ഈ രചനയിലേക്ക് നയിച്ച സംഭവങ്ങള്‍ തുടങ്ങുന്നത് മൂന്നരപ്പതിറ്റാണ്ടു കള്‍ക്കു മുന്‍പാണ്. തൃശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജില്‍ സിവില്‍ എഞ്ചിനീയറിങ് ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ ഒരു വിഷയം സര്‍വ്വേ ആയിരുന്നു. ക്ലാസ്മുറിയില്‍നിന്ന് പുറത്തുകടക്കാന്‍ കിട്ടുന്ന അവസരം എന്ന നിലയിലായിരുന്നു അന്ന് ആ വിഷയത്തെ ഇഷ്ടപ്പെട്ടിരുന്നത്. എന്നാല്‍ ആദ്യവര്‍ഷം ക്രിസ്തുമസ് അവധിസമയത്ത് പത്തു ദിവസത്തെ സര്‍വ്വേക്യാമ്പില്‍ പങ്കെടുത്തതോടെ സര്‍വ്വേ എന്നത് ആനന്ദവും വിസ്മയവുമായി മാറി. എഞ്ചിനീയറിങ് കോളജ്, വിമല കോളജ്, വിയ്യൂര്‍ പോലീസ് ക്യാമ്പ്, പോസ്റ്റാഫീസ്, കുറേ വീടുകള്‍, ചെറിയ പീടികകള്‍ എല്ലാമുള്‍പ്പെടുന്ന, ഉദ്ദേശം ഒരു ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരുന്ന പ്രദേശം, രണ്ടു ടീമായിത്തിരിഞ്ഞ് സര്‍വ്വേ ചെയ്ത് മാപ്പുണ്ടാക്കുക എന്നതായിരുന്നു പദ്ധതി. പത്താം ദിവസം രണ്ടു ടീമും തയ്യാറാക്കിയ മാപ്പുകള്‍ ഒത്തുവെച്ചു നോക്കുമ്പോള്‍ മൂന്നുനാലു മില്ലീമീറ്റര്‍ മാത്രമെ അങ്ങോട്ടുമിങ്ങോട്ടും മറഷൗേെ ചെയ്യേണ്ടി വന്നുള്ളൂ. ആ മാപ്പ് പൂര്‍ണ്ണരൂപത്തിലാക്കി സമര്‍പ്പിച്ചപ്പോള്‍ ഉണ്ടായ സന്തോഷം ഇപ്പോഴും മനസ്സിലുണ്ട്.
പൊരിഞ്ഞ വെയില്‍, ഉപകരണങ്ങള്‍ക്ക് ഇടയ്ക്കിടെയുണ്ടാവുന്ന തകരാറുകള്‍, സര്‍വ്വേ ചെയ്യാന്‍ വേണ്ടത്ര ആളില്ലാത്ത അവസ്ഥ. എല്ലാം അതിജീവിച്ച് ഒരു ചെറിയ സര്‍വ്വേ ചെയ്യാന്‍തന്നെ ഇത്ര പാട്! എങ്ങനെയാണ് ഈ വലിയ ഭൂപടങ്ങളുണ്ടാക്കുന്നത് എന്നു ചിന്തിച്ച് അത്ഭുതപ്പെട്ടു. വര്‍ഷങ്ങള്‍ കടന്നുപോയി. ജലസേചനവകുപ്പില്‍ ജോലികിട്ടി തടയണ രൂപകല്‍പന ചെയ്തപ്പോഴാണ് ആദ്യമായി ടോപ്പോഷീറ്റുകള്‍ ഉപയോഗിക്കേണ്ടിവന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ ആവശ്യങ്ങള്‍ക്കുമാത്രം കിട്ടുന്ന ഒരു രഹസ്യരേഖയാണത്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലെയും ഓരോ ബിന്ദുവിന്റെയും അക്ഷാംശരേഖാംശഉയരങ്ങള്‍, പര്‍വ്വതങ്ങള്‍, ജലാശയങ്ങള്‍, മനുഷ്യനിര്‍മ്മിതമായ കെട്ടിടങ്ങള്‍, റോഡുകള്‍, കോണ്ടൂറുകള്‍ എന്നു വേണ്ട ഒരു സ്ഥലത്തെ സര്‍വകാര്യങ്ങളും അടയാളപ്പെടുത്തിയ മാപ്പാണ് ടോപ്പോഷീറ്റ്. പല പല ഗ്രിഡുകളിലായിത്തിരിച്ച ഇത്തരം അഞ്ചോ ആറോ ഷീറ്റുകള്‍ വേണ്ടിവരും ഒരു താലൂക്കിന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ കിട്ടാന്‍. ടോപ്പോഷീറ്റുകളിലെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ ചെറിയ സാങ്കേതികജ്ഞാനം മതിയാവും. എന്തായാലും ആദ്യം കണ്ടപ്പോള്‍ ടോപ്പോഷീറ്റുകള്‍ ലോകാത്ഭുതമാണെന്നുതന്നെയാണ് എനിക്കു തോന്നിയത്. എങ്ങനെയാവും ഓരോരോ പ്രദേശത്തുകൂടിയും ഭാരമേറിയ സര്‍വ്വേ ഉപകരണങ്ങളുംകൊണ്ട് സഞ്ചരിച്ച് ഇത്രയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവുക? എങ്ങനെയാവും അതൊക്കെ ഈ ഭൂപട രൂപത്തിലാക്കിയിട്ടുണ്ടാവുക? എന്തുമാത്രം പ്രയത്‌നമുണ്ടാവും ഇതിനു പിന്നില്‍! അന്വേഷിച്ചപ്പോഴാണ് അതറിഞ്ഞത്; ഈ മാപ്പുകളത്രയും ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയതാണെന്ന്! ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കപ്പുറം! മോട്ടോര്‍ വാഹനങ്ങളില്ല, ഫോണില്ല, വൈദ്യുതിയില്ല, റേഡിയോ ഇല്ല, തീവണ്ടിയില്ല, കമ്പ്യൂട്ടര്‍ പോയിട്ട് കാല്‍കുലേറ്റര്‍ പോലുമില്ല. പിന്നെങ്ങനെ സഞ്ചരിച്ചു? ആശയവിനിമയം നടത്തി? ഉപകരണങ്ങള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയി? ഇത്രയും സങ്കീര്‍ണ്ണമായ ഗണിതക്രിയകള്‍ ചെയ്തു? അതും ഭാഷപോലുമയറിയാത്ത തീര്‍ത്തും അന്യമായ ഒരു ദേശത്ത്! ആലോചിക്കുംതോറും അത്ഭുതം പെരുകിപ്പെരുകി വന്നു! ഈശ്വരാ, അതെങ്ങനെയാവും? രണ്ട് നൂറ്റാണ്ടിനിപ്പുറം നമ്മുടെ എല്ലാ വികസനപ്രവൃത്തികള്‍ക്കും ഇന്നും ആധാരം ഈ ടോപ്പോ ഷീറ്റുകളിലെ വിവരങ്ങളാണ്!
