അതുല്യ പ്രതിഭയായ മന്ത്രി, അനശ്വരമായ കാര്‍ട്ടൂണുകള്‍: ജഗതി ശ്രീകുമാര്‍

World of Letters

അതുല്യ പ്രതിഭയായ മന്ത്രി, അനശ്വരമായ കാര്‍ട്ടൂണുകള്‍: ജഗതി ശ്രീകുമാര്‍


(കാര്‍ട്ടൂണിസ്റ്റ് പികെ മന്ത്രിയുടെ ഓര്‍മ്മകുറിപ്പുകളും കാര്‍ട്ടൂണുകളുമടങ്ങിയ 'PKമന്ത്രി' എന്ന പുസ്തകം പ്രകാശനം ചെയ്ത പശ്ചാത്തലത്തില്‍, മന്ത്രിയുടെ 25-ാം ചരമദിനമായ 2009 ഡിസംബര്‍ ആറിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ അനുസ്മരണ സമ്മേളനത്തില്‍ ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ ലേഖന രൂപം ഡിസി ഇങ്കിലൂടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു.)

പി. കെ. മന്ത്രി എന്ന കാര്‍ട്ടൂണിസ്റ്റ് മനുഷ്യര്‍ക്കു വേണ്ടിയും മാടുകള്‍ക്ക് വേണ്ടിയും അവരുടെ വര്‍ഗ്ഗ വ്യത്യാസം നോക്കാതെ ധാരാളം കാര്‍ട്ടൂണുകള്‍ വരച്ച് ചിരിപ്പിച്ച അതുല്യ കലാകാരനാണ്. ചിരിപ്പിക്കാന്‍ എന്റെ അറിവില്‍ പല വഴിക്ക് സാധ്യമാണ്. അംഗവിക്ഷേപം കൊണ്ട്, സംസാരം കൊണ്ട്, വര കൊണ്ട്, മൗനം കൊണ്ട്... ഈ രീതികളിലൊക്കെ മനുഷ്യരെ ചിരിപ്പിക്കാം. ഇതില്‍ വര കൊണ്ട് ചിരിപ്പിക്കുക എന്നതാണ് ഏറ്റവും ദുഷ്‌കരം. ചുരുങ്ങിയ വരകളിലൂടെ, കുറച്ച് വാക്കുകളിലൂടെ ഒരു വലിയ ആശയം ഉള്‍ക്കൊള്ളിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക അല്ലെങ്കില്‍ അവരെ നര്‍മ്മത്തിലൂടെ ചിരിപ്പിക്കുകയാണ് കാര്‍ട്ടൂണിസ്റ്റുകള്‍. വരകളില്‍ ഒളിഞ്ഞിരിക്കുന്ന വളരെ ഗൗരവകരമായ വിഷയം വായനക്കാരുടെ ബോധമണ്ഡലത്തില്‍ എത്തിക്കുകയാണ് കാര്‍ട്ടൂണിസ്റ്റുകള്‍. അതുകൊണ്ട് അവര്‍ നിസാരക്കാരല്ല. പൊതുജീവിതത്തില്‍ പൊതുവേ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ശാന്തചിത്തരാണ്. സമാധാനപ്രിയരാണ്, മിത ഭാഷികളാണ്.

കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുമായിട്ടുള്ള ബന്ധത്തിന് എന്റെ പിതാവ് ജഗതി എന്‍. കെ. ആചാരിയാണ് കാരണം. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ വീട്ടില്‍ എന്റെ പിതാവിനെ കാണാന്‍ കാര്‍ട്ടൂണിസ്റ്റ് മന്ത്രി വരുമായിരുന്നു. അപ്പോള്‍ കൗമുദി ബാലകൃഷ്ണന്‍ സാര്‍, പി. സി. സുകുമാരന്‍ സാര്‍, തുടങ്ങിയ അന്നത്തെ പ്രമുഖര്‍ ഒത്തുകൂടുകയും പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും തമാശ പറഞ്ഞ് ചിരിക്കുകയും പതിവായിരുന്നു. ഇവര്‍ക്കൊക്കെ സോഡ, ദോശ, ഓംലെറ്റ് തുടങ്ങിയവ അടുക്കളയില്‍ നിന്ന് കൊണ്ടു കൊടുക്കുന്ന ബെയററായിരുന്നു ഞാന്‍. അവര്‍ എന്തിനെ കുറിച്ച് പറയുന്നു, ചിരിക്കുന്നു എന്നൊന്നും എനിക്കറിയില്ലായിരുന്നു. പില്‍ക്കാലത്ത് കോളേജ് വിദ്യാഭ്യാസം നേടിയതിനുശേഷമാണ് ഈ വന്നവരൊക്കെ നിസ്സാരക്കാരല്ല എന്ന് ഞാന്‍ തിരിച്ചറിയുന്നത്.


Related Articles