കവിത അത് എഴുതുന്നയാള്‍ക്ക് എങ്ങനെയായിരിക്കും അനുഭവപ്പെടുക? കവിത തനിക്ക് എന്താണെന്നും എന്തിനെഴുതുന്നുവെന്നും വ്യക്തമാക്കുകയാണ് കവി ബാലചന്ദ്രന് ചുള്ളിക്കാട്.
സ്വന്തം കവിതയെക്കുറിച്ചുള്ള കവിയുടെ നിരീക്ഷണങ്ങൾക്കും വിശദീകരണങ്ങൾക്കും അവകാശവാദങ്ങൾക്കും യാതൊരു വിലയുമില്ലെന്നറിയാം. എങ്കിലും ഏതുകവിക്കും അതൊരു വലിയ പ്രലോഭനമാണ്.
എൻ്റെ കവിത സമാനഹൃദയരായ വായനക്കാരെ മാത്രം അഭിസംബോധനചെയ്യുന്നു. അവരുടെ മനസ്സിൽ മാത്രം ഒരു ചെറിയ സ്ഥാനം ആഗ്രഹിക്കുന്നു. മറ്റെല്ലാ മനുഷ്യരെയും, മറ്റെല്ലാ അംഗീകാരങ്ങളെയും അവഗണിക്കുന്നു.
മുങ്ങിച്ചാകുമ്പോൾ എൻ്റെ വായനക്കാരെക്കൂടി മുക്കിക്കൊല്ലണം എന്ന ആഗ്രഹത്തോടെ ഞാൻ എഴുതുന്നു.
