പ്രകൃതിയും കാലവും

World of Letters

പ്രകൃതിയും കാലവും


''നിനക്ക് ഞാൻ ഉതകില്ല.'' ഏഴെട്ടു വയസ്സുള്ള മകനോട് അച്ഛൻ പറഞ്ഞു, പണ്ഡിതനും വൈദ്യനും പ്രശസ്തനുമായ അച്ഛൻ. സവർണൻ, ജാതി യോഗാംഗം. അച്ഛൻ സമ്പന്നൻകൂടിയാണെന്ന് മകൻ കരുതിയിരുന്നു. ''ഉതകില്ല'' എന്ന സങ്കടവും നിസ്സഹായതയും കലർന്ന പറച്ചിൽ അച്ഛന്റെ വിയോഗത്തിന്റെ ആമുഖമാണെന്ന് അറിഞ്ഞ മകൻ ഏകാന്തതയുടെ തടവിലായി. ഒ.എൻ.വി. യുടെ ബാല്യത്തെ വ്യക്തിപരതയുടെ വാക്കുകളിൽ ഇങ്ങനെ എഴുതാറുണ്ട്. തന്നെ താങ്ങാനും സംരക്ഷിക്കാനും ഫ്യൂഡൽകാലം ഇല്ല എന്ന തിരിച്ചറിവാണ് ചരിത്രപരമായി ആ ഏകാന്തത. കാലത്തിനുവരുന്ന പരിണാമം പലയളവുകളിൽ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നതാണ് ഒ.എൻ.വി. യുടെ സർഗ്ഗരഹസ്യവും. ഫ്യൂഡൽ സംരക്ഷണത്തിനു പകരം പ്രകൃതിയുടെ നാനാത്വത്തെയും അതിനുമപ്പുറം തന്റെ ഗ്രാമത്തിലെയും അകലെയല്ലാത്ത പട്ടണത്തിലെയും തൊഴിലാളികളുടെയും ദരിദ്രരുടെയും കൂട്ടായ്മകളെയും വിലമതിക്കാൻ അന്ന് അദ്ദേഹത്തിന് കഴിഞ്ഞു. ഏകാന്തത, മരണം തുടങ്ങിയ വിഷയങ്ങൾ ഒ.എൻ.വി.യിൽ ജീവപര്യന്തം നിലനിന്നുപോന്നു. എന്നാലവയെ താൻ ഉപാസിച്ചില്ല. പ്രകൃതിയെ വിവരിക്കുകയും ചിഹ്നങ്ങളായിക്കണ്ട് പ്രമേയവത്കരിക്കുകയും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ചിത്രങ്ങൾ സൂക്ഷ്മസ്ഥൂലതലങ്ങളിൽ കണ്ടെടുത്തുകൊണ്ടിരിക്കുകയുമാണ് കവി ചെയ്തുവന്നത്. മനുഷ്യർ മാത്രമുള്ള ഒരു കവിതയും ഒ.എൻ.വി.യുടേതായി ഉണ്ടാവാൻ ഇടയില്ല. തത്ത്വശാസ്ത്രത്തെക്കുറിച്ച് പറയുമ്പോൾ ''തത്ത്വശാസ്ത്രത്തിൻ തൈ'' എന്നു പറയുകയാണ് തന്റെ വഴക്കം.

തൊഴിലാളിത്തത്തെക്കുറിച്ച് എഴുതുമ്പോഴും ഒ.എൻ.വി.ക്ക് പ്രകൃതി ആധാരമാണ്. കാറ്റിനെ സ്വാഗതം ചെയ്യുന്ന കവി ''ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമായി. ഇതുവഴി പോരൂ'' എന്ന ഭാഷണമാണ് അതിനായി ചിട്ടപ്പെടുത്തുന്നത്. മഴയ്ക്കായുള്ള വൈദികകാലം തൊട്ടുള്ള യാഗത്തിന്റെയും പ്രാർത്ഥനയുടെയും സംസ്‌കാരത്തെ ''മാരിവില്ലിൻ തേന്മലരേ'' എന്ന നാടകപ്പാട്ട് പ്രകടനപരതയൊട്ടുമില്ലാതെ എതിരിടുന്നുണ്ട്. ഭൂമിയിലെ കടലിൽനിന്ന് വെള്ളം എടുത്ത് മുകളിലെത്തിച്ച് പിടിച്ചുവെച്ചതാണ് മഴമേഘമെന്നും മഴയുടെ ഉടമസ്ഥത കീഴെയുള്ള ഭൂമിക്കാണെന്നും പാടിക്കൊണ്ട് സാമ്പത്തിക ചൂഷണത്തിന്റെയും വിമോചനക്രിയയുടെയും ആഖ്യാനംകൊണ്ട് മഴയുടെ പ്രാകൃതികതയ്ക്ക് ചരിത്രപരത വരുത്തുന്ന പ്രവർത്തനം 'ലളിതസുന്ദരമായി' നടത്താൻ കഴിഞ്ഞതാണ് അന്നത്തെ ഒ.എൻ.വി.യുടെ വിജയം.

പാരസ്പര്യം, വിനിമയം, പ്രതികരണം, പ്രതീക്ഷ, അതിജീവനം തുടങ്ങിയ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ പാഠവത്കൃതമാണ് ഒ.എൻ.വി. യുടെ പ്രകൃതി. കേരളത്തിലെയും വിദേശനാടുകളിലെയും പൂക്കളും ചെടികളും മരങ്ങളും പക്ഷികളും നിരവധിയായി ഒ.എൻ.വി. കവിതകളിലുണ്ട്. അവ അവയായിത്തന്നെയല്ല, ഇത്തരത്തിൽ മാനവീകരിക്കപ്പെട്ടാണ് കവിതയിൽ ചൈതന്യം നേടുന്നത്. ഇങ്ങനെ കാല്പനികതയുടെ പൊതു പാരമ്പര്യത്തോട് അതു ചേർന്നുനിൽക്കുകയും പ്രകൃതിയെ ഉപകരണയുക്തികൊണ്ടു മാത്രം സ്വീകരിക്കുന്ന വികസനരീതികളോട് പ്രതിഷേധിക്കുകയും ചെയ്യുന്നു.


Related Articles