പണ്ട് 60 വയസ്സ് വലിയ വയസ്സാണ്. കേന്ദ്രസര്‍ക്കാരിന്റെ പെന്‍ഷന്‍പ്രായം 58 വയസ്സാണെന്നോര്‍ക്കണം. 60 വയസ്സിനുശേഷം ഒരു സ്വാതന്ത്ര്യസമരസേനാനി ഒരു വ്യവസായസ്ഥാപനം തുടങ്ങുക. അതു വലിയ സാമ്പത്തികവിജയം മാത്രമല്ല, സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമൂഹ്യവുമായ വലിയ സേവനവുമാക്കി മാറ്റി ഒരു നാടിനെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുക. ഈ അത്ഭുതം സാധിച്ച വലിയ മനുഷ്യനാണ് ഡി സി സാര്‍.
1980 ഡിസംബറിലായിരുന്നു തൃശൂരിലെ രസന പബ്ലിഷേഴ്‌സ് എന്റെ "പതിനെട്ടുകവിതകള്‍'' എന്ന ആദ്യസമാഹാരം പ്രസിദ്ധീകരിച്ചത്. അന്നു ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നു. അതിന്റെ രണ്ടാം പതിപ്പുമുതൽ എന്റെ പുസ്തകങ്ങളുടെ പ്രസാധകര്‍ ഡി സി ബുക്‌സാണ്.
തൊഴിൽരഹിതനായിരുന്ന കാലത്ത് എല്ലാ മാസവും ഡി സി സാര്‍ ഒരു ചെറിയ തുക എനിക്ക് അയച്ചുതരുമായിരുന്നു. വര്‍ഷാവസാനം അതു റോയൽറ്റിയിൽ വകയിരുത്തിപ്പോന്നു. ജീവിതത്തിൽ തളര്‍ന്ന സന്ദര്‍ഭങ്ങളിൽ എന്നെ താങ്ങിയ ഡി സി സാറിനോടും ഡി സി ബുക്‌സിനോടും എനിക്കു വലിയ കടപ്പാടുണ്ട്.
