കൊഴുത്ത ഇരുട്ട് തുമ്പിക്കൈനീട്ടി തൊട്ടു. ജനാല തുറന്നപ്പോൾ അഴികൾക്കിടയിലൂടെ വഴിവിളക്കിലെ വെള്ളിവെളിച്ചത്തിന്റെ കൊമ്പുകൾ മുറിക്കുള്ളിലേക്കു നീണ്ടു. കർക്കിടകമഴയിൽ കുതിർന്ന കാറ്റിന് ആനച്ചൂര്. പെയ്തുതോർന്ന മഴ മുറ്റത്തു ചാലിട്ടിരുന്നു. മഴതോർന്നിട്ടും മഴയോടു മത്സരിച്ച് മരങ്ങൾ പെയ്യുന്നു. കിഴക്കേമുറ്റത്തെ പ്ലാവിൻചോട്ടിൽ മണിക്കുട്ടനുവേണ്ടി വെട്ടിക്കൂട്ടിയ പനയോലകൾക്കിടയിൽനിന്ന് മുഴുത്തൊരു പന്നിയെലി മുറ്റംമുറിച്ചോടി. അപ്പോഴാണ് പേരമരത്തിനുകീഴിൽ തലകുനിച്ചുനില്‍ക്കുന്ന ആളെ കണ്ടത്.
‘‘ആരാ അത്?’’
ശബ്ദമുയർത്തിയപ്പോൾ ആൾ തലയുയർത്തി–നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി അയ്യപ്പൂപ്പൻ! സുര ചാടിയെഴുന്നേറ്റു. തോർത്തുകുടഞ്ഞ് ചുമലിലിട്ട് അയ്യപ്പൂപ്പൻ തലകുനിച്ചുനില്പായിരുന്നു.
സുരയുടെ തൊണ്ടക്കുഴിയിൽനിന്ന് അടക്കിപ്പിടിച്ച ഒരു തേങ്ങൽ പുറത്തേക്കുതേട്ടി. വാതിൽ തുറന്നപ്പോൾ ഇരുട്ട് കളിയാക്കിച്ചിരിച്ചു. ഇടംതിണ്ണയിലൂടെ പരക്കംപാഞ്ഞ പന്നിയെലി ആളനക്കമറിഞ്ഞ് പേരമരച്ചോട്ടിലൂടെ വീണ്ടും പനയോലക്കൂനയിലേക്കോടി. പേരമരച്ചോട് ശൂന്യമായിരുന്നു. വഴിവിളക്കിലെ വെളിച്ചത്തിന്റെ ഒരു കീറ് ചന്ദ്രക്കലപോലെ അവിടെ പതിഞ്ഞുകിടന്നു.
