പുസ്തകങ്ങളുടെ മാർജിനിൽ വായനക്കാരുടെ ജീവിതം

World of Letters

പുസ്തകങ്ങളുടെ മാർജിനിൽ വായനക്കാരുടെ ജീവിതം


പുസ്തകങ്ങളുടെ മാർജിനുകളിൽ വായനക്കാർക്ക് ഒരു സ്വകാര്യജീവിതമുണ്ട്. അദൃശ്യവിനിമയവും ഏകാന്തസംഭാഷണവും സ്വപ്നജീവിതവുമായ വായനയിൽ നിശ്ശബ്ദരാണെങ്കിലും അഭിപ്രായങ്ങളുള്ളവരാണു വായനക്കാർ; യോജിപ്പുകളും വിയോജിപ്പുകളും. ലിപികളുടെ വിപിനമായ പുസ്തകത്താളിൽ നിശ്ശബ്ദതയ്ക്കുള്ളിലെ ആ തീവ്രശബ്ദങ്ങൾ വെളിപ്പെടുത്താൻ എവിടെയാണ് ഇടം, മാർജിനുകളല്ലാതെ. അതിനാൽ അവർ, വായനക്കാർ മാർജിനുകളിൽ എഴുതുന്നു. ഇടത്തും വലത്തും മുകളിലും താഴെയുമായി ഓരോ പേജിലുമുള്ള ആ ശൂന്യസ്ഥലങ്ങൾ വായനക്കാരുടെ കളിക്കളങ്ങളും ധ്യാനാലയങ്ങളും കാൻവാസുകളുമാണ്. കുനുകുനുത്ത അക്ഷരങ്ങളായി, വരകളും കുറികളും പുള്ളിക്കുത്തുകളും ഗണിതപ്രതീകങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ആ ചിഹ്നഭാഷയിൽ പുസ്തകവും വായനക്കാരുമായുള്ള സംവാദരഹസ്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ആ "കോഡു''കളോരോന്നും ഓരോ വാതിലാണ്. ഓരോന്നിനുമുണ്ട് എഴുതിയവർക്കു മാത്രം മനസ്സിലാകുന്ന അർഥങ്ങൾ. ചിലത് ഓർമകളെ വീണ്ടെടുത്തു കൊണ്ടുവരുന്നു. മറ്റു ചിലത് ഏതൊക്കെയോ പാരായണസന്ദർഭങ്ങളിലെ ആനന്ദങ്ങളിലേക്കും സന്ദേഹങ്ങളിലേക്കും ചൂണ്ടുവിരലുയർത്തുന്നു. മാർജിനുകളിലെ എഴുത്തുകൾ വായനക്കാർ സ്ഥാപിക്കുന്ന ശിലാശാസനങ്ങളാണ്.

പുസ്തകത്താളിന്റെ പവിത്രധവളതയെ ഗ്രസിക്കുന്ന ആ രാഹുകേതുക്കൾ, മഷിക്കളങ്കങ്ങൾ ആ പുസ്തകത്തിൽ താൻ ജീവിക്കുകയും ആനന്ദിക്കുകയും സമരം ചെയ്യുകയും തർക്കിക്കുകയും അലിഞ്ഞുചേരുകയും ചെയ്യുകയായിരുന്നുവെന്ന് ഒരു വായനക്കാരനോ വായനക്കാരിയോ നടത്തുന്ന പ്രഖ്യാപനമാണ്. ഒരു അവകാശപ്രഖ്യാപനം. ഫ്രഞ്ച് നോവലിസ്റ്റും പദപ്രശ്നനിർമാതാവുമായിരുന്ന ഷോർഷെ പെരക് (Georges Perec) ഒരു ലേഖനസമാഹാരത്തിന്റെ സമർപ്പണവാക്യമായി ഇങ്ങനെ എഴുതി:

"ഞാൻ എഴുതും: എന്റെ കടലാസുതാളിൽ ഞാൻ പാർക്കും, ഞാനതിൽ നിക്ഷേപം നടത്തും, അതിലൂടെ ഞാൻ സഞ്ചരിക്കും. ഞാൻ ശൂന്യതകളെ പ്രചോദിപ്പിക്കും, ഇടങ്ങളെ (അർഥത്തിലേക്കു കുതിക്കും: ഇടർച്ചകൾ, അവസ്ഥാന്തരങ്ങൾ, സ്വരസ്ഥാനമാറ്റങ്ങൾ) ഞാൻ മാർജിനിൽ എഴുതും.'


Related Articles