ദി എംപ്യൂസിയം; പുനരാഖ്യാനങ്ങളുടെ പുനര്‍വായന

World of Letters

ദി എംപ്യൂസിയം; പുനരാഖ്യാനങ്ങളുടെ പുനര്‍വായന


‘ദി എംപ്യൂസിയം’ ഓണ്‍ലൈനില്‍ ഫ്ലിപ്കാര്‍ട്ട് തന്നെ നിര്‍ദേശിച്ചപ്പോള്‍ വില കൂടുതലെന്ന് തോന്നിയതിനാല്‍ ഉപേക്ഷിക്കാം എന്നാണ് ആദ്യം കരുതിയത്. നീലപുറംചട്ടയില്‍ സ്ഥിരം വെളുത്ത അക്ഷരങ്ങളില്‍ പ്രസാധകര്‍ എഴുതിവെച്ചിരിക്കുന്ന പേര് ഓൾഗ ടോകാർചുക്കി(Olga Tokarczuk) ന്‍റേതാണ്. പ്രസാധകര്‍ ഹിറ്റുകള്‍ മാത്രം പുറത്തിറക്കുന്ന ഫിറ്റ്സ്കരാള്‍ഡോ പബ്ലിക്കേഷന്‍സും. ‘ഫോര്‍ഗോട്ടന്‍ ലവ്’ എന്ന പോളീഷ് സിനിമ നെറ്റ്ഫ്ലിക്സില്‍ കണ്ടവര്‍ക്കറിയാം ഓള്‍ഗ എന്ന നൊബേല്‍ സമ്മാനജേതാവിന്‍റെ എഴുത്തിന്‍റെ ശക്തി. പിന്നെ രണ്ടും കല്പിച്ച് ഓഡര്‍ ചെയ്തു.

ഒറ്റവായനയില്‍ ഒരു വെല്‍നെസ് റിസോര്‍ട്ടില്‍ നടക്കുന്ന ഭീതി നിറയ്ക്കുന്ന സംഭവങ്ങള്‍ കൂട്ടിയിണക്കിയ നോവല്‍ എന്നു തോന്നുമെങ്കിലും വായിച്ചപ്പോള്‍ ഈ നോവലിനും മുന്‍പെങ്ങോ വായിച്ച മറ്റേതോ നോവലുമായി ബന്ധമുണ്ടെന്നെനിക്ക് തോന്നി. വാക്യങ്ങളിലെ ചടുലതയില്‍ പോലും ബോധപൂര്‍വ്വം നോവലിസ്റ്റ് പഴക്കം കൊണ്ടു വരാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതേതാണ് ഈ കൃതി? ക്ഷയരോഗികളുടെ കഥ പറയുന്ന ഒരു നോവല്‍? കാഫ്കയുടെ രൂപാന്തരീകരണ (മെറ്റമോര്‍ഫസിസ്)മാണോ?, അല്ല, ഷൂസെ സരമാഗുവിന്‍റെ അന്ധത (ബ്ലൈന്‍ഡ്നെസ്സ്)യാണോ? അതേതാണെന്നറിയാതെ ഞാന്‍ ‘ദി എംപ്യൂസിയം’ അറുപത്തിയെട്ടാം പേജിലെത്തിയപ്പോള്‍ അടച്ചുവെച്ചു.

രണ്ടു ദിവസം കഴിഞ്ഞ് കൊല്ലത്തുള്ള ഷെഫ് പിള്ളയുടെ ഹോട്ടലില്‍ ഫിഷ് നിര്‍വാണ കഴിക്കാന്‍ കാത്തിരിക്കുമ്പോള്‍ ഒരു സംശയം തോന്നി. അവിടെയിരുന്ന് ഗൂഗിളിലെ റിവ്യൂ തിരഞ്ഞു. ശരിയാണ്, തോമസ് മാന്‍റെ ‘മാജിക് മൗണ്ടന്‍’ എന്ന പുസ്തകം വെച്ചുള്ള പകിടകളിയാണ് ഓള്‍ഗയുടെ ലക്ഷ്യം. അതിലൂടെ തന്‍റെ വായനക്കാര്‍ക്കുള്ള സന്ദേശം നല്‍കണം. 1913 എന്ന വര്‍ഷം ഓള്‍ഗ നോവലില്‍ തിരഞ്ഞെടുത്തതിനും കാരണം മറ്റൊന്നല്ല. ഒന്നാം ലോകമഹായുദ്ധത്തിനും തൊട്ടു മുന്‍പുള്ള കാലമാണ് പറയുന്നതെങ്കിലും അതേ ചുറ്റുപാടാണ് ഓള്‍ഗ നോവലില്‍ ചിത്രീകരിക്കുന്നത്. കഥാപാത്രങ്ങളും ഏറെക്കുറെ അങ്ങനെത്തന്നെ.


Related Articles