കവിയെന്നല്ല, ക്ലാസിസിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ആൻ കാർസനു സമകാലികത എന്നതു പലപ്പോഴും ബി സി അഞ്ഞൂറാം നൂറ്റാണ്ടാണ്. പ്രയാസകരമായ എഴുത്താണ് കാർസന്റേത്. ഹെമിംഗ്വേയെ വായിക്കുക, മാർക്കേസിനെ വായിക്കുക, ബോബ് ഡിലാനെ കേൾക്കുക തുടങ്ങിയ പ്രവൃത്തികൾ പോലെയല്ലത്.
നാല് ദശകത്തോളം ആൻ കാർസൻ അക്കാദമിക ജീവിതം ചെലവഴിച്ച യുഎസിലും അവർ പോപ്പുലർ ആയിരുന്നില്ല. പക്ഷേ, പൗരാണികതയിലോ കവിതയിലോ ഗദ്യത്തിലോ നല്ല താൽപര്യമുള്ളവർക്കിടയിൽ അവർക്ക് വലിയ ആദരം ലഭിച്ചിട്ടുണ്ട്. (ആദ്യകാലത്ത് പ്രസാധകരെ കിട്ടാൻ നല്ലപോലെ കഷ്ടപ്പെട്ട കാർസന്റെ നാൽപത്തിരണ്ടാം വയസ്സിലാണ് ആദ്യ കാവ്യസമാഹാരം കാനഡയിലെ ഒരു ചെറുകിട പ്രസാധകർ ഇറക്കിയത്)
ക്ലാസിക്കൽ ഗ്രീസ് ഭാഷയിൽ അഗാധമായ ജ്ഞാനമുള്ള ആൻ പൗരാണിക ഗ്രീക്ക് രചനകൾ പഠിപ്പിക്കുകയും അവയ്ക്ക് സവിശേഷമായ പുനരാഖ്യാനം നൽകുകയും ചെയ്തു. ഏസ്കിലസ് (Aeschylus), സോഫോക്ലിസ് (Sophocles), അരെസ്റ്റോഫെനീസ് (Aristophanes), യുറീപിഡീസ് (Euripides) എന്നിവരുടെ പ്രാചീന നാടകങ്ങൾക്ക് അവർ നൽകിയ പരിഭാഷകൾ അരങ്ങിൽ അവതരിപ്പിച്ചപ്പോഴെല്ലാം ഓഡിറ്റോറിയം നിറഞ്ഞ് ആളുണ്ടായിരുന്നു. പൗരാണിക ഗ്രീക്ക് കവി സാഫോയുടെ (Sapho) രചനകളിലെ അനുരാഗതലം അടിസ്ഥാനമാക്കിയ പിഎച്ച്ഡി പ്രബന്ധമാണു പിന്നീടു ഈറോസ് ദ് ബിറ്റർസ്വീറ്റ് (Eros the Bittersweet) എന്ന പേരിൽ പുസ്തകമായത്. മനുഷ്യാസ്തിത്വം സംബന്ധിച്ച പ്രാചീന ഗ്രീക്ക് ബോധവും സൗന്ദര്യസങ്കൽപങ്ങളും കാർസന്റെ ഗദ്യത്തിന് വിശേഷസ്വരൂപം നൽകിയിട്ടുണ്ട്. പൗരാണികതയുമായുള്ള സരസമായ സംഭാഷണങ്ങളിലൂടെ അവർ സമകാലിക സാഹിത്യത്തിനു നവീനവും ധീരവുമായ പുതുരൂപങ്ങൾ സൃഷ്ടിച്ചുവെന്നു നൊബേൽ സമ്മാനസമിതി നിരീക്ഷിച്ചു. ഈ നവീനതയാകട്ടെ പതിവു കാവ്യ-ഗദ്യ വിവർത്തനശീലങ്ങളെ മറികടന്നു. കവിതയെന്നോ ലേഖനമെന്നോ വിമർശനമെന്നോ കൃത്യമായി ചേരിതിരിക്കാനാവാത്ത ഭാഷാശൈലി നിർമിച്ചുവെന്നതാണ് ആൻ കാർസന്റെ നേട്ടം. അത് പ്രാചീന ഗ്രീക്ക് ഭാഷാജ്ഞാനം തുറന്നുകൊടുത്ത സൗന്ദര്യബോധവുമായി നേരിട്ടു ബന്ധപ്പെട്ടുകിടക്കുന്നു.
