സ്ത്രീ-പുരുഷപ്രേമം ഒരു ലഹരിയാണ്. ഒരുതരം ആന്ധ്യവും ഉന്മാദവുമാണ്. അതില്‍ കുടുങ്ങിക്കിടക്കുന്ന വ്യക്തിയെ സംബന്ധിച്ചേ ടത്തോളം ഈ ലോകമപ്പാടെ തന്റെ പ്രേമഭാജനമെന്ന ഒരേയൊരു ബിന്ദുവിലേക്ക് ചുരുങ്ങിപ്പോകുന്നു. ഇത്തിരി പ്രായമുള്ള ആളോ ഉന്നത പദവിയിലിരിക്കുന്ന വ്യക്തിയോ ആണെങ്കില്‍പ്പോലും തന്റെ പ്രായം, സമൂഹത്തിലെ തന്റെ നിലയും വിലയും തന്നെപ്പോലെയുള്ള ഒരാളില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന പക്വമായ പെരുമാറ്റം എന്നിവയൊക്കെ തീര്‍ത്തും വിസ്മരിച്ചുകൊണ്ട്, പ്രേമഭാജനത്തെ ഒരുനോക്കു കാണാനായി, അയാളുടെ/അവളുടെ ഒരു കടാക്ഷത്തിനായി, ഒരു പുഞ്ചിരിക്കായി, ഒരു കത്തിനായി ഏത് പെരുവഴിയിലും കാത്തു നില്‍ക്കാനും എന്തു വിഡ്ഢിവേഷം കെട്ടാനും എത്ര പരിഹാസ്യനാകാനും സന്നദ്ധമാകുന്ന അവസ്ഥയിലേക്കാണ് പ്രണയജ്വരം അയാളെ/ അവളെ എടുത്തെറിയുന്നത്. തന്റെ കാമുകനെ/കാമുകിയെ സംബന്ധി ക്കുന്ന നുള്ളുനുറുങ്ങു കാര്യങ്ങള്‍ പോലും മഹാസംഭവങ്ങളായിട്ടേ അത്തരമൊരു വ്യക്തിക്ക് കാണാന്‍ കഴിയൂ. ഒരു ചിരി പ്രതീക്ഷിച്ച് അതു കിട്ടാതെവന്നാലും ഒരു തിരിഞ്ഞുനോട്ടം കൊതിക്കുമ്പോള്‍ അതുണ്ടാകാതിരിക്കുമ്പോഴുമൊക്കെ പ്രേമപ്പനിക്കാരില്‍ അതു വലിയ നീ റ്റലുണ്ടാക്കുന്നു. കാമുകന്/കാമുകിക്ക് ഡയറിയെഴുതുന്ന ശീലമുണ്ടെ ങ്കില്‍, ഈവക സകല കാര്യങ്ങളും വള്ളിപുള്ളി വിടാതെ ഡയറിയില്‍ എഴുതിവെച്ചുവെന്നും വരാം. ഇപ്രകാരം പ്രണയാനുഭവങ്ങള്‍ പച്ചയായും വിശദമായും രേഖപ്പെടുത്തിയ ഒരു കാമുകന്റെ ഡയറിക്കുറിപ്പുകളാണ് ബഷീറിന്റെ 'അനുരാഗത്തിന്റെ ദിനങ്ങള്‍' എന്ന നോവല്‍.
