ഒരേ ഭ്രാന്തുള്ള രണ്ടുപേർ ഒരു കഥയ്ക്ക് പിറകെ പോയാൽ എന്താണ് സംഭവിക്കുക? ആ ഭ്രാന്തൻ ചിന്തകളുടെ സാക്ഷാത്കാരമാണ് അന്ധകാരം : മാനവപർവ്വം. വർഷങ്ങളായി റോഷന്റെ മനസ്സിലുള്ള മൂന്ന് പാർട്ടുകളിലായി നീളുന്ന ഒരു കഥയുടെ ആശയം. അതിൽനിന്നാണ് അന്ധകാരം ജനിക്കുന്നത്. ഒരു സുപ്രഭാതത്തിൽ ഒരുമിച്ചൊരു പുസ്തകം എഴുതിയാലോയെന്ന് തീരുമാനിക്കുമ്പോൾ രണ്ടാമതൊരു കഥയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല.
‘അന്ധകാരം’ ഞങ്ങളുടെ നീണ്ട കാലത്തെ ചർച്ചകളുടെയും അന്വേഷണത്തിന്റെയും അതിരില്ലാത്ത ചിന്തകളുടെയും ഫലമാണ്. ഇന്ത്യയുടെയും ശ്രീലങ്കയുടെയും ചരിത്രവും മിത്തും കൂട്ടിയോജിപ്പിച്ച് ഒപ്പം ഞങ്ങളുടെ ഭാവനയും ചേർത്തെഴുതിയ ഒരു സാങ്കല്പികകഥ. ഒരുപക്ഷേ ഇത് വെറും സങ്കല്പങ്ങൾ മാത്രമാണെന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? നമ്മൾ ജീവിക്കുന്ന ലോകത്ത് നമ്മൾ അറിയാത്ത, ഇരുട്ടുകൊണ്ട് മറച്ച രഹസ്യങ്ങളിലേക്കുള്ള ഒരു എത്തിനോട്ടമാണിത്. ഒരുപാട് നാളത്തെ അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ചർച്ചകളുടെയും ഫലം. ഞങ്ങളുടെ എല്ലാ കാലത്തെയും സ്വപ്നം.
അറിയാത്ത ലോകത്തേക്ക് അന്ധകാരത്തിലൂടെയുള്ള യാത്രയാണിത്. യാഥാർത്ഥ്യത്തിന്റെയും അയാഥാർത്ഥ്യത്തിന്റെയും ഇടയിലെ നേർത്ത പാതയിലൂടെ ഒരിക്കലും കണ്ടെത്താൻ കഴിയാത്ത അമാനുഷിക രഹസ്യങ്ങൾ തേടിയുള്ള യാത്ര... ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുള്ള ലോകം, അവിടെ ജീവിക്കുന്ന, കാലങ്ങൾ മാറിയിട്ടും മാറാത്ത അസാധാരണരായ മനുഷ്യർ... അവർ മൂടിവെച്ച വിശ്വാസങ്ങളെന്ന് പേരിട്ട് വിളിച്ച ഗൂഢരഹസ്യങ്ങൾ...
