(ജാതി ഉന്മൂലനം എന്ന പേരിൽ ആർ ബിജുരാജ് വിവർത്തനം ചെയ്ത ബി. ആർ. അംബേദ്കറുടെ Annihilation of Caste എന്ന കൃതിയിൽ നിന്നും)
4.1
ഇന്നും ജാതിവ്യവസ്ഥയെ പ്രതിരോധിക്കുന്നവരുണ്ടെന്നത് ദയനീയംതന്നെ. പ്രതിരോധങ്ങള്‍ നിരവധിയാണ്. ജാതിവ്യവസ്ഥയെന്നത് തൊഴില്‍വിഭജനത്തിന്റെ മറ്റൊരു പേരാണെന്നാണ് ഒരു പ്രതിരോധവാദഗതി. തൊഴില്‍വിഭജനം ഏതൊരു പരിഷ്‌കൃതസമൂഹത്തിനും അവശ്യമായ സവിശേഷതയാണ് എന്നു വന്നാല്‍ അപ്പോള്‍പ്പിന്നെ ജാതിവ്യവസ്ഥയില്‍ തെറ്റെന്താണ് എന്നാണ് വാദം. ഇപ്പോള്‍ ആദ്യം പറയേണ്ട കാര്യം ജാതിവ്യവസ്ഥ തൊഴില്‍വിഭജനം മാത്രമല്ലെന്നതാണ്. അത് തൊഴിലാളികളുടെ വിഭജനം കൂടിയാണ്. പരിഷ്‌കൃതസമൂഹത്തിന് തൊഴില്‍വിഭജനം വേണമെന്ന് നിസ്സംശയം പറയാം. എന്നാല്‍ തൊഴില്‍വിഭജനത്തോടൊപ്പം തൊഴിലാളികളും വെള്ളംകേറാ അറകളില്‍ വിഭജിക്കപ്പെടുന്ന ഈ അസ്വാഭാവിക വേര്‍തിരിക്കലുകള്‍ ഒരു പരിഷ്‌കൃതസമൂഹത്തിലും കാണുകയില്ല. ജാതിവ്യവസ്ഥ എന്നത് തൊഴിലാളികളുടെ കേവലം ഒരു വിഭജനം മാത്രമല്ല--അത് ഒന്നിനുമുകളില്‍ മറ്റൊന്ന് എന്ന തരത്തില്‍ തൊഴിലാളികളുടെ വിഭജനത്തിന് അധികാരശ്രേണി നിശ്ചയിക്കലാണ്. മറ്റൊരു രാജ്യത്തും തൊഴില്‍ വിഭജനത്തോടൊപ്പമുള്ള ഈ തൊഴിലാളി വിഭജനമില്ല.
