മുഖ്യപ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാർ ഉന്നയിച്ച ആരോപണം. ‘ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ സുനിലിനെ താൻ കണ്ടിരുന്നു. ദിലീപും സുനിലും രഹസ്യസംഭാഷണം നടത്തി. തനിക്കും ദിലീപിന്റെ സഹോദരൻ അനൂപിനും ഒപ്പമാണ് സുനി മടങ്ങിയതെ’ന്നുമാണ് വെളിപ്പെടുത്തൽ. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ പങ്കാളിത്തം ഉറപ്പിക്കുന്ന നിരവധി സംഭവങ്ങൾ വെളിപ്പെടുത്തലിൽ ഉണ്ടായിരുന്നു.
ദിലീപിനെ നായകനാക്കി ഒരുക്കുന്ന ‘പിക്ക്പോക്കറ്റ്’ എന്ന ചിത്രത്തിന്റെ ചർച്ചകൾക്കാണ് 2016 ഡിസംബർ 26-ന് പത്മസരോവരത്തിൽ ബാലചന്ദ്രകുമാർ എത്തിയത്. ബാലചന്ദ്രകുമാറിന്റെ കഥ സ്ക്രിപ്റ്റാക്കി മാറ്റാൻ സച്ചിയെ ദിലീപ് ചുമതലപ്പെടുത്തിയിരുന്നു. കഥയിലെ ചില തിരുത്തലുകൾ സംസാരിക്കാൻ ദിലീപ് വിളിച്ച് വരുത്തുകയായിരുന്നു. നടി ആക്രമിക്കപ്പെടുന്നതിന് ഒന്നര മാസം മുമ്പ് ദിലീപിന്റെ വീട്ടിൽ എത്തിയ സുനി പണവുമായാണ് മടങ്ങിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. തനിക്കൊപ്പം അനൂപിന്റെ സ്വിഫ്റ്റ് കാറിൽ യാത്ര ചെയ്യുമ്പോൾ സുനിയുടെ കൈവശം വളരെ കൂടുതൽ പണം കണ്ടിരുന്നതും യാത്രയിൽ പണം സൂക്ഷിക്കണമെന്ന് അനൂപ് സുനിലിനോട് പറഞ്ഞതും ബാലചന്ദ്രകുമാർ ഓർത്തെടുക്കുന്നു. ബസ്സിലെ പോക്കറ്റടിക്കാരെ സൂക്ഷിക്കണമെന്നായിരുന്നു അനൂപിന്റെ മുന്നറിയിപ്പ്. ചേട്ടന്റെ അടുത്ത സിനിമയുടെ പ്രമേയവും പോക്കറ്റടിയാണെന്നും കൂട്ടിച്ചേർത്തു. പറവൂർ കവലയിലാണ് സുനിയെ ഇറക്കിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ആലുവയിലെ ദിലീപിന്റെ വീട്ടിൽനിന്നും ഭക്ഷണം വാങ്ങിക്കുന്നതിനാണ് അനൂപും ബാലചന്ദ്രകുമാറും പുറത്തേക്ക് ഇറങ്ങിയത്. അന്നത്തെ ആ യാത്രയിലെ ചില സംഭവങ്ങൾ ഓർത്തെടുത്ത ബാലചന്ദ്രകുമാർ, സുനിലിന്റെ സന്ദർശനം ദുരൂഹമാണെന്നു സംശയിക്കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ സുനിൽ പിടിയിലായതോടെ ബാലചന്ദ്രകുമാറിന്റെ മനസ്സിൽ സംശയം ബലപ്പെട്ടു. അന്നുതന്നെ ദിലീപിനെ വിളിച്ച് ഈ സുനിലല്ലേ അന്ന് എനിക്കൊപ്പം കാറിൽ സഞ്ചരിച്ചതെന്ന് ചോദിച്ചപ്പോൾ ദിലീപ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. മാത്രവുമല്ല വീട്ടിൽ സുനിലിനെ കണ്ട കാര്യം മറ്റാരും അറിയാൻ പാടില്ലെന്നും അത് പ്രശ്നമാകുമെന്നും ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. "പ്രൊഫസർ ഡിങ്ക’ന്റെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനിൽ പോയപ്പോൾ ദിലീപ് പതിവിൽ കവിഞ്ഞ സ്നേഹം കാണിച്ചു. ദിലീപിന്റെ കാരവനിലിരുന്ന് ദീർഘനേരം സംസാരിച്ചതിനുശേഷമാണ് പിരിഞ്ഞത്. അതിനിടയിൽ നടി ആക്രമിക്കപ്പെട്ട സംഭവം പരാമർശിച്ചപ്പോൾ ദിലീപ് അസ്വസ്ഥനായെന്നും സുനിലുമായി ബന്ധമുണ്ടെന്ന വിവരം പുറത്തു പറയരുതെന്ന് വീണ്ടും ഓർമ്മിപ്പിച്ചെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപിനെ പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെ നോർത്ത് പറവൂർ സർക്കിൾ ഇൻസ്പെക്ടർ കൃസ്പിൻ സാം ബാലചന്ദ്രകുമാറിനെ ഫോണിൽ വിളിച്ചിരുന്നു. ദിലീപും ബാലചന്ദ്രകുമാറും തമ്മിലുള്ള അടുപ്പം എന്താണെന്ന് അറിയാനാണ് സി.ഐ. വിളിച്ചത്. സാമ്പത്തിക ഇടപാടുകൾ സിനിമാ നിർമ്മാണത്തിന്റെ ഭാഗമാണെന്ന് താൻ മറുപടി നൽകി എന്നാണ് ബാലചന്ദ്രകുമാർ വിശദീകരിച്ചത്. സി.ഐ. വിളിച്ച കാര്യം ദിലീപിന്റെ സുഹൃത്ത് റോഷൻ ചിറ്റൂരിനെ അറിയിച്ചു. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടകാര്യം പോലീസിനോട് പറയരുതെന്ന് റോഷൻ പറഞ്ഞതായി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
