കേരളത്തില്‍ പൊതുവേ മഹാന്മാരെ നാം പ്രദര്‍ശിപ്പിക്കുക ഒടിവോ ചുളിവോ അരിമ്പാറയോ പുഴുപ്പല്ലോ വായനാറ്റമോ ഇല്ലാത്തവരായിട്ടാണ്. മരിക്കുന്നതോടെ അവര്‍ പ്രതിമകളായി മാറുന്നു. പ്രതിമകള്‍ക്കു മേല്പറഞ്ഞ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. വഴിവക്കില്‍ ഘനഗംഭീരമായി നിന്നാല്‍മാത്രം മതി.
മഹാന്മാര്‍ മരണശേഷം പ്രതിമയാകുന്നതുകൊണ്ട്, പ്രതിമയാകുന്നവനും അതു സ്ഥാപിക്കുന്നവര്‍ക്കും പ്രത്യേക ദോഷമൊന്നുമില്ല; പ്രയോജനവുമില്ല. എന്തെങ്കിലും പ്രയോജനമുണ്ടെങ്കില്‍ അത് പക്ഷികള്‍ക്കാണ്. അവര്‍ക്ക് ഇരുന്ന് കാഷ്ഠിക്കാനൊരിടമായി ജീവിച്ചിരിക്കുന്ന പ്രതിമകളെ ഉണ്ടാക്കിവയ്ക്കുമ്പോള്‍, ജീവിച്ചിരിക്കുന്ന വ്യക്തികളെ വിഗ്രഹങ്ങളാക്കി മാറ്റുമ്പോള്‍, അതിനു നിന്നുകൊടുക്കുന്നവര്‍ക്കും അത് ചെയ്യുന്നവര്‍ക്കും അപകടങ്ങളുണ്ട്.
ആരാധനയ്ക്കു വശംവദരായി നിന്നുകൊടുക്കുന്നവര്‍ക്ക് കുറെനാള്‍ കഴിയുമ്പോള്‍, തങ്ങള്‍ ആരാധകര്‍ പറയുന്നതെല്ലാമാണെന്നു വിശ്വസിക്കാന്‍ ഒരു കമ്പം തോന്നും. താന്‍ മാന്യനും മഹാനും പ്രതിഭയുടെ കൊടുമുടിയുമാണെന്ന് മറ്റുള്ളവര്‍ പറയുന്നെങ്കില്‍ അതൊരുപക്ഷേ, ശരിയല്ലേ എന്നയാള്‍ക്കു തോന്നാന്‍ തുടങ്ങും. അങ്ങനെ അയാള്‍ അതിനനുസരിച്ച് നാട്യങ്ങള്‍ നടിക്കാന്‍ തുടങ്ങും. പ്രതിമയ്ക്കുള്ള ഘനഗാംഭീര്യം ജീവിച്ചിരിക്കുന്ന മനുഷ്യന്റെ മുഖത്തും പ്രതിഫലിക്കാന്‍ തുടങ്ങും.
