അവൾക്കൊപ്പം: ആമുഖം

World of Letters

അവൾക്കൊപ്പം: ആമുഖം


കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സുദീർഘമായ അന്വേഷണമാണ് ഞാൻ നടത്തിയത്. ഇക്കാലമത്രയും എന്റെ ചിന്തകളെ തീപിടിപ്പിച്ച ഏക വിഷയം ഇതുമാത്രമായിരുന്നു. ഒരു പെൺകുട്ടിക്ക്, അതും പ്രശസ്തയായ നടിക്ക് നിയമ സംവിധാനത്തിൽ നീതി ലഭിക്കുന്നില്ലെങ്കിൽ പിന്നെ സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കുമോ എന്ന ചോദ്യമാണ് എന്നെ അലട്ടിയത്. അന്വേഷണസംഘം ഉത്തരമില്ലാതെ അവസാനിപ്പിച്ചതടക്കം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയായിരുന്നു എന്റെ യാത്ര. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ നിരവധി തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തി. ഗൂഢനീക്കത്തിൽ എട്ടാം പ്രതിയായ നടൻ ദിലീപും ചില അഭിഭാഷകരും പങ്കാളികളായതിന്റെ തെളിവുകളും ലഭിച്ചു.

എന്റെ അന്വേഷണാത്മക മാധ്യമപ്രവർത്തനജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് നടിയെ ആക്രമിച്ച കേസ് സമ്മാനിച്ചത്. ഭീഷണികളും ഒറ്റപ്പെടുത്തലുകളും അവഗണനയും പരിഹാസവും ഏറ്റുവാങ്ങി. പലരും സ്‌നേഹത്തോടെ ഈ അന്വേഷണം നിർത്താൻ ആവശ്യപ്പെട്ടു. ഭൂരിഭാഗം സഹപ്രവർത്തകരും ഒപ്പം നിന്നു. ചിലർ ഒറ്റുകാരായി, ചില മാധ്യമ പ്രവർത്തകർ അവരുടെ പരിമിതി ചൂണ്ടിക്കാട്ടി മാറിനിൽക്കുമ്പോഴും മാനസിക പിന്തുണ നൽകി. കൂട്ടത്തിൽ ദിലീപിനെ നെഞ്ചോട് ചേർത്തുവെച്ച മാധ്യമപ്രവർത്തകരുമുണ്ടായിരുന്നു. അതിജീവിതയ്ക്ക് തണലായി നടിച്ച് മറുഭാഗത്ത് വേട്ടക്കാരന് മറപിടിച്ച ചില രാഷ്ട്രീയനേതാക്കളോട് എനിക്കു പരമ പുച്ഛമാണ്. പെൺവേട്ടക്കാർക്ക് താങ്ങും തണലുമായി നിൽക്കുന്ന ആട്ടിൻതോലിട്ട ചെന്നായക്കൂട്ടങ്ങളെ സമൂഹം തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു കേസ് എങ്ങനെ ശാസ്ത്രീയമായി അട്ടിമറിക്കാമെന്നതിന്റെ ഉദാഹരണമാണ് നടിയെ ആക്രമിച്ച കേസ്. നീതിപീഠം പോലും സംശയമുനയിലായ ഈ കേസ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ ഒറ്റപ്പെട്ടതായിരിക്കുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. നീതിതേടുന്ന ഒരു പൗരന്റെ അവസാനത്തെ അത്താണിയാണ് നീതിപീഠം. പക്ഷേ, ഈ കേസിൽ നീതിമാന്റെ കറുത്ത കുപ്പായമിട്ടവരിൽ ചിലരെങ്കിലും വേട്ടക്കാരനൊപ്പം ചേർന്നു. പീഡനദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി സ്വകാര്യകസ്റ്റഡിയിൽ സൂക്ഷിക്കുന്നു. ജുഡീഷ്യൽ ഓഫീസറും ഉദ്യോഗസ്ഥരും ഒരു സംഘം അഭിഭാഷകരും പീഡനക്കേസിലെ തെളിവുകൾ ഇല്ലാതാക്കാൻ ശ്രമിച്ചതിന്റെ സൂചനയാണിത്. എല്ലാം പുറത്തെത്തിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഞാൻ ഇതെഴുതുന്നത്... നടിയെ ആക്രമിച്ച കേസിലെ വാർത്തകൾ തേടിയുള്ള യാത്രയിലെ എന്റെ അനുഭവങ്ങളാണ് ‘അവൾക്കൊപ്പം’.


Related Articles