യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് മൂന്ന് ഉപായങ്ങളുണ്ട്: യാത്ര. മരണം. ഭ്രാന്ത്. ഞാന്‍ ആദ്യത്തേതാണ് തിരഞ്ഞെടുത്തത്. എന്റെ ഉള്ളില്‍ പതഞ്ഞുപൊങ്ങിക്കൊണ്ടിരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാതെവന്നപ്പോള്‍ ഞാന്‍ ജീവിതത്തില്‍നിന്നൊരു ഒളിച്ചോട്ടം നടത്തി. എന്റെ ജീവിതത്തിലെ ആദ്യത്തെ യാത്ര. 2004 ജനുവരി 21-ന് ചേന്ദമംഗല്ലൂര്‍ സ്‌കൂളിലേക്ക് പോയ ഞാനും റഫീഖും തിരിച്ചെത്തിയത് 103 ദിവസങ്ങള്‍ക്കുശേഷ?മാണ്. ആ നൂറ്റിമൂന്ന് ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചത് വിശപ്പിന്റെയും ഒറ്റപ്പെടലിന്റെയും നിരര്‍ത്ഥകതയുടെയും അദ്ധ്യായങ്ങളായിരുന്നു. തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്ര, രാജസ്ഥാന്‍, ബീഹാര്‍, പഞ്ചാബ്... ഓരോ സംസ്ഥാനങ്ങളും ഞങ്ങളെ എതിരേറ്റത് അവരുടെ വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ആരതി ഉഴിഞ്ഞായിരുന്നു.
മദ്രസയില്‍ ഉസ്താദ് പഠിപ്പിച്ച ഇസ്ലാമിനെയല്ല ഞാനവിടെ കണ്ടത്. നമ്മുടെ നാട്ടിലെ അമ്പലങ്ങളിലെ ശാന്തതയും ശുദ്ധിയും എനിക്കവിടെ കാണാന്‍ കഴിഞ്ഞില്ല. നിരാലംബരായി തെരുവുകളില്‍ പുഴുക്കളെപ്പോലെ അരിച്ചുജീവിക്കുന്ന മനുഷ്യര്‍ക്ക് മുന്നില്‍ വെച്ച സ്വര്‍ണം പൂശിയ കാണിക്കവഞ്ചികളില്‍ ഭക്തര്‍ കാണിക്കയും നേര്‍ച്ചയുമിടുമ്പോള്‍ ഞാന്‍ അതിശയിച്ചു! ദൈവത്തിന് എന്തിനാണ് ഇത്രയും കൈമടക്ക് നല്‍കുന്നത്? ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടാനായി ദൈവം നല്‍കിയ വിലവിവരപ്പട്ടികകള്‍ തൊട്ടാല്‍ പൊള്ളുന്നവയായിരുന്നു.
ദര്‍ഗകളില്‍ അന്തിയുറങ്ങുന്ന മഹത്തുക്കളുടെ കറാമത്തുകള്‍ വിളിച്ചോതി അവരുടെ ദറജ ഉയര്‍ത്താന്‍ പണിപ്പെടുന്ന ഖാദിമുകള്‍ ആര്‍ത്തിയോടെ കുപ്പായക്കീശയിലേക്ക് നോക്കി വെള്ളമിറക്കുന്നു. പൗരോഹിത്യത്തിന്റെ വെള്ളക്കുപ്പായമണിഞ്ഞ് കുരിശുമേന്തി വന്നവര്‍ രോഗശാന്തി പറഞ്ഞും അന്ത്യക്രിസ്തുവിനെ കാണിച്ചും ഭക്തരുടെ ചോരയൂറ്റുന്നു.
