ണുകളാണയാൾക്ക്. ആ നോട്ടത്തിൽനിന്നും ഒഴിഞ്ഞുമാറാൻ പറ്റില്ല. നെറ്റിയിൽ ഇടതുകണ്ണിനു മുകളിലായി ഒരു പഴയ മുറിവിന്റെ പാട് ചുവന്നുതടിച്ചു കിടപ്പുണ്ട്. കുറച്ചുനേരമായി കൂടെയുണ്ടായിരുന്നിട്ടും ഇപ്പോഴാണ് അതു കാണുന്നത്. സൂക്ഷിച്ചു നോക്കുമ്പോൾ അതൊരു ചുവന്ന ഇഴജന്തുവിനെപ്പോലെയായിരുന്നു. താനതു ശ്രദ്ധിക്കുന്നു എന്നു തോന്നിയിട്ടാവണം അച്ചു ഇടതുകൈകൊണ്ട് തന്റെ നെറ്റി മറച്ചുപിടിക്കാൻ ശ്രമിച്ചു.
“വള്ളം അങ്ങു പോയതാ. വിളിച്ചുവരുത്തണം.” കടവിലേക്കു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു. കടവും പരിസരവും വിജനമാണ്. നേരിയ ഇരുട്ടു പടർന്നുതുടങ്ങിയിരിക്കുന്നു. പരന്നപ്രദേശമായതുകൊണ്ടാവാം, പുഴയ്ക്ക് ഒഴുക്കു കുറവുണ്ട്. ചെമപ്പുപടർന്ന ആകാശത്ത് നിരയൊപ്പിച്ച് പക്ഷികളുടെ ഒരു കൂട്ടം മടങ്ങിപ്പോകുന്നതു കണ്ടു.
“അവനെ കാണുന്നില്ലല്ലോ. പോയോ?” മറുകരയിലേക്കു നോക്കിക്കൊണ്ട് അച്ചു പറഞ്ഞു.
“തോണി വന്നില്ലെങ്കിൽ എന്തുചെയ്യും?” ശിവൻ ചോദിച്ചു: “നീന്തിക്കടക്കാനൊക്കുമോ?”
അച്ചു ചിരിച്ചു: “അതു പ്രയാസാവും. ദൂരം കൊറച്ചുണ്ട്.”
“ഇത്ര വരൾച്ചയിലും എവിടുന്നാ ഈ വെള്ളം?” വേനലിൽ നടന്നു കയറാവുന്ന പുഴകളെ ഓർമ്മിച്ചുകൊണ്ട് ശിവൻ ചോദിച്ചു.
“അതിനു മേലേ പണിയമ്മാരു കല്ലും മരവുംകൊണ്ടു തടയണ കെട്ടീട്ടുണ്ട്. മഴക്കാലത്ത് നെറച്ചുവയ്ക്കും. ഇതു വല്ല കൃഷിനനയ്ക്കാൻവേണ്ടി തുറന്നതാവും.”
അച്ചു കടവിലേക്കിറങ്ങി കൈകാലുകൾ കഴുകി. വെള്ളത്തിനു നല്ല തണുപ്പുണ്ടെന്ന് അയാളുടെ പെരുമാറ്റത്തിൽനിന്നും ഊഹിക്കാം.
“അല്ലെങ്കിൽത്തന്നെ ഇവിടെയെറങ്ങാൻ പേടിക്കണം. ചെലപ്പോ അബദ്ധമാവും. ഒഴുക്ക് എപ്പഴാ കൂട്വാന്ന് പറയാമ്പറ്റില്ല്യ.”
“സഖാവ് നീന്തിനോക്കിയിട്ടുണ്ടോ?” ശിവൻ ചോദിച്ചു.
“ഓ! ഞാനോ? എനിക്കു നീന്താനൊന്നും വശമില്ല സഖാവേ.” അച്ചു ശബ്ദം കുറച്ചുകൊണ്ടു പറഞ്ഞു.
കുറച്ചു നേരത്തിനുശേഷം അച്ചു കൈകൾ മുഖത്തോടു ചേർത്തു പിടിച്ച് ഉറക്കെ കൂവി. മൂന്നുനാലു തവണ ആവർത്തിച്ചപ്പോൾ അപ്പുറത്തുനിന്നും മറുകൂക്ക് കേട്ടു:
“ഓ, വരുന്നൊണ്ട്.” തെല്ലൊരു ആശ്വാസത്തോടെ അയാൾ പറഞ്ഞു. വള്ളം വരുന്നതുവരെ ഇയാൾക്കൊപ്പം എങ്ങനെ ചെലവഴിക്കുമെന്നതിന്റെ ഉത്കണ്ഠ ശിവനുണ്ടായിരുന്നു. അയാൾ അച്ചു കാണാതെ, എന്നാൽ അയാളെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു. അയാൾക്ക് അമ്പതു വയസ്സിനുമേൽ പ്രായം കാണണം. മുടി നരച്ചുതുടങ്ങിയിരിക്കുന്നു. ചുവന്ന കരയുള്ള ഒരു വെളുത്ത ഒറ്റമുണ്ടാണ് ചുറ്റിയിരിക്കുന്നത്. അതു വല്ലാതെ മുഷിഞ്ഞിരിക്കുന്നുവെന്നു തോന്നി. കൈയിറക്കം കുറഞ്ഞ ഷർട്ടിൽ അവിടവിടെ കറ പറ്റിയിട്ടുണ്ട്. അച്ചു അതൊന്നും തീരെ ശ്രദ്ധിച്ചിരുന്നില്ല. അയാളുടെ പെരുമാറ്റത്തിൽ എപ്പോഴുമുള്ള ഒരു തിടുക്കം ദൃശ്യമായിരുന്നു.
ഇത്രനേരവും അച്ചു കാര്യമായൊന്നും സംസാരിച്ചില്ലെന്നോർത്തു. പുഴയുടെ ഒഴുക്കു ശ്രദ്ധിച്ചുകൊണ്ട് നിശ്ശബ്ദനായി നിന്നപ്പോൾ അപ്പുറത്തുനിന്നും വീണ്ടും ഒരു കൂക്കുകൂടി കേട്ടു. ഇത്തവണ കുറച്ചുകൂടി അടുത്തുനിന്നാണ്. സൂക്ഷിച്ചുനോക്കുമ്പോൾ പുഴയുടെ മധ്യത്തിൽ ഇരുണ്ടരൂപങ്ങളുടെ ചലനം കാണാറായി. ഒരു വഞ്ചി അടുത്തു വരികയാണ്.
“വള്ളമിങ്ങെത്തി. കൂവലു കേട്ടില്ലേ?” അച്ചുവിന്റെ ശബ്ദത്തിൽ ആശ്വാസത്തിന്റെ ധ്വനിയുണ്ടെന്നു തോന്നി.
വഞ്ചിക്കാരൻ തന്റെ കുത്തുകോൽ എടുത്തു മാറ്റി തോണി പതുക്കെ തീരത്തോടടുപ്പിച്ചു. പിന്നെ ഒരു ടോർച്ചെടുത്ത് അച്ചുവിന്റെ നേർക്കു തെളിയിച്ചു. അയാളെക്കൂടാതെ തോണിയിൽ മറ്റാരുമുണ്ടായിരുന്നില്ല.
“കാത്തുനിന്നു മുഷിഞ്ഞോ, പിള്ളേ?” അയാൾ അധികം ശബ്ദമെടുക്കാതെ വിളിച്ചു ചോദിച്ചു. അച്ചു അതിന് ഉത്തരം പറഞ്ഞില്ല.
“തുരുത്തിലേക്ക് ഒരു കട്ടിലു കൊണ്ടുവാനുണ്ടാരുന്ന്. അതെറക്കാൻ പോയതാ.” തോണിക്കാരൻ കരയിലേക്ക് കാലൂന്നിക്കൊണ്ട് വീണ്ടും പറഞ്ഞു.
“അല്ലാ, അച്ചാച്ചനു നീയാ കത്തു കൊടുത്തോ?” അച്ചു ഇടയ്ക്കു കയറി ചോദിച്ചു.
“അതിന് അച്ചാച്ചനെ ആരു കണ്ടു? മൂപ്പരു തെരക്കിലാവും. ഇപ്പോ ആ കണക്കപ്പിള്ളയും മയ്യത്തായല്ലോ. കത്തു ഞാനാ കുള്ളനെ ഏല്പിച്ചു.”
“എന്നിട്ട്? വല്ലോം മറുപടി കിട്ടിയോ?”
“എബടന്ന്! ഓൻ ചെല ഗോഷ്ഠി കാണിച്ച്.” തോണിക്കാരൻ പരിഹാസത്തോടെ പറഞ്ഞു.
“എന്താ അതിന്റെ അർത്ഥം?”
“ആ! വാലും തലേമില്ലാത്ത പണിയൻ! ഇങ്ങളു ബേജാറാവാണ്ടിരി പിള്ളേ. ഇങ്ങടെ കാര്യം അച്ചാച്ചൻ തള്ള്വോ?”
കുറച്ചുനേരത്തേക്ക് അച്ചു ഒന്നും പറഞ്ഞില്ല. അയാൾ എന്തോ ആലോചിക്കുന്നതുപോലെ ഇരുട്ടിലേക്കു നോക്കിക്കൊണ്ടു നിന്നു.
“എവടന്നാ കട്ടില്?” അച്ചു തിരക്കി: “പുത്തനായി ഉണ്ടാക്കിയതാണോ?”
“അല്ലെന്നേ. ആ കണക്കപ്പിള്ള കെടന്നതാരുന്നു. മയ്യത്തായപ്പോ അതിന്മേല്തന്നെ കെടത്തി മക്കളു വീട്ടിലോട്ടു കൊണ്ടുപോയതാ. കട്ടിലു തിരിച്ചു കൊണ്ടുപോന്നു.”
“അതവർക്കുതന്നെ കൊടുക്കാമായിരുന്നില്ലേ? അവിടെയെന്തിനാ ഇപ്പോ ഒരു പഴേ കട്ടില്?”
“ജോറായി! ഇതങ്ങനെ കൊടുക്കാമ്പറ്റ്വോ? മൂത്തുമുരത്ത കാഞ്ഞിരമല്ലേ മൊതല്! കെടന്നാ ആയുസ്സു കൂടും. കണക്കെഴുതണ തന്ത തൊണ്ണൂറു വയസ്സുവരെ ഉഷാറായിട്ടിരുന്നില്ലേ?”
ആയുസ്സിനെക്കുറിച്ചുള്ള വാക്കുകളുടെ ഉത്സാഹംകൊണ്ടോ എന്തോ, തോണിക്കാരൻ ഒരു പാട്ടുമൂളാൻ ശ്രമിച്ചു.
അപ്പോൾമാത്രമാണ് അയാൾ തന്നെ കാണുന്നതെന്ന് ശിവനു തോന്നി. തോണിക്കാരന്റെ കണ്ണുകളിലെ സംശയത്തിന്റെ മിന്നായം അവിടെ പടർന്ന ഇരുട്ടിലും അയാൾക്കു കാണാമായിരുന്നു.
“ഇതു നമുക്ക് വേണ്ടപ്പെട്ട ഒരാളാ. നീയ് മൂപ്പരെ ഒന്ന് അപ്പുറം കടത്തി മാളികയിലെത്തിച്ചേക്കണം. കൂലിയൊന്നും മേടിക്കരുത്.” അച്ചു അയാളോടു പറഞ്ഞു.
“അതെന്താ പിള്ളേ, ഇങ്ങള് കൂട്ടുവരുന്നില്ലേ?” തോണിക്കാരൻ ചോദിച്ചു. ശിവന്റെ മനസ്സിലും അതായിരുന്നു സംശയം.
“എനിക്ക് പോയിട്ട് ഒരാളുടെ വാച്ചു കൊടുക്കാനൊണ്ട്. ഒത്തിരി പഴേ മൊതലാ, റാഡോ. ഇന്നാ അതിന്റെ സ്പെയറു കിട്ടിയത്. ഇപ്പോത്തന്നെ അയാളു കാത്തുനിന്നു മുഷിഞ്ഞിട്ടുണ്ടാവും. സമയം കുറേയായില്ലേ?”
“ഓ, ഇങ്ങടെ ഒരു കാര്യം! എപ്പഴും സമയല്ല്യ. ഇങ്ങള് സമയം റിപ്പേറു ചെയ്യണ ആളല്ലേ പിള്ളേ?” തോണിക്കാരൻ ചിരിച്ചു.
“അതോണ്ടെന്തു കാര്യം? റിപ്പേറല്ലേ ഉള്ളൂ? സമയത്തിന്റെ സൂചി പിടിച്ചുനിർത്താമ്പറ്റ്വോ? അത് അതിന്റെ പാട്ടിനു പൂവ്വും! പിന്നേ, അച്ചാച്ചനോട് ഞാൻ തെരക്കീന്ന് പറഞ്ഞേക്കണേ.”
“ഓ,” തോണിക്കാരൻ അശ്രദ്ധമായി മൂളിക്കൊണ്ട് സ്വകാര്യം പറഞ്ഞു: “അതിന് മൂപ്പരെ ആര് കാണും?”
ശിവൻ തോണിയിൽ കാലെടുത്തുവയ്ക്കുമ്പോൾ അച്ചു അടുത്തേക്കു വന്നു. ഒരു കാൽ കരയിലും മറ്റേത് വഞ്ചിയിലുമൂന്നിയായിരുന്നു ശിവന്റെ നില്പ്. അപ്പോൾ ആദ്യമായി അച്ചു അയാളുടെ കൈയിൽ പിടിച്ചു. ആ കൈകൾക്ക് വല്ലാത്തൊരു തണുപ്പുണ്ടെന്ന് ശിവനു തോന്നി. ശവം പോലെ, അയാളുടെ മനസ്സിൽ അരുതാത്തൊരു ഉപമ പെട്ടെന്നു മിന്നിമാഞ്ഞു. അച്ചു കുനിഞ്ഞ് സ്വന്തം മുഖത്തോടടുപ്പിച്ച് ഉമ്മവയ്ക്കാവുന്നത്രയും അടുത്തായപ്പോൾ ശബ്ദം കുറച്ച് ചെവിയിൽ പറഞ്ഞു: “ധൈര്യമായിട്ടു പോണം സഖാവേ. അങ്ങേരു നമ്മുടെ പഴയൊരു ആളാ. ഒണ്ടായ കാലം മൊതൽക്കേ പ്രസ്ഥാനത്തിൽ ഉള്ളതാണെന്നാ ചരിത്രം. മൂപ്പരെ വിശ്വസിക്കാം. ഏറ്റാല് ചെയ്യും, ഒറപ്പാ.”
ശിവന് അപ്പോഴും സംശയം മാറിയില്ല. അടുത്ത താവളംവരെ അച്ചുവിനല്ലേ തന്റെ ചുമതല? ഇതിപ്പോൾ ഇയാൾ ഈ തോണിക്കാരനെ ഏല്പിച്ചു പോകുന്നതു ശരിയാണോ?
അയാളുടെ സംശയം ഊഹിച്ചിട്ടെന്നോണം അച്ചു കുറച്ചുകൂടിയടുത്തേക്ക് മുഖമടുപ്പിച്ച് ഉറച്ച ശബ്ദത്തിൽ പറഞ്ഞു: “വിപ്ലവം ജയിക്കട്ടെ.”
അയാളുടെ തുപ്പൽ തന്റെ ചെവിയിൽ പതിഞ്ഞത് ശിവനറിഞ്ഞു.
ശിവൻ ഒന്നുകൂടി ഉറപ്പാക്കാനായി പറഞ്ഞു: “ലാൽസലാം.”
പുഴയ്ക്കുമേൽ ഇരുട്ടു പടർന്നുകഴിഞ്ഞു. ഒരു കൈരേഖപോലത്രയും മെലിഞ്ഞ ചന്ദ്രൻ മേഘങ്ങൾക്കു പുറത്തുവരുമ്പോഴുള്ള വിളറിയ വെളിച്ചം മാത്രം ബാക്കിയായി. തോണിക്കാരൻ കോൽ കുത്തുമ്പോൾ ഒഴുക്കിന്റെ ശബ്ദം മുറിഞ്ഞുപോകുന്നുണ്ട്. ശിവൻ തിരിഞ്ഞുനോക്കി. അച്ചുസഖാവ് വഞ്ചിയിലേക്കു നോക്കിക്കൊണ്ട് കരയിൽത്തന്നെ നില്ക്കുകയാണെന്ന് അയാൾക്കു മനസ്സിലായി. തിരക്കുണ്ടെന്നു പറഞ്ഞിട്ടും അയാൾ പോയില്ലേ?
തോണിക്കാരൻ നിവർന്നുനിന്നുകൊണ്ട് കോൽ താഴ്ത്തുകയാണ്. അവർ പരസ്പരം ഒന്നും പറഞ്ഞില്ല. തീരെ മങ്ങിയവെളിച്ചത്തിൽ പുഴയൊഴുകുന്നതും അതിന്റെ ഒഴുക്കിനെ പതുക്കെ മുറിച്ചുകൊണ്ട് തോണി പോകുന്നതും വഞ്ചിയിൽ നിശ്ശബ്ദരായി രണ്ടുപേർ ഇരിക്കുന്നതും കരയിൽ ഒരാൾ കാവൽ നില്ക്കുന്നതും, എല്ലാം വല്ലാതെ ഇരുണ്ട ഒരു കാഴ്ചപോലെയായിരുന്നു.
“ഇങ്ങടെ പേരെന്താ?” തോണിക്കാരൻ ചോദിച്ചു.
ശിവൻ ഒരു നിമിഷം ശങ്കിച്ചു. ഇയാളോട് എന്തു പേരു പറയണം? തോണിക്കാരൻ പേരു ചോദിക്കും എന്ന ഒരു സാഹചര്യം പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.
“എന്താ മാഷേ, ഇങ്ങക്കു പേരില്ലേ?” തോണിക്കാരൻ ചിരിച്ചുകൊണ്ടു ചോദിച്ചു.
രഹസ്യപ്പേരുതന്നെ പറഞ്ഞു, പവിത്രൻ. അതോ ആ പേരാണോ യഥാർത്ഥത്തിലുള്ളത്? ശിവൻ എന്നത് പഴയൊരു ഒളിവുകാലത്തിലെ പേരായിരുന്നുവോ? ഏതാണ് ശരി? കവി ശ്രീനിവാസന്റെ ഉടുപ്പ്, മറ്റാരുടെയോ പേര്, ഒളിജീവിതം: ആരുടെ ഭാഗമാണ് താൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്?
“അച്ചാച്ചന്റെ ആരാ?”
“ഒരു സുഹൃത്താ.” ശിവന്റെ സ്വരം പതറിയിരുന്നു.
“കണക്കെഴുതാൻ വന്നതാ?” അയാൾ വീണ്ടും തിരക്കി.
കണക്കെഴുതുകയോ? അങ്ങനെയാണോ അച്ചു പറഞ്ഞിട്ടുള്ളത്?
കണക്കുകൾ! കണക്കുപുസ്തകങ്ങൾ!
പണ്ടെന്നോ ഉപേക്ഷിച്ച നിയമപഠനവും വ്യവഹാരങ്ങളുടെ തടിച്ച പുസ്തകങ്ങളുമാണ് ശിവന് അപ്പോൾ ഓർമ്മവന്നത്.
കൂടുതൽ ചോദിക്കാതിരിക്കാനായി അയാൾ തലയാട്ടി. തോണിക്കാരന് അതിന്റെ അർത്ഥം പിടികിട്ടിയില്ല.
അയാൾ വഞ്ചിയുടെ കോൽ താഴ്ത്തി ശിവന്റെ നേരേ നോക്കി. പക്ഷേ, ചോദ്യം ആവർത്തിച്ചില്ല. പുഴയുടെ ആകാശം അനുവദിക്കുന്ന വെളിച്ചത്തിൽ കാണാനാവുന്നില്ലെന്നതുകൊണ്ടാവാം അയാൾ ടോർച്ചെടുത്ത് ശിവന്റെ നേരേ തെളിച്ചു.
“കെടക്കാൻ കാഞ്ഞിരക്കട്ടിലാ നല്ലത്,” അയാൾ ഉപദേശിക്കുന്നമട്ടിൽ പറഞ്ഞു: “കാഞ്ഞിരം കണ്ടാ കാലനും മാറുമെന്നാ.”
ശിവനൊന്നും പറഞ്ഞില്ല. യഥാർത്ഥത്തിൽ ആരാണ് ഈ കരടിയച്ചാച്ചൻ? കണക്കെഴുതാൻമാത്രം അയാൾക്ക് എന്താണ് പരിപാടി? പാർട്ടി ഉണ്ടാകുന്ന കാലത്തെ ആളാണുപോലും! പോലീസ് തിരക്കിനടന്നിട്ട് പൂടപോലും കിട്ടിയില്ലത്രേ! ഏതോ വിപ്ലവശ്രമത്തിൽ ഏർപ്പെട്ടിരുന്ന പഴയകാല പ്രവർത്തകനായിരുന്നിരിക്കണം. ചിലപ്പോൾ എല്ലാം മടുത്ത് സ്വസ്ഥമായി കഴിഞ്ഞുകൂടുകയായിരിക്കും. അയാൾക്ക് എത്ര പ്രായം കാണും? മിക്കവാറും തീരെ വയസ്സനായിക്കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ എല്ലാവരും അയാളെ അച്ചാച്ചനെന്നു വിളിക്കുമോ?
“എന്താ പേര്?” കൂടുതൽ ചോദ്യങ്ങൾ അയാളിൽനിന്നുണ്ടാവാതിരിക്കാൻവേണ്ടി ശിവൻ തോണിക്കാരനോടു തിരിച്ചു ചോദിച്ചു.
“മൂസ. പുല്ലാനിമൂസാന്ന് പറയും,” അയാൾ തുഴയുന്നത് ഒന്നു നിർത്തിക്കൊണ്ട് ചിരിച്ചു: “പുല്ലാനിമൂർഖൻ എന്നാ ചങ്ങാതിമാര് വിളിക്കണത്.”
“മൂസ ഈ വഞ്ചിപ്പണി തൊടങ്ങീട്ടെത്ര നാളായി?”
“ഇതോ? നമ്മടെ ഉപ്പയായിട്ട് തൊടങ്ങിവച്ചതാ. കരടിയച്ചാച്ചന്റെ ദോസ്തായിരുന്നു കാർന്നോര്. പണ്ട് അച്ചാച്ചനെ തുരുത്തില് എത്തിച്ചതേ മൂപ്പരായിരുന്നു. ചങ്ങാടത്തില്. പുല്ലാനി ഇബ്രായീന്നു പറയും. ഇങ്ങളു കേട്ടുകാണും.” പിന്നെ അയാൾ തോണിയിൽ ചമ്രം പടിഞ്ഞിരുന്നു. ഒഴുക്ക് കുറഞ്ഞ ഭാഗമായിരുന്നു അത്.
“എത്രനേരം പണിയെടുക്കണം?”
“അങ്ങനെ സമയൊന്നൂലാ.”
“ഇന്നത്തെ പണി തീരാറായോ?”
“നമ്മക്കങ്ങനത്തെ പണിയല്ല മാഷേ, തുരുത്തീന്നു വിളിക്കുമ്പോ ചെല്ലണം. അതാണ്. അബടയ്ക്ക് ചരക്ക് എത്തിക്കണം. അബടന്ന് കായും അടയ്ക്കീം കുരുമൊളകും കൊണ്ടോണം. അങ്ങനെ സ്ഥിരം വരണ പണ്യല്ല. ഓരോ സമയത്താ ഇതെല്ലാം. ആവശ്യം വന്നാ അച്ചാച്ചന്റെ പണിക്കാരു വിളിക്കും, ആ അയ്യക്കുരുവും തേച്ചപ്പനും അയാടെ പെമ്പെറന്നോത്തീം. പിന്നെ ചെലപ്പോ നിങ്ങളെപ്പോലെ ചെലര് വരും. എന്തെങ്കിലും തരും...” അയാൾ ഒന്നു കുത്താനായിട്ടു നിർത്തി. പിന്നെ പ്രതീക്ഷയോടെ തിരിഞ്ഞുനോക്കി.
“ദാ പിള്ളേച്ചനെപ്പോലുള്ളോര് വന്നാല് പൊയ കടക്കൂലാ. ചെന്നു പറയാൻ എന്നെ ഏർപ്പെടുത്തും. പഹയന് തെരക്കല്ലേ! ഞാനപ്പറത്തു പോയി പറയും. അതന്നെ. ഒന്നോർത്താ ഇതൊരു മുടിഞ്ഞ പണിയാ മാഷേ. മാറിനില്ക്കാൻ പറ്റൂലാ. ചെലപ്പോ ഒരു പണീംല്ല്യാണ്ട് ദെവസങ്ങളോളം കഴിയേണ്ടിവരും.”
തോണിക്കാരൻ പുഴയിലേക്കു കോൽ കുത്തിക്കൊണ്ട് വഞ്ചിയിൽ ഉയർന്നുനിന്നു. പുഴയ്ക്ക് ഒഴുക്കു കൂടുകയാണെന്നു തോന്നി.
“എവടാ താമസം?”
“എന്റ്യോ? ഞാനിങ്ങേക്കരേലാ. അച്ചാച്ചന്റെ പറമ്പിലല്ല.”
“അതെന്തേ?” ശിവൻ അന്വേഷിച്ചു.
അതിന് ഉത്തരം പറയാതെ അയാൾ ഉറക്കെച്ചിരിക്കുകമാത്രം ചെയ്തു. പിന്നെ സ്വയം നോക്കി ഗൗരവം നടിച്ചുകൊണ്ട് പറഞ്ഞു:
“ഞാമ്പോയില്ല. അതന്നെ. ഇങ്ങക്കറിയോ, ഇതുപോലല്ല, മൂസ നല്ല സുജായിച്ചെക്കനാർന്ന്.”
ശക്തമായൊരു കാറ്റു വീശി. തോണി വല്ലാതെ ഉലഞ്ഞു. കാറ്റിൽ അസാധാരണമായൊരു ഗന്ധം വരുന്നുണ്ടോ? ശിവൻ മൂക്കുവിടർത്തി വീണ്ടും ശ്രമിച്ചു. ഏതോ അഴുകിയ ഗന്ധമാണ്. മൂസ അതറിഞ്ഞിട്ടില്ല. തനിക്കുമാത്രം തോന്നുന്നതാവുമോ? തോണി ചെരിയുന്നതിന്റെ എതിർവശത്തേക്ക് കോലു കുത്തിക്കൊണ്ട് മൂസ ഉയർന്നുനിന്നു. അപ്പോൾ തോണിയുടെ വശത്ത് എന്തോ തടഞ്ഞുവെന്നു ശിവൻ കണ്ടു. കുറച്ചു ഭാരമുള്ള, ഇരുണ്ട എന്തോ ആണ്. മങ്ങിയവെളിച്ചത്തിൽ അത്ര വ്യക്തമല്ല.
“എന്തോ തടഞ്ഞു...” ശിവന്റെ ശബ്ദത്തിന് പതർച്ചയുണ്ടായിരുന്നു.
മൂസ കോലുയർത്തി നിവർന്ന് സമനില കൈവരിച്ചശേഷം ഏന്തി നോക്കി. പിന്നെ ഒന്നു കുനിഞ്ഞു മണം പിടിക്കുന്നതുപോലെ ശ്രദ്ധിച്ചു. തെല്ലിടനേരം വഞ്ചി പുഴയിൽ നിശ്ചലമായി നില്ക്കുകയാണെന്നു തോന്നി.
“അളിഞ്ഞതാ മാഷേ.” മൂസ പറഞ്ഞു.
“എന്താണത്?” ശിവനു ഭയം തോന്നി.
“നായാട്ടുകാര് വേണ്ടെന്നുവച്ചതാവും.” അയാൾ തുടർന്നു.
“എന്താണത്?” ഇത്തവണ ശിവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
“പന്നി,” മൂസ നിസ്സാരമട്ടിൽ പറഞ്ഞു: “അറാമായിട്ടല്ല, ആര്ക്കും ഇപ്പോ പന്നീനെ ബേണ്ടാ. അതാ ഒയുക്കിക്കളഞ്ഞത്.”
“അവിടെ വേട്ടക്കാരുണ്ടോ?” ശിവൻ അവിശ്വാസത്തോടെ തിരക്കി.
“അതു ജോറായി! മലയാവുമ്പോ വേട്ട കാണില്ല്യേ മാഷേ? മ്ലാവും മൊയലും എപ്പളും കിട്ടും. മാളികേല് എരട്ടക്കൊഴല് തോക്ക്ണ്ട്!”
ശിവൻ ഒന്നും മിണ്ടിയില്ല.
“ഇത് രണ്ട് ദെവസം മുന്നത്തെയാവും. വല്ല പാറയിടുക്കിലും തടഞ്ഞതോണ്ടാ.”
അയാൾ കുറച്ചു പുറകിലേക്കു പോയി ഒന്നു വഴിമാറിത്തുഴഞ്ഞു. ഒരല്പനേരം ഒരു ചുഴിയിൽപ്പെട്ടെന്നവണ്ണം ഒന്നു ചുറ്റിത്തിരിഞ്ഞശേഷം പന്നിയുടെ ജഡം പുഴയിലൂടെ ഒഴുകിപ്പോയി. അപ്പോൾ ഒരു ഞെട്ടലോടെ ശിവൻ കണ്ടു: അതിനു ശിരസ്സുണ്ടായിരുന്നില്ല. അറുത്തുകളഞ്ഞതു പോലെയുണ്ട്. ഹോ!
പൊടുന്നനെ അറുത്തുവച്ച ഒരു തല ശിവന്റെ ഓർമ്മയിൽവന്നു. കങ്ങഴയിലെ നാലുകെട്ടിനുള്ളിൽനിന്നും ഒരു നിലവിളി പാതിവച്ചു മുറിഞ്ഞുപോയി. ചോരയിറ്റുവീണുകൊണ്ടിരുന്ന ശിരസ്സ് നീണ്ടുനരച്ച മുടിയിഴകളിൽ പിടിച്ച് എടുത്തുകൊണ്ടുവരികയായിരുന്നു. ആ കണ്ണുകളിൽ ഉറക്കം കനംവച്ചു തൂങ്ങിക്കിടന്നു. രണ്ടു മഴത്തുള്ളികൾ പാതിതുറന്ന വായിലേക്ക് ആഴ്ന്നുപോയി. കാലം തണുത്തുറഞ്ഞു കിടന്നു.
പന്നിയുടെ ജഡം കാഴ്ചയിൽനിന്നും മറയുന്നതുവരെ ശിവൻ അതുതന്നെ നോക്കിനിന്നു. അസാമാന്യമായ വലിപ്പമുള്ളതായിരുന്നു അത്. മുകളിൽ മേഘങ്ങൾ വന്നു മൂടിയിരിക്കുന്ന ആകാശം. വെളിച്ചങ്ങൾ കെട്ടുപോയിരിക്കുന്നു. മൂസ അതു ശ്രദ്ധിച്ചില്ല. അയാൾ മുന്നിലെ ഇരുട്ടിലേക്കു നോക്കിക്കൊണ്ടു തുഴയുന്നതു തുടർന്നു.
ശിവൻ ആലോചിക്കുകയായിരുന്നു. എവിടേക്കാണ് ഈ വഞ്ചി ചെന്നെത്തുന്നത്? എല്ലാം ഇരുട്ടുപോലെ ദുരൂഹമായിരിക്കുന്നു. പണിയന്മാർ താമസിക്കുന്ന പാതാളം എന്ന തുരുത്ത് എവിടെയാണ്? വന്യമൃഗങ്ങളെ വേട്ടയാടുകയും സമൂഹത്തിൽനിന്നും ഒറ്റപ്പെട്ട് ഏകാകിയായി സുഖിച്ചു ജീവിക്കുകയും ചെയ്യുന്ന ഒരാളുമായി ഒരു വിപ്ലവസംഘടന ബന്ധമുണ്ടാക്കിയതെന്തുകൊണ്ട്? അയാളെ കരടി എന്ന് ആരാണ് വിളിച്ചത്? അത്തരമൊരു പേരിൽ അയാൾ അറിയപ്പെടാൻ കാരണമെന്ത്? എല്ലാം ഒരുപക്ഷേ, മൂസയ്ക്ക് അറിയുന്നുണ്ടാവും. പക്ഷേ, പാടില്ല. അല്ലെങ്കിൽത്തന്നെ കരടിയുടെ സുഹൃത്ത് എന്നു പരിചയപ്പെടുത്തിയതിനു ശേഷം അത്തരം കാര്യങ്ങളെക്കുറിച്ചു ചോദിക്കുന്നതിൽ വലിയ അപാകതയുണ്ടെന്ന് ശിവനു തോന്നി. ചോദിച്ചാൽത്തന്നെ അയാൾ ഒഴിഞ്ഞു മാറാനാണിട.
കരയടുക്കുകയാണെന്നു തോന്നിച്ചുകൊണ്ട് പുഴ കൂടുതൽ കൂടുതൽ ഇരുണ്ടു. കരയിലെ പൊന്തകളും നീളം കുറഞ്ഞ മരങ്ങളും പ്രേതസമാനമായി ഉയർന്നുനില്ക്കുന്നു. ഒരു കൂറ്റൻമൃഗം ഇരകാത്തുനില്ക്കുന്നതുപോലെ നിശ്ശബ്ദമായിരുന്നു ആ കടവും പരിസരവും. എവിടേയും തരിമ്പു വെളിച്ചമില്ല. ഇടയ്ക്കെപ്പോഴോ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഒരു പക്ഷിയുടെ വിചിത്രമായ കൂവൽ കേട്ടു. തോണി പുഴയുടെ അതിർത്തിയിൽ വന്നു തട്ടുന്നത് ശിവൻ അറിഞ്ഞു.
“ശ്... ശ്... മെല്ലനെ പോണേ.” കരയിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ മൂസ ഓർമ്മിപ്പിച്ചു. വഞ്ചി കുത്തുന്ന കോൽ ഒരു വശത്തേക്കു മാറ്റി ശിവന് അയാളൊരു കൈ നീട്ടി സഹായിച്ചു.
കാൽ മണ്ണിൽ പതിച്ചപ്പോൾ ശിവനു മനസ്സിലായി, ചതുപ്പുനിലമാണ്. മണ്ണിൽ താഴ്ന്നുപോകുന്നുണ്ട്. അയാൾ പ്രയാസപ്പെട്ട് നിവർന്നുനിന്നു.
മൂസ ടോർച്ചെടുത്ത് മുന്നിലേക്കു തെളിയിച്ചുകൊണ്ട് പറഞ്ഞു: “ദാ വഴി തെളിഞ്ഞുകണ്ടോ. ഒറ്റയടിപ്പാതയാണ്. ഒന്നും നോക്കാനില്ല. നേരേ നടന്നാൽ മതി. ദാ ഇത്തിരി ചെല്ലുമ്പോൾ മാളികേന്നു വെളക്കു കാണാം. പിന്നെ എളുപ്പായി.”
“അപ്പോൾ കൂടെ നിങ്ങളു വരുന്നില്ലേ?” ശിവൻ സംശയത്തോടെ ചോദിച്ചു.
അതിനു മറുപടിയായി മൂസയുടെ ചിരി മുഴങ്ങി. “ഉഷാർ! അദിന്റ കാര്യല്ല്യ മാഷേ, അബടെ ആരും ഒറങ്ങീട്ട്ണ്ടാവില്ല. ഇങ്ങളു വരുംന്നറിയാലോ.”
“എങ്ങനെ അറിയാമെന്നാണ്? ആരെങ്കിലും ചെന്നു പറഞ്ഞിട്ടുണ്ടോ?”
“പിള്ളേച്ചൻ പറഞ്ഞിട്ട്ണ്ടാവും. ഒറപ്പാ. ആ കത്തു കൊടുത്തതു ചെലപ്പോ അതിനാവും. ഇനി പറഞ്ഞില്ലേലും അവര് അറിയും.”
ശിവൻ പുതഞ്ഞ കാലുകളുമായി കുറച്ചുനേരം വെറുതെ നിന്നു, തോണി തിരിച്ചുപോകുന്നത് കാത്തുകൊണ്ട്.
ഇപ്പോൾ ഇപ്പുറത്തുനിന്നും നോക്കിയാൽ ദൂരെ പുഴയുടെ മറുകര കാണാനാവുന്നുണ്ടോ? ആരോ ഒരാൾ ഇപ്പോഴും അവിടെത്തന്നെ നില്ക്കുന്നില്ലേ? അച്ചു ഇനിയും പോയില്ലേ? ചിലപ്പോൾ മൂസ വരുന്നതുവരെ കാത്തുനില്ക്കുകയാവും. പക്ഷേ, എന്തിന്? അയാൾക്കു തിരക്കുണ്ടെന്നല്ലേ പറഞ്ഞത്? അല്ലെങ്കിൽ വഞ്ചിയിൽ കൂടെ വരാമായിരുന്നില്ലേ?
അപ്പുറത്തുനിന്നും അയാൾ കൈയുയർത്തിക്കാണിക്കുന്നുണ്ടോ? സംശയം തോന്നി. അച്ചുവായിരിക്കും. വിപ്ലവം ജയിക്കട്ടെ, ശിവൻ മനസ്സിൽ ഓർത്തു.
ഈ തുരുത്തിൽ ഒറ്റയ്ക്ക്, വെളിച്ചമോ ശബ്ദമോ ഇല്ലാതെ നില്ക്കുമ്പോൾ മറ്റൊരു ഭീതി പൊടുന്നനെ അയാളെ ആവേശിച്ചു, ഒരുപക്ഷേ, തെറ്റായ കൈകളിലായിരിക്കുമോ താൻ വന്നുപെട്ടിട്ടുള്ളത്? ശത്രു ഒരുക്കിയ ഒരു കുരുക്കിൽ സ്വയം ചെന്നു ചാടുകയായിരുന്നോ? ഈ അച്ചു എന്നയാൾ ശത്രുവിന്റെ പ്രതിനിധിയാണെന്നുവരുമോ?
ശിവൻ ഒരുനിമിഷം സ്തംഭിച്ചുനിന്നു: അച്ചു, അച്ചു ആരാണ്? പറഞ്ഞ അടയാളവാക്യത്തിന് അയാൾ തിരിച്ചു മറുപടി പറഞ്ഞിരുന്നില്ല. വിദ്യാർത്ഥിസഖാക്കൾ തന്ന കടലാസ്സിൽ കൃത്യമായി അടയാളവാക്കുകൾ എഴുതിയിരുന്നു. “കാവൽക്കാരനാണോ?” എന്നു ചോദിക്കുമ്പോൾ “കൊടുങ്കാറ്റിനുമാത്രം” എന്ന മറുപടി കിട്ടണം. അതിനു പകരം അച്ചു വെറുതെ തലയാട്ടുകമാത്രമാണ് ചെയ്തത്. അതൊരു പിഴവായിരുന്നില്ലേ?
പക്ഷേ, കരടിയച്ചാച്ചൻ എന്ന് വിദ്യാർത്ഥിസഖാക്കളും പറഞ്ഞു. അതിന്, ഈ വിദ്യാർത്ഥിസഖാക്കളുമായി ഒരു രാത്രിയിലെ പരിചയം മാത്രമല്ലേയുള്ളൂ. എല്ലാവരും ചേർന്ന് ഒരു വലയൊരുക്കിയതാണെങ്കിൽ! അങ്ങനെ ഏകാന്തമായൊരു തുരുത്തിൽ ഭോഗവും മദ്യവും വെടിയിറച്ചിയുമായി സുഖിച്ചു ജീവിക്കുന്ന ഒരു വർഗശത്രുവിന്റെ പിളർന്ന വായിലേക്ക് എത്തിച്ചേരുകയായിരുന്നുവെങ്കിൽ?
അടുത്ത ചുവട് എന്താണ്? പുതഞ്ഞമണ്ണിൽനിന്നും ചെരുപ്പു വലിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ആഴം കൂടിയ ചെളിയിലാണ് തന്റെ കാലുകൾ പൂഴ്ന്നുപോയിരിക്കുന്നതെന്ന ആത്മനിന്ദ കുഷ്ഠംപോലെ ശിവനെ അപ്പോൾ ഗ്രസിച്ചു.
അയാൾ മൂക്കുവിടർത്തി സ്വയം മണത്തുനോക്കി. ഒഴുക്കിൽ വന്ന് തോണിയുടെ വശങ്ങളിൽ കുടുങ്ങിനിന്ന അഴുകിയ പന്നിയുടെ അളിഞ്ഞ ഗന്ധം സ്വന്തം ശരീരത്തിൽനിന്നുതന്നെ പുറപ്പെടുന്നുണ്ടെന്ന് അയാൾക്കു സംശയം തോന്നി.
