ദ്രവിച്ച ഒറ്റക്കതകുള്ള ചെറിയ ജനലും പുറത്തേക്കുള്ള വാതിലും കൊടിയ വേദനയിലും ചേർത്തടച്ചു. രോമകൂപങ്ങളിലേക്ക് കുത്തിത്തുളയ്ക്കുന്ന ശീതക്കാറ്റ് ആഴ്ന്നിറങ്ങി. വേദന ഇരട്ടിയായി. കസേരയിൽ ഇരുന്നു. വിയർപ്പും ചെളിയും കട്ടപിടിച്ച പ്ലാസ്റ്റിക് കസേരയുടെ കൈകളിൽ പിടിച്ചു. ശേഷിച്ച പല്ലുകൾ ചേർത്തമർത്തി. ഈശ്വരാ, എന്നെയൊന്നു കൊന്നു തരൂ... വയ്യ... എനിക്ക് വയ്യ...
ആസ്‌ബസ്റ്റോസിന്റെ മേൽക്കൂരയിലേക്ക് ആകാശം മഴയായി ആഞ്ഞടിക്കുകയാണ്. എന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം. എവിടെയൊക്കെയോ എന്തൊക്കെയോ തകർന്നുവീഴുന്നതിന്റെ ശബ്ദങ്ങൾ. രണ്ടുമാസം മുമ്പ് പഴയൊരു സുഹൃത്ത് സൗജന്യമായി തന്ന ചെറിയ മൊബൈൽഫോൺ മേശപ്പുറത്തെവിടെയോ മരിച്ചുകിടപ്പുണ്ട്.
ആരും ഇപ്പോൾ ഇവിടേക്ക് വരാറില്ല. ഈ ഒറ്റമുറി, തീച്ചൂളയാണ്. ജനൽ തുറന്നിട്ടാൽ ചുടുകാറ്റ് അകത്തു കടക്കും. മേൽക്കൂരയിലെ ആസ്‌ബസ്റ്റോസ് ചുട്ടുപഴുത്ത്, താഴേക്ക് തീ വിതറും. പെട്ടെന്നൊരു രാത്രിയിൽ ആസ്‌ബസ്റ്റോസിനു മുകളിൽ ചരൽക്കല്ലുകൾ വീഴുന്നപോലെ. മയക്കത്തിൽ നിന്നുണർന്നു. ആകെ ഇരുട്ട്. കക്കൂസിൽനിന്നുള്ള ചെറിയ ബൾബിന്റെ പ്രകാശത്തിലാണ് രാത്രി കഴിയുക. മഴ കനത്തതോടെ വൈദ്യുതി നിലച്ചു. പിറ്റേന്ന് രാവിലെയാണ് ശീതക്കാറ്റിനിടയിലും പകൽവെളിച്ചത്തിന്റെ നരച്ച രശ്മികളെത്തിയത്. മഴ ശക്തമാവുകയാണ്.
