പൊറ്റെക്കാട്ടിന്റെ പിൻഗാമി
ബാലിയാത്രയെപ്പറ്റി പറഞ്ഞത് വയനാട്ടുകാരനായ ശ്രീ ബാബു കുടക്കച്ചിറയാണ്. അദ്ദേഹവും ഭാര്യ ആലീസും റിട്ടയർചെയ്ത അധ്യാപകദമ്പതികളാണ്. അവരുൾപ്പെട്ട സംഘത്തോടൊപ്പം ഇതിനോടകം രണ്ടു യാത്രകൾ ഞാൻ നടത്തിയിരുന്നു. ആദ്യത്തേത് ഒരു ആഫ്രിക്കൻ (കെനിയ–ടാൻസാനിയ) യാത്രയായിരുന്നു. ‘കോർഡെലിയ’ എന്നു പേരുള്ള ആഡംബരക്കപ്പലിൽ കൊച്ചിയിൽനിന്ന് ചെന്നൈവരെയുള്ള ഉല്ലാസയാത്രയായിരുന്നു രണ്ടാമത്തേത്. പിന്നീട് അവരോടൊപ്പം ഒരു ലക്ഷദ്വീപ് യാത്രയ്ക്കു ക്ഷണിച്ചതാണ്. ആ ദിവസങ്ങളിൽ മകൾ ആമിയും കുടുംബവും അയർലണ്ടിൽനിന്നു വരുന്നതുകൊണ്ട് ഞാൻ പോകേണ്ടന്നുവെച്ചു.
പിന്നീടാണ് ബാലിയാത്രയുടെ അവസരം വരുന്നത്. അടുത്ത ദിവസംതന്നെ ഞാൻ എസ്.കെ പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപ്’ എന്ന സഞ്ചാരസാഹിത്യകൃതി വാങ്ങി. 1953-ൽ നടത്തിയ ബാലിയാത്രയെക്കുറിച്ച് എസ്.കെ. പുസ്തകമെഴുതി പ്രസിദ്ധീകരിക്കുന്നത് 1958-ലാണ്. ദക്ഷിണസമുദ്ര ദ്വീപസമൂഹങ്ങളിൽ ഒന്നായ ബാലിയെന്ന മരതകദ്വീപിനെക്കുറിച്ച് മലയാളികളിൽ മിക്കപേരും മനസ്സിലാക്കുന്നത് അതിനുശേഷമാണ്. 1970 മുതൽ 1973 വരെ പത്താം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തിൽ ബാലിദ്വീപിലെ ഒരധ്യായം–ഉൾനാട്ടിലെ ഉത്സവം–പഠിക്കാനുണ്ടായിരുന്നു. ഞാൻ പത്താം ക്ലാസ്സിലായ വർഷം ആ പുസ്തകം മാറി പുതിയതുവന്നതിനാൽ എനിക്കതു പഠിക്കേണ്ടി വന്നില്ല. എസ്.കെ പൊറ്റെക്കാട്ടിന്റെ മിക്ക സഞ്ചാരകൃതികളും വായിച്ചിരുന്നെങ്കിലും ബാലിദ്വീപ് വായിക്കാൻ എനിക്കു സംഗതിയായതുമില്ല.
