അതിരുകളില്ലാതെ മുഴങ്ങിയ ഉറുദു ശബ്ദം; ഓർമ്മകളിൽ ജീലാനി ബാനോ

World of Letters

അതിരുകളില്ലാതെ മുഴങ്ങിയ ഉറുദു ശബ്ദം; ഓർമ്മകളിൽ ജീലാനി ബാനോ


ഉര്‍ദു സാഹിത്യചരിത്രത്തിലെ സമാനതകളില്ലാത്ത ഒരധ്യായത്തിന് പരിസമാപ്തിയായിരിക്കുന്നു. 2026 മാര്‍ച്ച് ഒന്നിന് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ തന്റെ വസതിയില്‍ വെച്ച് ഉര്‍ദു എഴുത്തുകാരി ജീലാനി ബാനോ നമ്മെ വിട്ടുപിരിഞ്ഞു. 'അതിരുകളില്ലാത്ത ശബ്ദം' (A voice without Borders) എന്ന് ജീലാനി ബാനോയെ വിശേഷിപ്പിച്ചാല്‍പ്പോലും തെറ്റില്ല. കാരണം അവരുടെ സൃഷ്ടികളുടെ സ്വാധീനം ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളും മറികടന്ന് ലോകം മുഴുവന്‍ വ്യാപിച്ചിരുന്നു. ഡെക്കാന്‍ മണ്ണില്‍ ആഴത്തില്‍ വേരൂന്നിയ അവരുടെ കഥകള്‍ മോസ്‌കോ മുതല്‍ മാഡിസണ്‍ വരെയുള്ള വായനക്കാരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു.

ഉത്തര്‍പ്രദേശിലെ ബദായൂനില്‍ നിന്ന് ആരംഭിച്ച ജീലാനി ബാനോയുടെ ജീവിതം ഹൈദരാബാദിന്റെ സാംസ്‌കാരിക ഭൂമികയില്‍ ആഴത്തില്‍ വേരൂന്നി പടര്‍ന്നുപന്തലിച്ച ഒന്നായിരുന്നു. 1936 ജൂലൈ 14-ന് ഉത്തര്‍പ്രദേശിലെ ബദായൂനിലാണ് അവര്‍ ജനിച്ചത്. പ്രശസ്ത ഉര്‍ദു കവിയായിരുന്ന ഹെയ്‌റത്ത് ബദായൂനിയാണ് ജീലാനീ ബാനോയുടെ പിതാവ്. അക്കാലത്തെ പ്രഗത്ഭരായ സാഹിത്യകാരന്മാരുടെയും കവികളുടെയും സംഗമസ്ഥാനമായിരുന്നു അവരുടെ വീട്. ജോഷ് മലീഹാബാദി, ജിഗര്‍ മുറാദാബാദി, മഖ്ദൂം മൊഹിയുദ്ദീന്‍, സജ്ജാദ് സഹീര്‍ തുടങ്ങിയ ഇതിഹാസ തുല്യരായ എഴുത്തുകാരുടെ സന്ദര്‍ശനങ്ങള്‍ ജീലാനിയുടെ ബാല്യകാലത്തെ ബൗദ്ധികമായി സമ്പന്നമാക്കി. ഈ സാഹിത്യ സംവാദങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന അവര്‍ എട്ടാം വയസ്സില്‍ തന്നെ എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചിരുന്നു.

വിവാഹശേഷം ഹൈദരാബാദിലേക്ക് മാറിയത് ജീലാനിയുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവായി. ഒസ്മാനിയ സര്‍വ്വകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം തലവനായിരുന്ന പ്രൊഫസര്‍ അന്‍വര്‍ മൊഅസമ്മിനെയാണ് അവര്‍ വിവാഹം കഴിച്ചത്. താന്‍ എഴുത്തുകാരിയായതുകൊണ്ടാണ് അദ്ദേഹം തന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതെന്ന് ജീലാനി പില്‍ക്കാലത്ത് അനുസ്മരിച്ചിട്ടുണ്ട്.


Related Articles