ആവേ മരിയ ആനന്ദവല്ലി

World of Letters

ആവേ മരിയ ആനന്ദവല്ലി


വടകര സ്റ്റേഷനിൽനിന്നും ചൂളംവിളിയോടെ മുന്നോട്ട് നീങ്ങിയ മംഗള–ലക്ഷദ്വീപ് എക്സ്പ്രസ് മൂരാട് പാലത്തിന്റെ മുകളിലൂടെ പാഞ്ഞോടുകയാണ്. തന്റെ തലയിൽനിന്നും പറന്നുപോയ ഘൂംഘട് പിടിച്ച് നേരേ ഇട്ടിട്ടും അവളുടെ കൈകളുടെ പ്രതിരോധം ഭേദിച്ചു​കൊണ്ടത് പിന്നെയും കാറ്റിൽ പറന്നുലഞ്ഞു. പുഴയുടെ ഓളങ്ങൾ തീർത്ത തണുപ്പിൽ അവൾ കൈകൾ കൂട്ടിത്തിരുമ്മി. മുകളിലെ ബർത്തിൽ ഉറക്കത്തിലായിരുന്ന മോഹിത് ഇടയ്ക്കൊന്നെഴുന്നേറ്റ് അരികെയുള്ള ഫോണിൽ സമയം നോക്കി. വെളുപ്പിനെ ഒന്നര. ഇനിയും മുക്കാൽ മണിക്കൂറോളമെടുക്കും ട്രെയിൻ സ്റ്റേഷനിൽ എത്തിച്ചേരാൻ. തെന്നിമാറിയ പുതപ്പ് കാൽവിരൽ തുമ്പിനാൽ വീണ്ടും പിടിച്ചിടാൻ ശ്രമിക്കുമ്പോഴാണ് എതിർവശത്തെ താഴത്തെ ബർത്തിൽ അവനാ കാഴ്‌ച കണ്ടത്. അവർ രാത്രി ഉറങ്ങാൻ കിടക്കുന്ന നേരംവരെ ഒഴിഞ്ഞുകിടന്നിരുന്ന സീറ്റിൽ ഇപ്പോഴിതാ ഒരു സ്ത്രീരൂപമിരിക്കുന്നു. പാളത്തിന് മീതേ ഉരഞ്ഞു നീങ്ങുന്ന ചക്രങ്ങളുടെ ഇരമ്പലിന് അകമ്പടി സേവിക്കാൻ ഓർമ്മ​യിലെങ്ങോ കാലൻകോഴി കൂകിവിളിക്കുന്ന ശബ്ദം. യുക്തിവാദി​യായിരു​ന്നിട്ടും ചെറുപ്പകാലത്തു കേട്ടുമറന്ന പ്രേതകഥകൾ മനസ്സിൽ ഓളം വെട്ടി. അവൻ പുതപ്പ് വായിൽ തിരുകി, ആ രൂപത്തെ സസൂക്ഷ്മം വീക്ഷിച്ചു. അത് പുറത്തേക്കു നോട്ടം പായിച്ചിരിക്കുകയാണ്.

തന്റെ തൊട്ടുതാഴെയുള്ള ബർത്തിൽ കിടക്കുന്ന അരവിന്ദിനെ വിളിച്ച് ആ കാഴ്ച കാണിക്കണമെന്നുണ്ടെങ്കിലും ശബ്ദവീചികൾ പുറത്തേക്ക് വരാതെ മടിയോടെ അകന്നുനിന്നു. അവന്റെ കൈയിൽ നിന്നും ടോർച്ച് തെന്നി നിലത്തേക്കുവീണ നിമിഷം യുവതി മുഖ​മുയർത്തി അവനെ നോക്കി. അലമുറയിടാൻ തയ്യാറായി നിന്ന മോഹിതിനെ ഞെട്ടിച്ചുകൊണ്ട് അവളാദ്യം നിലവിളിച്ചു. പെട്ടെന്നു​ണ്ടായ നടുക്കത്തിൽ അരവിന്ദും ഉറക്കംവിട്ടെഴുന്നേറ്റു. എത്തിവലിഞ്ഞു സ്വിച്ചിൽ വിരലമർത്തി. അവിടെയെമ്പാടും തെളിഞ്ഞ മഞ്ഞവെളിച്ചം കണ്ണുകളിലേക്ക് തുളച്ചുകയറിയപ്പോൾ അവൾ അലോസരത്തോടെ കാൽമുട്ടുകളിലേക്ക് മുഖം പൂഴ്ത്തി. ഭയം വെടിഞ്ഞ് മോഹിതും താഴേക്കിറങ്ങി. വളരെ ശ്രദ്ധാപൂർവ്വം അവർ അവളുടെ അടുത്തേക്ക് ചുവട് വച്ചു. ആരാണെന്നോ, എവിടെ​നിന്നാണെന്നോ അറിയാത്ത ഒരു സ്ത്രീ. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പരക്കുന്ന കഥ വേറെ തരത്തിലായിരിക്കും.

“ഹലോ... നിങ്ങളാരാ?”


Related Articles